ലഖ്‌നൗ: നിര്‍ബന്ധിതവും സത്യസന്ധവുമല്ലാത്ത മതപരിവര്‍ത്തനങ്ങളെ തടയുന്നതിനായി ഉത്തര്‍പ്രദേശ് കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ അനുമതി നല്‍കി. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന ഓര്‍ഡിനന്‍സ് 2020 ഗവര്‍ണറുടെ അനുമതിയോടെ നടപ്പായതായി അധികൃതര്‍ അറിയിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സ്‌റ്റേറ്റ് ക്യാബിനറ്റ് നേരത്തെ ഓര്‍ഡിനന്‍സിന് അനുമതി നല്‍കിയിരുന്നു.

നിയമലംഘിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം.  വിവാഹാവശ്യത്തിനായി മാത്രം സ്ത്രീ മതം മാറുകയാണെങ്കില്‍ വിവാഹത്തെ അസാധുവായി പ്രഖ്യാപിക്കും. വിവാഹ ശേഷം മതംമാറാന്‍ ആഗ്രഹിക്കുന്നവര്‍ ജില്ലാ മജിസ്‌ട്രേറ്റിന് അപേക്ഷ നല്‍കണമെന്നും ഓര്‍ഡിനന്‍സില്‍ നിഷ്‌കര്‍ഷിക്കുന്നു. 

നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശും ഹരിയാനയും നിയമനിര്‍മാണം നടത്തുമെന്ന് പറഞ്ഞിരുന്നു. വിവാഹത്തിനായി ഹിന്ദു യുവതികള്‍ മറ്റ് മതങ്ങളിലേക്ക് മാറുന്നത് തടയാനാണ് നിയമനിര്‍മാണമെന്നാണ് ബിജെപിയുടെ വാദം. രാജ്യത്ത് ലൗ ജിഹാദ് നടക്കുന്നുണ്ടെന്നാണ് ബിജെപി വാദം. എന്നാല്‍, ലൗ ജിഹാദ് ഇല്ലെന്ന് ഔദ്യോഗിക രേഖകള്‍ തന്നെ വ്യക്തമാക്കിയിരുന്നു.