Asianet News MalayalamAsianet News Malayalam

കടുത്ത പനി ന്യുമോണിയ ആയി; ഉന്നാവ് പെണ്‍കുട്ടിയുടെ നില ഗുരുതരം

വ്യാഴാഴ്ച മുതല്‍ പെണ്‍കുട്ടിക്ക് പനി അനുഭവപ്പെട്ടിരുന്നു. ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് കടുത്ത പനി ഉണ്ടായത്. 

unnao girl suffering  pneumonia
Author
Delhi, First Published Aug 3, 2019, 4:58 PM IST

ദില്ലി: വാഹനാപകടത്തില്‍ പരുക്കേറ്റ് ലഖ്നൗവിലെ കിംഗ് ജോര്‍ജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഉന്നാവ് പെണ്‍കുട്ടിക്ക് ന്യുമോണിയ ബാധിച്ചെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ ആരോഗ്യനില  ഗുരുതരമായി തുടരുകയാണ്. 

വ്യാഴാഴ്ച മുതല്‍ പെണ്‍കുട്ടിക്ക് പനി അനുഭവപ്പെട്ടിരുന്നു. തുടര്‍പരിശോധനയിലാണ് ന്യുമോണിയ ബാധയുള്ളതായി കണ്ടെത്തിയത്. ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് കടുത്ത പനി ഉണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിക്ക് ന്യുമോണിയ കൂടി ബാധിച്ചതോടെ ഡോക്ടര്‍മാര്‍ ആശങ്കയിലാണ്. 

പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടായത് ആശാവഹമാണെന്ന് ഇന്നലെ ഡോക്ടര്‍മാര്‍ പ്രതികരിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ചികിത്സക്കായി തല്‍ക്കാലം ദില്ലിയിലേക്ക് പെണ്‍കുട്ടിയെ മാറ്റേണ്ടെന്ന് ആശുപത്രി അധികൃതര്‍ തീരുമാനിച്ചത്. കുടുംബാംഗങ്ങളും സമാന നിലപാട് സ്വീകരിക്കുകയായിരുന്നു. മികച്ച ചികിത്സയാണ് പെൺകുട്ടിക്ക് കിട്ടുന്നതെന്നും തൽക്കാലം ദില്ലിയിലേക്ക് മാറ്റേണ്ടതില്ലെന്നും കുടുംബാംഗങ്ങൾ കോടതിയെയും അറിയിച്ചു. ഇതനുസരിച്ചാണ് പെൺകുട്ടിയെ ഉടൻ ദില്ലിയിലേക്ക് എയർലിഫ്റ്റ് ചെയ്യണമെന്ന ഉത്തരവ് തൽക്കാലം സുപ്രീംകോടതി മരവിപ്പിച്ചത്. 

അതേസമയം, ഉന്നാവ് പെൺകുട്ടിയും കുടുംബവും  സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ സിബിഐ ഇന്ന് കുൽദീപ് സെംഗർ എം എൽ എ യെ ചോദ്യം ചെയ്തു. സീതാപൂർ ജയിലിലെത്തിയാണ് സിബിഐ സംഘം എംഎല്‍യെ ചോദ്യം ചെയ്തത്. വാഹനാപകടത്തിനു പിന്നില്‍ കുല്‍ദീപ് സിംഗ് സെംഗാര്‍ ആണെന്നാണ് ആരോപണം. ഉന്നാവ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായ കേസിലാണ് സെംഗാര്‍ ജയിലിലായത്.

എം എൽ എ യെ ചോദ്യം ചെയ്ത ശേഷം കൃഷി സഹമന്ത്രിയുടെ മരുമകൻ ട്രക്ക് ഉടമ അരുൺ സിംഗിനേയും ചോദ്യം ചെയ്യും. ട്രക്ക് ഡ്രൈവറേയും, ക്ലീനറേയും ഒരാഴ്ച കസ്റ്റഡിയിൽ വേണമെന്ന് സിബിഐ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ജയിലിൽ കഴിയുന്ന പെൺകുട്ടിയുടെ അമ്മാവന്‍റെയും മൊഴിയെടുക്കും. റായ്ബറേലി ജയിലിൽ നിന്ന് കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ ദില്ലിയിലേക്ക് മാറ്റിയിരുന്നു. റായ്‍ബറേലിയിലെ ജയിലിലെത്തി അമ്മാവനെ സന്ദര്‍ശിച്ച്  മടങ്ങി വരുമ്പോഴാണ് പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച കാറിൽ ട്രക്ക് വന്നിടിച്ചത്. 


 

Follow Us:
Download App:
  • android
  • ios