Asianet News MalayalamAsianet News Malayalam

ഉന്നാവ് ബലാത്സംഗ കേസിലെ വിധികേട്ട് കോടതി മുറിയിൽ പൊട്ടിക്കരഞ്ഞ് കുൽദീപ് സെംഗാർ

കുറ്റകരമായ ഗൂഢാലോചന (120 ബി), തട്ടിക്കൊണ്ടുപോകൽ (363), (366) തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാൻ സമ്മർദ്ദം ചെലുത്തൽ, ബലാത്സംഗം, പോക്സോ എന്നി വകുപ്പുകളനുസരിച്ചാണ് കുറ്റപത്രം. കുറ്റക്കാരൻ തന്നെ എന്ന വിധി കേട്ട് കോടതി മുറിയിൽ പൊട്ടിക്കരഞ്ഞ് കുൽദീപ് സെംഗാർ. 

unnao rape Kuldeep case Sengar broke down in Court after the verdict
Author
Delhi, First Published Dec 16, 2019, 4:16 PM IST

ദില്ലി: ഉന്നാവിൽ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്ന കേസിൽ മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെംഗാർ കുറ്റക്കാരൻ തന്നെ എന്ന് കോടതി. തീസ്ഹസാരിയിലെ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷ പത്തൊമ്പതിന് പ്രഖ്യാപിക്കും. കുറ്റകരമായ ഗൂഢാലോചന (120 ബി), തട്ടിക്കൊണ്ടുപോകൽ (363), (366) തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാൻ സമ്മർദ്ദം ചെലുത്തൽ, ബലാത്സംഗം, പോക്സോ എന്നി വകുപ്പുകളനുസരിച്ചാണ് കുറ്റപത്രം. കുറ്റക്കാരൻ തന്നെ എന്ന വിധി കേട്ട് കോടതി മുറിയിൽ കുൽദീപ് സെംഗാർ പൊട്ടിക്കരഞ്ഞു.

ക്രിമിനൽ കേസിൽ കുറ്റക്കാരനെന്ന വിധി വന്നോതെടെ എംഎൽഎ സ്ഥാനവും കുൽദീപ് സെംഗാറിന് നഷ്ടമായി. കുറ്റപത്രം വൈകിയതിൽ കടുത്ത വിമര്‍ശമാണ് സിബിഐക്കെതിരെ കോടതി നടക്കിയത്. എന്നാൽ കൂട്ടുപത്രി ശശി സിംഗിനെ സംശയത്തിന്‍റെ ആനുകൂല്യം നൽകി കോടതി വെറുതെ വിടുകയും ചെയ്തു. 

2017-ൽ എംഎൽഎയായിരിക്കെ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കുൽദീപ് സെംഗാർ വിളിച്ച് വരുത്തി തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കി എന്നതാണ് കേസ്. 

കേസിന്‍റെ നാൾ വഴിയിലേക്ക്

2018ഏപ്രിൽ 03ന് അമ്മയുടെ ഹർജി കോടതി പരിഗണിച്ച ദിവസം, കുടുംബത്തോടൊപ്പം കോടതിയിലേക്ക് വരുകയായിരുന്ന പെൺകുട്ടിയുടെ അച്ഛനെ എംഎൽഎയുടെ സഹോദരൻ അതുൽ സിങും കൂട്ടാളികളും മർദ്ദിച്ചവശനാക്കി പൊലീസിനു കൈമാറി. അനധികൃതമായി ആയുധം കൈവെച്ചെന്ന് കേസ് ചാർജ്ജ് ചെയ്ത് പൊലീസ് അച്ഛനെ അറസ്റ്റു ചെയ്തു. ഏപ്രിൽ 05 ന് മെഡിക്കൽ പരിശോധനയ്ക്ക് ശേഷം പെൺകുട്ടിയുടെ അച്ഛനെ ജയിലിലാക്കി. എംഎൽഎയുടെ സഹോദരനും ഗുണ്ടകളും തന്നെ മർദ്ദിച്ചെന്നും എംഎൽഎയുടെ നിർദ്ദേശപ്രകാരം പൊലീസ് തന്നെ കള്ളക്കേസിൽ കുടുക്കുകയായിരുന്നെന്നും പെൺകുട്ടിയുടെ അച്ഛൻ ആരോപിച്ചു. ഏപ്രിൽ 08 ന് ലഖ്നൗവിൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കു മുന്നിൽ പെൺകുട്ടി ആത്മഹത്യാ ശ്രമം നടത്തി. ഇതോടെയാണ് കേസ് ദേശീയ ശ്രദ്ധയാകർഷിക്കുന്നത്

ഏപ്രിൽ 09ന് പൊലീസ് തടവിലിരിക്കെ പെൺകുട്ടിയുടെ അച്ഛൻ ആശുപത്രിയിൽ മരിച്ചു. സംഭവത്തിൽ എസ്ഐ ഉൾപ്പെടെ 6 പൊലീസുകാരെ സസ്പെൻഡു ചെയ്തു. പെൺകുട്ടിയുടെ അച്ഛനെ ആക്രമിച്ച കുറ്റത്തിന് എംഎൽഎ കുൽദീപ് സെംഗാറുടെ 4 കൂട്ടാളികളെ പൊലീസ് അറസ്റ്റു ചെയ്തു. സംഭവം അന്വേഷിക്കാൻ ഉന്നതതല പൊലീസ് സംഘത്തേയും രൂപീകരിച്ചു. പെൺകുട്ടിയുടെ അച്ഛന്റെ ശരീരത്തിൽ 14 മുറിവുകളെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. എംഎൽഎയുടെ സഹോദരൻ അതുൽ സിങിനെ പൊലീസ് അറസ്റ്റു ചെയ്തു.

2018 ഏപ്രിൽ 11നാണ് കേസ് സിബിഐക്ക് കൈമാറാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടത്.  കേസ് ഏറ്റെടുത്ത സിബിഐ രണ്ട് ദിവസത്തിനകം എംഎൽഎ കുൽദീപ് സെംഗാറിനെ അറസ്റ്റു ചെയ്തു. തൊട്ട് പിന്നാലെ പെൺകുട്ടിയെ എംഎൽഎയുടെ വീട്ടിലെത്തിച്ച, ബലാൽസംഗത്തിന് കൂട്ടു നിന്ന അയൽക്കാരി ശശി സിങും അറസ്റ്റിലായി. പെൺകുട്ടിയുടെ പിതാവിനെ എംഎൽഎയുടെ ആൾക്കാർ കെട്ടിയിട്ട് മർദ്ദിച്ചതിന് സാക്ഷിയായ യൂനുസ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത് ഏപ്രിൽ 18 നാണ്. പോസ്റ്റ്മോർട്ടം നടത്താതെ ധൃതിയിൽ ശവസംസ്കാരം നടത്തിയതും വിവാദമായി. 

എംഎൽഎ സെംഗാറിനെതിരായ ബലാത്സംഗക്കുറ്റം സിബിഐ  അന്വേഷണത്തിൽ തെളിഞ്ഞെന്നുള്ള മാധ്യമ വാര്‍ത്ത നിഷേധിച്ചുകൊണ്ട് സിബിഐ പത്രക്കുറിപ്പിറക്കിയതും പെൺകുട്ടിയുടെ അച്ഛന്‍റെ കൊലപാതക കേസിൽ, എംഎൽഎയുടെ സഹോദരൻ അതുൽ സിങ് ഉൾപ്പെടെ 5 പേരെ സിബിഐ പ്രതി ചേർത്തതും ഇതിനിടെയാണ്. എംഎൽഎ കുൽദീപ് സിങ് സെംഗാറിൽ നിന്ന് തന്‍റെ ജീവന് ഭീഷണിയുണ്ടെന്നും, ജൂലൈ 7ന് എംഎൽഎയുടെ സഹോദരൻ മനോജ് സിങും സംഘവും ഭീഷണിപ്പെടുത്തിയ മൊബൈൽ ഫോൺ ദൃശ്യങ്ങളും ചേർത്ത് ജൂലൈ 12 ന് പെൺകുട്ടി   സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു

12 വയസ്സിൽ താഴെമാത്രം പ്രായമുള്ള പെൺകുട്ടികളെ ബലാൽസംഗം ചെയ്യുന്നവർക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബിൽ ലോക്സഭ പാസ്സാക്കിയതോടെ, ബലാൽസംഗ സമയത്ത് മൈനർ ആയിരുന്നു എന്ന് തെളിയിക്കാൻ വ്യാജ രേഖ ചമച്ചു എന്ന കേസിൽ 2018 ഡിസംബർ 27ന് പൊലീസ് പെൺകുട്ടിയുടെയും അമ്മയുടെയും അമ്മാവന്‍റെയും പേരിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. പരാതി കൊടുത്തത് കുറ്റപത്രത്തിലെ പ്രതികളിലൊരാളായ ശശി സിങിന്റെ ഭർത്താവായിരുന്നു. 

ജൂൺ 05, 2019 -  ഉന്നായിൽ നിന്നും 4.05 ലക്ഷം വോട്ടിന് വിജയിച്ച ബിജെപി എംപി സാക്ഷി മഹാരാജ് സീതാപൂർ ജില്ലാ ജയിൽ സന്ദർശിച്ച് കുൽദീപ് സെഗാർ എംഎൽഎയുമായി കൂടിക്കാഴ്ച നടത്തി. തിരഞ്ഞെടുപ്പ് വിജയത്തിന് നന്ദി പറഞ്ഞെന്നാണ് പിന്നീട് മാധ്യമങ്ങളോട് വിശദീകരിച്ചത്. 

എംഎൽഎയുടെ സഹോദരൻ അതുൽ സിങ് കൊടുത്ത പരാതിയിൻമേൽ പെൺകുട്ടിയുടെ അമ്മാവന് 10 വർഷത്തെ തടവു ശിക്ഷ വിധിക്കുന്നത് 2019 ജൂലൈ നാലിനാണ്. 

2019 ജൂലൈ 28-ന്  ജയിലിൽ കഴിയുന്ന അമ്മാവനെ കാണാൻ പോകാൻ പെൺകുട്ടിയും കുടുംബവും അഭിഭാഷകനും സഞ്ചരിച്ചിരുന്ന വാഹനത്തിൽ അമിത വേഗത്തിൽ വന്ന ട്രക്ക് ഇടിച്ചു. അപകടത്തിൽ പെൺകുട്ടിയുടെ മാതൃസഹോദരിയും പിതൃസഹോദരിയും മരിച്ചു, മറ്റ് 2 പേർക്കും മാരകമായി പരിക്കേറ്റു, പെൺകുട്ടി അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. പെൺകുട്ടിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ അപകട സമയത്ത് വാഹനത്തിൽ  ഉണ്ടായിരുന്നില്ല. 

അപകട കേസ് അന്വേഷണവും സിബിഐക്ക് വിടുമെന്ന് ലഖ്നൗ എഡിജിപി അറിയിച്ചു. ട്രക്ക് പൊലീസ് കണ്ടെത്തി, ഡ്രൈവറെയും അറസ്റ്റു ചെയ്തു. അപകടത്തിനു പിന്നിൽ ഗൂഡാലോചനയെന്ന് പെൺകുട്ടിയുടെ അമ്മ ആരോപിച്ചു. പെൺകുട്ടി അതീവ ഗുരുതരാവസ്ഥയിലെന്നും, അടിയന്തിരമായി ദില്ലിയിലേക്ക് വിദഗ്ധ ചികിൽസയ്ക്കായി എയർ ലിഫ്റ്റ് ചെയ്യണമെന്നും, പെൺകുട്ടിയെ സന്ദർശിച്ച ശേഷം ദില്ലി വനിത കമ്മീഷൻ അധ്യക്ഷ പറഞ്ഞു. 

പെൺകുട്ടി അയച്ച് കത്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് ലഭിക്കുന്നത് 2019 ജൂലൈ 29നാണ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് അതിജീവിച്ച പെൺകുട്ടി എഴുതിയ കത്ത് പ്രകാരമാണ് കേസുകളുടെ വിചാരണ ദില്ലിയിലേക്ക് മാറ്റിയത്. വിചാരണ പൂർണമായും ചിത്രീകരിച്ചിട്ടുണ്ട്. 13 പ്രോസിക്യൂഷൻ സാക്ഷികളെയും 9 പ്രതിഭാഗം സാക്ഷികളെയും കോടതി വിസ്തരിച്ചു. പെൺകുട്ടിയും അമ്മയും അമ്മാവനും തന്നെയാണ് കേസിലെ പ്രധാന സാക്ഷികൾ. 

ഇപ്പോൾ പെൺകുട്ടിയുടെ കുടുംബത്തിന് സിആർപിഎഫ് സുരക്ഷ നൽകിയിട്ടുണ്ട്. ദില്ലിയിൽത്തന്നെ ദില്ലി വനിതാ കമ്മീഷന്‍റെ സംരക്ഷണയിൽ വാടകയ്ക്ക് എടുത്ത കെട്ടിടത്തിലാണ് അതിജീവിച്ച പെൺകുട്ടിയും കുടുംബവും ഇപ്പോൾ കഴിയുന്നത്.  

Follow Us:
Download App:
  • android
  • ios