Asianet News MalayalamAsianet News Malayalam

ഉന്നാവ് പെൺകുട്ടിയെ ദില്ലിയിലേക്ക് മാറ്റില്ല, ലഖ്‍നൗവിൽ മികച്ച ചികിത്സ നൽകണമെന്ന് സുപ്രീംകോടതി

ഉത്തർപ്രദേശിലെ ജയിലിലുള്ള പെൺകുട്ടിയുടെ അമ്മാവനെ തിഹാർ ജയിലിലേക്ക് മാറ്റാനും സുപ്രീംകോടതി ഉത്തരവിട്ടു. ഇദ്ദേഹത്തെ കണ്ട് മടങ്ങി വരുമ്പോഴാണ് പെൺകുട്ടിയുടെ കാറിൽ ട്രക്ക് വന്നിടിച്ചത്. 

unnao rape survivor will not be shifted to delhi orders supreme court
Author
New Delhi, First Published Aug 2, 2019, 12:13 PM IST

ദില്ലി: ലഖ്‍നൗവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഉന്നാവ് പെൺകുട്ടിയെ തൽക്കാലം ദില്ലിയിലേക്ക് മാറ്റേണ്ടതില്ലെന്ന് സുപ്രീംകോടതി. ഡോക്ടർമാരുടെ അനുമതിയോടെ പെൺകുട്ടിയെ ഉടൻ ദില്ലിയിലെ ആശുപത്രിയിലേക്ക് വിദഗ്‍ധ ചികിത്സയ്ക്കായി എയർലിഫ്റ്റ് ചെയ്യണമെന്ന ഉത്തരവ് സുപ്രീംകോടതി തൽക്കാലം മരവിപ്പിച്ചു. പെൺകുട്ടിയുടെ കുടുംബത്തിന് ലഖ്‍നൗവിലെ ആശുപത്രിയിൽ ചികിത്സ തുടരുന്നതാണ് താത്പര്യമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

അതേസമയം, യുപി റായ്‍ബറേലിയിലെ ജയിലിൽ കഴിയുന്ന പെൺകുട്ടിയുടെ അമ്മാവനെ തിഹാർ ജയിലിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഇദ്ദേഹത്തെ കണ്ട് മടങ്ങി വരുമ്പോഴാണ് പെൺകുട്ടിയുടെ കാറിൽ ട്രക്ക് വന്നിടിച്ചത്. അപകടത്തിൽ പെൺകുട്ടിയുടെ അമ്മായി അടക്കം രണ്ട് ബന്ധുക്കൾ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നിൽ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെംഗാറും കൂട്ടാളികളുമാണെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കുൽദീപ് സിംഗ് സെംഗാറിനും പത്ത് പേർക്കുമെതിരെ കേസും റജിസ്റ്റർ ചെയ്തിരുന്നു. പെൺകുട്ടിയെ നിരീക്ഷിക്കാനും, എങ്ങോട്ടെല്ലാം സഞ്ചരിക്കുന്നു എന്നറിയാനും സെംഗാർ സിസിടിവി സ്ഥാപിച്ചിരുന്നുവെന്നും, സുരക്ഷാ ഉദ്യോഗസ്ഥരെത്തന്നെ സ്വാധീനിക്കുകയും ചെയ്തിരുന്നു എന്നും തെളിവുകളും ലഭിച്ചിരുന്നു.

കേസിൽ ഇന്ന് നടന്ന വാദങ്ങൾ

നിലവിൽ ലഖ്‍നൗവിലെ കിംഗ് ജോർജ് ആശുപത്രിയിലാണ് പെൺകുട്ടി ചികിത്സയിൽ കഴിയുന്നത്. പെൺകുട്ടി നിലവിൽ ഗുരുതരാവസ്ഥയിലാണ്. ഇന്നലെ അൽപസമയം വെന്‍റിലേറ്ററിൽ നിന്ന് മാറ്റി നോക്കിയെങ്കിലും വീണ്ടും പുനഃസ്ഥാപിച്ചു. ഈ നിലയിൽ പെൺകുട്ടിയെ ദില്ലിയിലെ ആശുപത്രിയിലേക്ക് മാറ്റേണ്ടതില്ലെന്നാണ് കോടതിയിൽ കുടുംബം അറിയിച്ചത്. 

ഇതിലെന്തെങ്കിലും മാറ്റം വേണമെങ്കിൽ തിങ്കളാഴ്ച പെൺകുട്ടിയുടെ കുടുംബത്തിന് സുപ്രീംകോടതിയെ അറിയിക്കാം. അതനുസരിച്ച് മാറ്റം വരുത്തി നൽകാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. 

ഇന്നലെ സുപ്രീംകോടതി ഇറക്കിയ ഉത്തരവ് അനുസരിച്ച് 25 ലക്ഷം രൂപ കുടുംബത്തിന് കൈമാറിയെന്ന് യുപി സർക്കാർ അറിയിച്ചു. പെൺകുട്ടിയുടെ അമ്മയുടെ അക്കൗണ്ടിലാണ് തുക നിക്ഷേപിച്ചത്. മാത്രമല്ല, ഇന്നലെ രാത്രി തന്നെ കുടുംബത്തിന്‍റെ സുരക്ഷ സിആർപിഎഫ് ഏറ്റെടുത്തെന്നും യുപി സർക്കാർ കോടതിയെ അറിയിച്ചു. 

Follow Us:
Download App:
  • android
  • ios