അയൽവാസികളായിരിക്കെ 45 വർഷം മുൻപ് ഉണ്ടായിരുന്ന അതിർത്തി തർക്കത്തെ തുടർന്നുള്ള അടങ്ങാത്ത പക മൂലം തൊഴിലുറപ്പ് പണിക്കെത്തിയ വയോധികനെ മുൻ അയൽക്കാരൻ മർദിച്ചെന്ന് പരാതി. പരിക്കേറ്റ വയോധികൻ കോഴിക്കോട് ചികിത്സയിൽ

കോഴിക്കോട്: തൊഴിലുറപ്പ് തൊഴിലാളിയായ വയോധികനെ മുൻ അയൽവാസി മർദിച്ചതായി പരാതി. താമരശേരി തച്ചംപൊയിലിലാണ് സംഭവം. പുളിയാറ ചാലില്‍ മൊയ്തീന്‍കോയ(74)യാണ് മുൻ അയൽവാസിയായ അസീസ് ഹാജിക്കെതിരെ പരാതി ഉന്നയിച്ചത്. 45 വർഷം മുൻപ് അയൽക്കാരായിരിക്കെ നടന്ന സംഭവത്തിന് പകരം വീട്ടിയെന്നാണ് ആരോപണം. അസീസിൻ്റെ വീട്ടിൽ ഇന്ന് രാവിലെ മൊയ്തീൻകോയ തൊഴിലുറപ്പ് പണിക്ക് എത്തിയപ്പോഴാണ് സംഭവം.

മൊയ്തീന്‍ കോയയും അസീസ് ഹാജിയും തമ്മില്‍ മുൻപ് അയൽക്കാരായി താമസിക്കെ, അതിര്‍ത്തി തര്‍ക്കം നിലനിന്നിരുന്നു. അന്ന് നാട്ടുകാര്‍ ഉള്‍പ്പെടെ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു. പിന്നീട് അസീസ് ഹാജി ഇവിടെ നിന്നും മാറി താമസിക്കുകയും ചെയ്തു. ഇന്നലെ തൊഴിലുറപ്പ് ജോലിക്കായി മറ്റ് തൊഴിലാളികള്‍ക്കൊപ്പം മൊയ്തീന്‍ കോയ എത്തിയത് അസീസിന്റെ പറമ്പിലാണ്. എന്നാല്‍ മൊയ്തീന്‍ കോയയെ പറമ്പില്‍ കയറ്റാന്‍ അസീസ് തയ്യാറായില്ല. പദ്ധതിയുടെ ചുമതല വഹിച്ചിരുന്ന സുഹറയെ ബന്ധപ്പെട്ട് തന്റെ പറമ്പില്‍ ഇയാളെ കയറ്റരുതെന്നും അസീസ് ആവശ്യപ്പെട്ടു. തുടര്‍ന്ന് മറ്റൊരു സ്ഥലത്തേക്ക് ജോലി മാറ്റുകയായിരുന്നു.

എന്നാല്‍ ഇന്ന് ഇതേ സ്ഥലത്തേക്ക് മൊയ്തീന്‍ കോയ പോകുന്നതിനിടെ റോഡരികില്‍ കാത്തിരുന്ന അസീസ് ഹാജി ഇയാളെ തടയുകയും വടി ഉള്‍പ്പെടെ ഉപയോഗിച്ച് മര്‍ദ്ദിക്കുകയും ചെയ്തു. ബഹളം കേട്ട് ഓടിയെത്തിയ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് മൊയ്തീനെ രക്ഷപ്പെടുത്തി. മൊയ്‌തീൻ ഹാജിയെ പിന്നീട് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇത് സംബന്ധിച്ച് താമരശ്ശേരി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.