ലഖ്‌നൗ: മിശ്രവിവാഹിതര്‍ക്ക് യുപി സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക സഹായ പദ്ധതി പിന്‍വലിക്കുന്നു. 44 വര്‍ഷമായി നിലനില്‍ക്കുന്ന പദ്ധതിയാണ് സര്‍ക്കാര്‍ പിന്‍വലിക്കാന്‍ ഒരുങ്ങുന്നത്. ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ഓര്‍ഡിനന്‍സ് കൊണ്ടുവന്നതിന് പിന്നാലെയാണ് മിശ്രവിവാഹിതര്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായം പിന്‍വലിക്കുന്നത്. മിശ്ര ജാതി-മത വിവാഹിതര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതി 1976ലാണ് ദേശീയ ഇന്റഗ്രേഷന്‍ വകുപ്പ് തുടങ്ങുന്നത്. 

സാമ്പത്തിക സഹായം ലഭിക്കണമെങ്കില്‍ വിവാഹിതരായി രണ്ട് വര്‍ഷത്തിനുള്ളില്‍ ദമ്പതികള്‍ ജില്ലാ മജിസ്‌ട്രേറ്റിന് അപേക്ഷ നല്‍കണം. പരിശോധനകള്‍ക്ക് ശേഷം അപേക്ഷ യുപി നാഷണല്‍ ഇന്റഗ്രേഷന്‍ വകുപ്പിന് കൈമാറും. കഴിഞ്ഞ വര്‍ഷം 11 മിശ്രവിവാഹിത ദമ്പതികള്‍ക്കാണ് സഹായം നല്‍കിയത്. 50000 രൂപയാണ് ധനസഹായം. ഈ വര്‍ഷം ഇതുവരെ നാല് അപേക്ഷകള്‍ ലഭിച്ചു. എന്നാല്‍ ഇതുവരെ ആര്‍ക്കും പണം നല്‍കിയിട്ടില്ല. വ്യത്യസ്ത മതത്തില്‍പ്പെട്ടവര്‍ വിവാഹിതരാകുമ്പോള്‍ മതം മാറുന്നവര്‍ക്ക് സഹായം ലഭ്യമാകില്ലെന്ന് 2017ല്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. 

കഴിഞ്ഞയാഴ്ചയാണ് യുപിയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. വിവാഹത്തിന് മാത്രമായി മതപരിവര്‍ത്തനം നടത്തുന്നത് കുറ്റകരമാക്കിയാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. വിവാഹത്തിന് ശേഷം മതം മാറണമെങ്കിലും മജിസ്‌ട്രേറ്റിന്റെ അനുമതി ആവശ്യമാണ്. 'ലൗ ജിഹാദ്' തടയുന്നതിനായാണ് ഇത്തരത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്ന് ആരോപണമുയര്‍ന്നിരുന്നു.