ഉത്തർപ്രദേശിലെ മുസാഫർനഗറിൽ, 14 വർഷം മുൻപ് പിതാവിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായി രാഹുൽ എന്നയാൾ ജയ്‌വീറിനെ വെടിവെച്ചുകൊന്നു. പിതാവിനെ കൊന്ന കേസിൽ 11 വർഷം ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങിയതായിരുന്നു ജയ്‌വീർ.

മുസാഫർനഗർ: ഉത്തർപ്രദേശിലെ മുസാഫർനഗറിനടുത്ത് മംഗ്ലോറ ഗ്രാമത്തിൽ 45 കാരനെ വെടിവച്ച് കൊലപ്പെടുത്തി. ജയ്‌വീർ എന്നയാളാണ് കൊല്ലപ്പെട്ടത്. അച്ഛനെ കൊലപ്പെടുത്തിയതിലുള്ള പക തീർക്കാൻ രാഹുൽ എന്ന 30കാരനാണ് ജയ്‌വീറിനെ വധിച്ചതെന്നും പ്രതി ഒളിവിലാണെന്നും പൊലീസ് പറയുന്നു.

പതിനാല് വർഷം നീണ്ട പകയുടെ കഥയാണ് ഈ കൊലപാതകത്തിലൂടെ പുറത്തുവന്നത്. 2011 ലാണ് ബ്രിജ്‌പാൽ എന്ന മംഗ്ലോറ സ്വദേശിയെ ജയ്‌വീർ കൊലപ്പെടുത്തിയത്. വ്യക്തി വിദ്വേഷത്തെ തുടർന്നുള്ള കൊലപാതകമെന്നായിരുന്നു കേസ്. ഈ സംഭവത്തിൽ ശിക്ഷിക്കപ്പെട്ട ജയ്‌വീർ 11 വർഷം തടവുശിക്ഷ അനുഭവിച്ചു. പിന്നീട് ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഇയാൾ മൂന്ന് വർഷമായി മംഗ്ലോറ ഗ്രാമത്തിൽ താമസിച്ചുവരികയായിരുന്നു.

കഴിഞ്ഞ ദിവസമാണ് ഇയാളെ ബ്രിജ്‌പാലിൻ്റെ മകനായ രാഹുൽ വെടിവച്ച് കൊലപ്പെടുത്തിയത്. അച്ഛൻ്റെ കൊലപാതകത്തിലുള്ള പകയാണ് ജയ്‌വീറിനെ രാഹുൽ വധിക്കാനുള്ള കാരണമായി പൊലീസിന് ലഭിച്ച പരാതിയിൽ ആരോപിച്ചത്. ജയ്‌വീറിൻ്റെ ബന്ധുക്കളാണ് പരാതി നൽകിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് എഎസ്‌പി സന്തോഷ് കുമാർ സിങ് പ്രതികരിച്ചു. ഒളിവിൽ കഴിയുന്ന പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയെന്നും പൊലീസ് അറിയിച്ചു.

YouTube video player