ദില്ലി: ഉന്നാവ് പെൺകുട്ടിയുടെ ആരോഗ്യ സ്ഥിതി ഇന്ന് സുപ്രീംകോടതി വിലയിരുത്തും. പെൺകുട്ടിയെ വിദഗ്‍ധ ചികിത്സക്കായി ദില്ലിയിലെ എയിംസിലേക്ക് മാറ്റേണ്ടതുണ്ടോ എന്നതിൽ കുടുംബത്തിന്റെ അഭിപ്രായവും കോടതി പരിശോധിക്കും.  പെൺകുട്ടി ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്. പെണ്‍കുട്ടിക്ക് കൂടുതല്‍ വിദഗ്‍ധ ചികിത്സ ലഭ്യമാക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക. ഇതിനിടെ കേസിലെ മുഖ്യപ്രതിയായ എംഎൽഎ കുൽദീപ് സെൻഗാറിനെ സിബിഐ ഇന്നലെ രാത്രി ദില്ലിയിലെത്തിച്ചു. ഇന്ന് തീസ്ഹസാരി കോടതിയിൽ ഹാജരാക്കും. കുൽദീപ് സെൻഗാറിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് സിബിഐ നീക്കം. ഉന്നാവുമായി ബന്ധപ്പെട്ട കേസുകളെല്ലാം ദില്ലിയിലേക്ക് മാറ്റാൻ നേരത്തേ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. 

പെൺകുട്ടി സഞ്ചരിച്ച കാറിൽ ട്രക്കിടിച്ചതുമായി ബന്ധപ്പെട്ട് ബിജെപി എംഎൽഎ കുൽദീപ് സെംഗാറിന്‍റെ വീട്ടിലടക്കം വിവിധയിടങ്ങളിൽ ഞായറാഴ്ച സിബിഐ റെയ്‍‍ഡ് നടത്തിയിരുന്നു. പെൺകുട്ടിയുടെ കാറിൽ വന്നിടിച്ച ട്രക്കിന്‍റെ ഉടമയെയും സിബിഐ മണിക്കൂറുകളോളം ചോദ്യം ചെയ്തു. ബിജെപി എംഎൽഎ കുൽദീപ് സെംഗാർ ബലാത്സംഗം ചെയ്തെന്ന് പരാതി നൽകിയ പെൺകുട്ടിയും അഭിഭാഷകനും രണ്ട് ബന്ധുക്കളും സഞ്ചരിച്ച കാർ ജൂലൈ 30-നാണ് അപകടത്തിൽ പെടുന്നത്. 

കേസുമായി ബന്ധപ്പെട്ട് ബിജെപി എംഎൽഎ കുൽദീപ് സെംഗാറിന് പുറമേ സഹോദരൻ മനോജ് സെംഗാറിനെയും അടക്കം പത്ത് പേരെ ഇതുമായി ബന്ധപ്പെട്ട കേസിൽ പ്രതികളാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സെംഗാർ തടവിൽ കഴിയുന്ന സീതാപൂർ ജയിലിലെത്തി, സിബിഐ സംഘം ചോദ്യം ചെയ്തിരുന്നു. 

അപകടത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് സെംഗാർ ആരോപിച്ചത്. പെൺകുട്ടിയുടെ അമ്മാവൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. അപകടമുണ്ടാക്കിയ ട്രക്ക് ഉടമ സെംഗാറിന്‍റെ കൂട്ടാളിയാണെന്നാണ് പെൺകുട്ടിയുടെ അമ്മാവൻ നൽകിയ മൊഴി.