Asianet News MalayalamAsianet News Malayalam

യുപിയില്‍ ഇഞ്ചെക്ഷന്‍ മാറി പെണ്‍കുട്ടി മരിച്ചു, മൃതദേഹം ബൈക്കില്‍വെച്ച് ഡോക്ടര്‍ സ്ഥലംവിട്ടു, ആശുപത്രി പൂട്ടി

പരിശോധനക്കായി നോഡല്‍ ഓഫീസറെ ആശുപത്രിയിലേക്ക് അയച്ചെങ്കിലും അവിടെ ഡോക്ടറോ മറ്റു ജീവനക്കാരോ ഉണ്ടായിരുന്നില്ലെന്നും അധികൃതര്‍ അറിയിച്ചു

UP Girl Dies After 'Wrong' Injection, Hospital Staff Dump Body And Flee
Author
First Published Sep 29, 2023, 6:16 PM IST

ലക്നൗ: ഇഞ്ചെക്ഷന്‍ മാറി നല്‍കിയതിനെതുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മയിന്‍പുരിയില്‍ സ്വകാര്യ ആശുപത്രിയില്‍ 17കാരി മരിച്ചു. സംഭവം നടന്നശേഷം പെണ്‍കുട്ടിയുടെ മൃതദേഹം ആശുപത്രിക്ക് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനത്തിന് മുകളില്‍ വെച്ചശേഷം ഡോക്ടറും മറ്റു ആശുപത്രി ജീവനക്കാരും സ്ഥലത്തുനിന്നും രക്ഷപ്പെട്ടുവെന്നും പെണ്‍കുട്ടി മരിച്ചകാര്യം അറിയിച്ചില്ലെന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധം ഭയന്ന് ആശുപത്രിയിലെ ഡോക്ടറും ജീവനക്കാരനും സ്ഥലം വിടുകയായിരുന്നു. സംഭവത്തില്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കും ജീവനക്കാരനുമെതിരെ നടപടി വേണമെന്ന് കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു.

ആശുപത്രിക്ക് മുന്നില്‍ ഇരുചക്രവാഹനത്തിന് മുന്നില്‍ പെണ്‍കുട്ടിയുടെ മൃതദേഹമിരിക്കുന്നതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വലിയരീതിയിലുള്ള പ്രതിഷേധമാണുയരുന്നത്.മയിന്‍പുരി സ്വദേശിനിയായ ഭര്‍തി എന്ന 17കാരിയാണ് മരിച്ചത്. ഗിരുരിലെ കര്‍ഹല്‍ റോഡിലെ രാധ സ്വാമി ആശുപത്രിയില്‍ പനിയെതുടര്‍ന്നാണ് പെണ്‍കുട്ടിയെ ചികിത്സക്കായി കൊണ്ടുവരുന്നത്. ബുധനാഴ്ച പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുമ്പോള്‍ കാര്യമായ പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്ന് ബന്ധുവായ മനീഷ പറഞ്ഞു. ഡോക്ടര്‍ ഇഞ്ചെക്ഷന്‍ നല്‍കിയശേഷമാണ് പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളായതെന്നും ഇവര്‍ ആരോപിച്ചു.

തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്നും പെണ്‍കുട്ടിയുടെ ആരോഗ്യനില മോശമായികൊണ്ടിരിക്കുകയാണെന്നും മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്നും ഡോക്ടര്‍ അറിയിക്കുകയായിരുന്നു. എന്നാല്‍, ഇക്കാര്യം ഡോക്ടര്‍ അറിയിക്കുമ്പോഴേക്കും പെണ്‍കുട്ടി മരിച്ചിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തെതുടര്‍ന്ന് സ്ഥലത്തെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ആശുപത്രി അടച്ചുപൂട്ടി. പരിശോധനക്കായി നോഡല്‍ ഓഫീസറെ ആശുപത്രിയിലേക്ക് അയച്ചെങ്കിലും അവിടെ ഡോക്ടറോ മറ്റു ജീവനക്കാരോ ഉണ്ടായിരുന്നില്ലെന്നും അധികൃതര്‍ അറിയിച്ചു. ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ മറ്റൊരു രോഗിയെ സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയശേഷമാണ് ആശുപത്രി അടച്ചുപൂട്ടിയതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ആര്‍.സി ഗുപ്ത പറഞ്ഞു. ആശുപത്രി ആരോഗ്യവകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണെങ്കിലും നടത്തിപ്പിക്കാരന്‍ ഡോക്ടറല്ലാത്തതിനാല്‍ ലൈന്‍സന്‍സ് റദ്ദാക്കിയെന്നും ഗുപ്ത പറ‍ഞ്ഞു.

Follow Us:
Download App:
  • android
  • ios