ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവിൽ ബലാത്സംഗത്തിന് ഇരയായ യുവതിയെ തീകൊളുത്തി കൊന്ന കേസിൽ രാജ്യമൊട്ടാകെ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ച് പ്രതികൾക്കും വധശിക്ഷ നൽകണമെന്ന ആവശ്യമാണ് യുവതിയുടെ കുടുംബം ഉന്നയിച്ചിരിക്കുന്നത്. അതേസമയം കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും വ്യക്തമാക്കി.

"എന്റെ സഹോദരി ഇപ്പോൾ ഞങ്ങൾക്ക് ഒപ്പമില്ല. എന്റെ ഒരേയൊരു ആവശ്യം ആ അഞ്ച് പ്രതികൾക്കും വധശിക്ഷ നൽകണം എന്ന് മാത്രമാണ്," കൊല്ലപ്പെട്ട യുവതിയുടെ സഹോദരൻ ദില്ലിയിൽ മാധ്യമപ്രവ‍ര്‍ത്തകരോട് പറഞ്ഞു. "എന്റെ സഹോദരി ഇല്ലാതായത് പോലെ തന്നെ കുറ്റക്കാരായവരും ഇല്ലാതാകണം. അതാണ് യോഗി സര്‍ക്കാരിനോടും മോദി സര്‍ക്കാരിനോടും ഞങ്ങള്‍ക്ക് ആവശ്യപ്പെടാനുള്ളത്. അതിന് എന്ത് മാര്‍ഗ്ഗം സ്വീകരിച്ചാലും പ്രശ്നമില്ല. മരിക്കുന്നതിന് മുൻപ് എന്റെ സഹോദരിയുടെ ആവശ്യവും പ്രതികളെ തൂക്കിലേറ്റണം എന്നതായിരുന്നു," അദ്ദേഹം പറഞ്ഞു.

പൊലീസിനെതിരെ രൂക്ഷ വിമര്‍ശനമാണ് യുവതിയുടെ അച്ഛൻ ഉന്നയിച്ചത്.  "കുറ്റക്കാരെ എത്രയും വേഗം തൂക്കിക്കൊല്ലണമെന്നാണ് ഞങ്ങളുടെ ആവശ്യം. കേസ് വലിച്ചുനീട്ടിക്കൊണ്ടുപോകരുത്. പൊലീസ് ഞങ്ങൾക്ക് യാതൊരു സഹായവും നൽകിയില്ല. സഹായിച്ചിരുന്നുവെങ്കിൽ എന്റെ മകൾ ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നു," എന്ന് യുവതിയുടെ അച്ഛനും പ്രതികരിച്ചു.

അതേസമയം ഉന്നാവിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഈ കേസ് അതിവേഗ കോടതിയിലേക്ക് മാറ്റുമെന്ന് പറഞ്ഞു. 

പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം യുവതിയുടെ മൃതദേഹം ഉച്ചയോടെ ഉന്നാവിലെത്തിക്കും. മൃതദേഹം എയര്‍ലിഫ്റ്റ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഉന്നാവിലേക്ക് തിരിച്ചു.

ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശർമയും സിപിഎം പൊളിറ്റ് ബ്യുറോ അംഗം ബൃന്ദ കാരാട്ടും ദില്ലി സഫ്ദർജംഗ് ആശുപത്രിയിൽ എത്തി. ഉന്നാവ് പെൺകുട്ടിയെ കൊന്നത് ഉത്തര്‍പ്രദേശ് സര്‍ക്കാരാണെന്ന് ബൃന്ദ കാരാട്ട് കുറ്റപ്പെടുത്തി. ഇരയായ പെണ്കുട്ടിയെ സംരക്ഷിക്കാൻ സർക്കാറിനായില്ലെന്നും കൂട്ടബലാത്സംഗ കേസ് പ്രതികൾ ജയിലിന് പുറത്തെത്തിയത് സർക്കാരിന്റെ ഒത്താശയോടെയാണെന്നും അവര്‍ ആരോപിച്ചു.

കേസിലെ പ്രതികളെ ഒരു മാസത്തിനുള്ളിൽ തൂക്കിക്കൊല്ലണമെന്ന് ദില്ലി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാൾ ആവശ്യപ്പെട്ടു. കേന്ദ്രസ‍ര്‍ക്കാരിനോടും ഉത്തര്‍പ്രദേശ് സര്‍ക്കാരിനോടുമാണ് അവര്‍ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

അതേസമയം രാജ്യമൊട്ടാകെയുള്ള രാഷ്ട്രീയ നേതാക്കളും സാമൂഹ്യപ്രവര്‍ത്തകരും ഉന്നാവ് യുവതിയുടെ മരണത്തിൽ കടുത്ത ദു:ഖവും പ്രതിഷേധവും രേഖപ്പെടുത്തി. കഴിഞ്ഞ 11 മാസത്തിനിടെ സംസ്ഥാനത്ത് 86 ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെന്ന കണക്കും ഇതിനിടെ പുറത്തുവന്നു.

ഉന്നാവിലെ യുവതി മരിച്ച ശേഷവും കൂട്ടബലാത്സംഗ കേസ് റിപ്പോര്‍ട്ട് ചെയ്തു. ബുലന്ദ്ഷെഹറിൽ 14കാരിയായ പെൺകുട്ടിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. പീഡനത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് അക്രമികള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ നാല് പേരെ പൊലീസ് പിടികൂടി. ഇവരിൽ മൂന്ന് പേര്‍ക്കും പ്രായപൂര്‍ത്തിയായിട്ടില്ല. ഡിസംബര്‍ മൂന്നിനാണ് കൂട്ടബലാത്സംഗം നടന്നത്.

ഇന്ന് രാവിലെ ഉന്നാവില്‍ മൂന്ന് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പൊലീസ് പിടികൂടിയിരുന്നു. കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ ചുട്ടെരിച്ച് കൊന്ന വാര്‍ത്തയുടെ നടുക്കം വിട്ടുമാറും മുൻപാണ് ഈ രണ്ട് സംഭവങ്ങളുമെന്നത് രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കി. ഈ സംഭവങ്ങൾക്ക് പുറമെ ബിഹാറിൽ അഞ്ച് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന വാര്‍ത്തയും ഇന്ന് പുറത്തുവന്നു. സംഭവത്തിൽ ടെംപോ ഡ്രൈവറായ ഒരാളെ അറസ്റ്റ് ചെയ്തു. ഇയാള്‍ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. അതേസമയം ഇത്തരം വാര്‍ത്തകളെ രാഷ്ട്രീയവത്കരിക്കരുതെന്ന ആവശ്യവുമായി ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീൽ കുമാര്‍ മോദി രംഗത്തെത്തി.

ഇതിനിടെ ദില്ലിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിൽ ഉന്നാവിൽ കൊല്ലപ്പെട്ട യുവതിയുടെ പോസ്റ്റ്മോര്‍ട്ടം പരിശോധന തുടങ്ങി. ഉത്തര്‍പ്രദേശിൽ നിന്നുള്ള വിദഗ്ദ്ധ ഡോക്ടറടക്കം മൂന്ന് പേരാണ് പോസ്റ്റ്മോര്‍ട്ടത്തിൽ പരിശോധന നടത്തിയത്. ബലാത്സംഗ കേസിന്‍റെ വിചാരണക്കായി കോടതിയിലേക്ക് പോകവേയാണ് വ്യാഴാഴ്ച, 23കാരിയായ യുവതിയെ പ്രതികള്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. ദില്ലി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് ഇവര്‍ മരണത്തിന് കീഴടങ്ങിയത്. 

യുവതിക്ക് 11.10ന് ഹൃദയാഘാതമുണ്ടായതായും 11.40ന് മരിക്കുകയും ചെയ്തെന്ന് ഡോ. ശലഭ് കുമാര്‍ പറഞ്ഞു. 90ശതമാനം പൊള്ളലേറ്റ യുവതി ജീവിതത്തിലേക്ക് മടങ്ങി വരാനുള്ള സാധ്യത വിരളമാണെന്ന് മെഡിക്കൽ ബോർഡ്‌ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. തീ കൊളുത്തുന്നതിന് മുമ്പ് തന്നെ മര്‍ദിച്ചെന്നും കത്തികൊണ്ട് ആക്രമിച്ചെന്നും യുവതി പൊലീസിനും മൊഴി നല്‍കിയതായാണ് വിവരം. 

ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആദ്യം ഉന്നാവ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീടിവരെ ലഖ്നൗവിലെ സിവിൽ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നിന്നാണ് ദില്ലിയിലെ സഫ്ദ‍ര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയത്. ബേൺ ആൻഡ്‌ പ്ലാസ്റ്റിക്‌ സർജറി ബ്ലോക്കിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു യുവതി.

ഡോ ശലഭ് കുമാറിന്റെ നേതൃത്വത്തിൽ ഏഴംഗ മെഡിക്കൽ ബോര്‍ഡാണ് യുവതിയെ പരിശോധിച്ചത്. കേസിൽ അഞ്ച് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശിവം ത്രിവേദി, ശുഭം ത്രിവേദി, ഹരിശങ്കര്‍, ഉമേഷ്, റാം കിഷോര്‍ എന്നിവരാണ് പ്രതികൾ. ശിവം ത്രിവേദിയും ശുഭം ത്രിവേദിയും യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലും പ്രതികളാണ്.

കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് യുവതി പീഡിപ്പിക്കപ്പെട്ടത്. അച്ഛന്റെ വീട്ടിലെത്തിയ യുവതിയെ പ്രതികൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കേസിൽ റായ് ബറേലി കോടതിയിൽ വിചാരണയ്ക്കായി പോകുമ്പോഴാണ് യുവതി വീണ്ടും ആക്രമിക്കപ്പെട്ടത്. കേസിൽ നിന്ന് പിന്മാറാനുള്ള പ്രതികളുടെ ഭീഷണി വകവയ്ക്കാതിരുന്നതാണ് കൊലപാതകത്തിന് കാരണം. യുവതിയെ ഉന്നാവ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ആളൊഴിഞ്ഞ പാടത്തേക്ക് പിടിച്ചു കൊണ്ടുപോയി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. പ്രാണരക്ഷാര്‍ത്ഥം യുവതി ഒരു കിലോമീറ്ററോളം ഓടിയെന്നാണ് പിന്നീട് പുറത്തുവന്ന റിപ്പോര്‍ട്ടുകൾ.