Asianet News MalayalamAsianet News Malayalam

അയോധ്യ: മുസ്ലിം പള്ളിക്ക് യുപി സര്‍ക്കാര്‍ സ്ഥലം അനുവദിച്ചു

അയോധ്യയിലെ പുണ്യഭൂമിയായി പരിഗണിക്കുന്ന 14 കോസി പരിക്രമക്ക് പുറത്താണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഭൂമി അനുവദിച്ചിരിക്കുന്നത്. അയോധ്യ നഗരത്തിന് ചുറ്റുമുള്ള 42 കിലോമീറ്റര്‍ പരിധിയാണ് പരിക്രമ.

UP government land assigned for a mosque in Ayodhya
Author
New Delhi, First Published Feb 5, 2020, 10:50 PM IST

ദില്ലി: സുപ്രീം കോടതി വിധിയെ തുടര്‍ന്ന് അയോധ്യയില്‍ മുസ്ലിം പള്ളി നിര്‍മിക്കാനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അഞ്ച് ഏക്കര്‍ ഭൂമി അനുവദിച്ചു. ബാബ്‍രി മസ്ജിദ് തകര്‍ക്കപ്പെട്ട ഭൂമിയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ ധനിപുരിലെ ലഖ്നൗ ഹൈവേക്ക് ചേര്‍ന്നാണ് ഭൂമി അനുവദിച്ചത്. യുപി മന്ത്രി ശ്രീകാന്ത് ശര്‍മയാണ് ഇക്കാര്യം അറിയിച്ചത്. അയോധ്യയിലെ പുണ്യഭൂമിയായി പരിഗണിക്കുന്ന 14 കോസി പരിക്രമക്ക് പുറത്താണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഭൂമി അനുവദിച്ചിരിക്കുന്നത്. അയോധ്യ നഗരത്തിന് ചുറ്റുമുള്ള 42 കിലോമീറ്റര്‍ പരിധിയാണ് പരിക്രമ. പരിക്രമ പരിധിക്ക് പുറത്ത് ഭൂമി അനുവദിച്ചാല്‍ മതിയെന്ന് ഹിന്ദു സംഘടനകള്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. 

പള്ളി നിര്‍മാണത്തിന് കണ്ടെത്തിയ മൂന്ന് അനുയോജ്യ സ്ഥലങ്ങളുടെ വിവരങ്ങള്‍ കേന്ദ്രത്തിന് നേരത്തെ കൈമാറിയെന്നും ഈ ഭൂമി കേന്ദ്രമാണ് തെരഞ്ഞെടുത്തതെന്നും ശ്രീകാന്ത് ശര്‍മ പറഞ്ഞു. പള്ളി നിര്‍മാണത്തിനായി യുപി സര്‍ക്കാര്‍ കണ്ടെത്തിയ ഭൂമി ഗതാഗത സൗകര്യമുള്ളതായും നിയമപരിപാലനത്തിനും മതസൗഹാര്‍ദത്തിനും പേര് കേട്ടതാണെന്നും മന്ത്രി വ്യക്തമാക്കി. വര്‍ഷങ്ങള്‍ നീണ്ട അയോധ്യ-ബാബ‍്‍രി മസ്ജിദ് ഭൂമി തര്‍ക്ക കേസില്‍ നവംബറിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്. ബാബ്‍രി മസ്ജിദ് നിലനിന്നിരുന്ന ഭൂമി ക്ഷേത്ര നിര്‍മാണത്തിനായി വിട്ടുകൊടുക്കുകയും അയോധ്യയില്‍ തന്നെ മുസ്ലീങ്ങള്‍ക്ക് പള്ളി നിര്‍മാണത്തിനായി അഞ്ച് ഏക്കര്‍ ഭൂമി സുന്നി വഖഫ് ബോര്‍ഡിന്  നല്‍കണമെന്ന് വിധിക്കുകയും ചെയ്തു.

ക്ഷേത്ര നിര്‍മാണത്തിനായി ട്രസ്റ്റ് രൂപീകരിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ട്രസ്റ്റ് ഉടന്‍ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്‍റില്‍ വ്യക്തമാക്കി. അതേസമയം, യുപി സര്‍ക്കാര്‍ കണ്ടെത്തിയ ഭൂമി ഏറ്റെടുക്കണോ എന്ന കാര്യത്തില്‍ യുപി വഖഫ് ബോര്‍ഡ് നിലപാട് വ്യക്തമാക്കിയിട്ടില്ല. 

Follow Us:
Download App:
  • android
  • ios