ലക്നൗ: ഇതര സംസ്ഥാനത്തൊഴിലാളികൾ ഇനി ആയിരക്കണക്കിന് ദൂരം നടന്ന് വീട്ടിലെത്തണ്ട. യാത്രാനിയന്ത്രണത്തെ തുടർന്ന് പല സംസ്ഥാനങ്ങളിലായി കുടുങ്ങിപ്പോയ തൊഴിലാളികൾക്ക് വീടെത്താൻ 200 ബസ് ഏർപ്പെടുത്തി ഉത്തർപ്രദേശ് സർക്കാർ. രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗൺ ഏർപ്പെടുത്തിതിനെ തുടർന്ന് നിരവധി സാധാരണ തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടിരുന്നു. ഇവരെല്ലാം തിരികെ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു. 

ബസുകളുടെ സു​ഗമമായ യാത്ര ഉറപ്പാക്കണമെന്ന് ഉത്തർപ്രദേശ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ മാനേജിം​ഗ് ഡയറക്ടർ രാജ് ശേഖർ ജില്ലാ മജിസ്ട്രേറ്റിനോടും പൊലീസ് അധികാരികളോടും നിർദ്ദേശിച്ചു. ഉത്തർപ്രദേശിന്റെ അതിർത്തിയിലാണ് ഈ ബസുകൾ വിന്യസിച്ചിട്ടുള്ളത്. അവിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് സഹായമെത്തിക്കുകയാണ് ലക്ഷ്യം. മാർച്ച് 28, 29 തീയതികളിൽ രണ്ട് മണിക്കൂർ ഇടവിട്ട് ഈ ബസുകൾ സർവ്വീസ് നടത്തും. 

ഇങ്ങനെ യാത്ര ചെയ്യാൻ സന്നദ്ധരായി എത്തുന്നവരെ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും. കൂടാതെ കൂടുതൽ നിരീക്ഷണത്തിനായി അവരുടെ പേരുകൾ, വിശദമായ മേൽവിലാസം ഫോൺനമ്പറുകൾ എന്നിവ രേഖപ്പെടുത്തി സൂക്ഷിക്കണമെന്നും ജില്ലാ മജിസ്ട്രേറ്റിനോട് അധികൃതർ അഭ്യർത്ഥിച്ചു. അതുപോലെ ഇവർക്ക് ഭ​ക്ഷണവും വെള്ളവും ലഭ്യമാക്കാനുള്ള സജ്ജീകരണങ്ങൾ ഡിപ്പോകളിൽ ഏർപ്പെടുത്തും. ഇതിനോടകം തന്നെ ബസ്സുകൾ തൊഴിലാളികളെ നിശ്ചിത പ്രദേശങ്ങളിലേക്ക് എത്തിച്ചു തുടങ്ങിയിട്ടുണ്ട്.