പാർട്ടിയിലും സർക്കാറിലും അഴിച്ചുപണിക്കും കേന്ദ്ര നേതൃത്വം മുതി‌ർന്നേക്കും. പുതുമുഖങ്ങളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന

ലഖ്‌നൗ: ഉത്തർ പ്രദേശ് ബിജെപിയിൽ തർക്കം രൂക്ഷമാകുന്നു. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ കേന്ദ്ര നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചു. മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പാർട്ടി അധ്യക്ഷൻ ജെ പി നദ്ദയയെും വൈകാതെ കാണുമെന്നാണ് വിവരം.

ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ നേതൃത്വത്തിലുള്ള ഒരു വിഭാ​ഗം ബിജെപി നേതാക്കളാണ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെതിരെ നീക്കങ്ങൾ ശക്തമാക്കിയത്. കേശവ് പ്രസാദ് മൗര്യ ഇന്നലെ ദില്ലിയിലെത്തി കേന്ദ്ര നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ഉപമുഖ്യമന്ത്രിസ്ഥാനം രാജിവച്ച് സംഘടനാ ചമുതലകളിലേക്ക് മടങ്ങാമെന്ന് കേശവ് പ്രസാദ് മൗര്യ നേതാക്കളോട് പറഞ്ഞെന്നാണ് വിവരം. നേരത്തെ 2016 മുതൽ 2017 വരെ യുപി ബിജെപി അധ്യക്ഷനായിരുന്നു കേശവ് പ്രസാദ് മൗര്യ. അതേസമയം തന്നോട് ആരും രാജിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് നിലവിലെ സംസ്ഥാന അധ്യക്ഷൻ ഭൂപേന്ദ്ര ചൗധരി അറിയിച്ചു. 

വൈകാതെ യോ​ഗി ആദിത്യനാഥ് ദില്ലിയിലെത്തി നരേന്ദ്ര മോദിയെയും ജെപി നദ്ദയെയും കാണും. പാർട്ടിയിലും സർക്കാറിലും അഴിച്ചുപണിക്കും കേന്ദ്ര നേതൃത്വം മുതി‌ർന്നേക്കും. പുതുമുഖങ്ങളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന. സംസ്ഥാനത്ത് പത്ത് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഈ മാസം പ്രഖ്യാപിക്കാനിരിക്കേ അതിന് മുൻപ് അഴിച്ചുപണി ഉണ്ടാകുമോയെന്നാണ് ആകാംഷ. ഇന്നലെ രാത്രി യുപി ​ഗവർണർ ആനന്ദിബെൻ പട്ടേലിനെ രാജ്ഭവനിലെത്തി യോ​ഗി ആദിത്യനാഥ് കണ്ടിരുന്നു.

യുപിയിലെ ഭിന്നത ചൂണ്ടിക്കാട്ടി പരിഹാസം തുടരുകയാണ് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. മൺസൂൺ ഓഫർ വയ്ക്കുകയാണെന്നും 100 പേരെ ബിജെപിക്ക് പുറത്ത് കൊണ്ടു വന്നാൽ സർക്കാർ ഉണ്ടാക്കാമെന്നും അഖിലേഷ് യാദവ് പറഞ്ഞു. വൈകീട്ട് യുപിയടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്ന പ്രവർത്തകരെയും, പാർട്ടി ആസ്ഥാനങ്ങളിലെ ജീവനക്കാരെയും മോദി ദില്ലിയിൽ കാണും. യുപിയിൽ തെരഞ്ഞെടുപ്പ് കാലത്ത് സർക്കാർ സംവിധാനങ്ങൾ പാർട്ടിക്കെതിരായിരുന്നുവെന്നാണ് യോഗിക്കെതിരെ ഉയർത്തിയ പ്രധാന പരാതി. തെരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്താൻ 26ന് ബിജെപി മുഖ്യമന്ത്രിമാരുടെ യോ​ഗവും ദില്ലിയിൽ ചേരുന്നുണ്ട്.

YouTube video player