ദില്ലി: ഉന്നാവ് പീഡനക്കേസ് പ്രതി കുൽദീപ് സെംഗറിനെ തീഹാർ ജയിലിലേക്ക് മാറ്റുവാൻ ദില്ലി തിസ് ഹസാരി കോടതി ഉത്തരവിട്ടു. ഉത്തർപ്രദേശിലെ സീതാപൂർ ജയിലിലാണ് നിലവിൽ കുൽദീപ് സെംഗാറിനെ പാർപ്പിച്ചിട്ടുള്ളത്. വിചാരണ തീരും വരെ എംഎൽഎയെ തീഹാർ ജയിലിലായിരിക്കും പാർപ്പിക്കുക.     

കുൽദീപ് സിംഗ് സെംഗറിന്‍റെ സഹായിയും കേസിലെ മറ്റൊരു പ്രതിയുമായ ശശി സിംഗിനെയും തീഹാർ ജയിലിലേക്ക് മാറ്റും. 2017 ജൂൺ മൂന്നാം തീയതിയാണ് കുൽദീപ് സെം​ഗാ‌ർ എംഎൽഎ പെൺകുട്ടിയെ പീഡനത്തിനിരയാക്കുന്നത്. അയൽക്കാരിയായ ശശി സിങ്ങ്  ജോലി വാങ്ങിച്ചു തരാമെന്ന് പറഞ്ഞ് ബിജെപി എംഎൽഎയായ കുൽദീപ് സെംഗാറുടെ വീട്ടിലെത്തിച്ചെന്നും ശശി സിങ് മുറിക്ക് കാവൽ നിൽക്കെ എംഎൽഎ ബലാൽസംഗം ചെയ്തെന്നുമാണ് പെൺകുട്ടിയുടെ പരാതി.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഉന്നാവ് പെൺകുട്ടിയെ വിദഗ്‍ധ ചികിത്സക്കായി ദില്ലി എയിംസിലേക്ക് മാറ്റാൻ സുപ്രീംകോടതി ഇന്ന് ഉത്തരവിട്ടിരുന്നു.