ലഖ്നൗ: കൊവിഡിന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതോടെ പലതരം വിവാഹങ്ങൾക്കാണ് രാജ്യം സാക്ഷിയായത്. വധുവിന്റെ വീട്ടിലേക്ക് നടന്നുപോകുക, വീഡിയോ കോൾ വിവാഹം, സൈക്കിൾ ചവിട്ടി വധുവിനെയും കൊണ്ട് വരിക തുടങ്ങി നിരവധി രസകരമായ വാർത്തകളാണ് പുറത്തുവന്നത്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ ഉത്തർപ്രദേശിൽ നിന്നും വരുന്നത്.

ലോക്ക്ഡൗൺ മൂന്നാമതും നീട്ടിയതോടെ വധുവിന്റെ വീട്ടിലേക്ക് വരൻ ബൈക്കോടിച്ച് പോകുകയായിരുന്നു. ഉത്തർപ്രദേശിലെ അശോക് നഗറിലാണ് വരന്റെ സ്ഥലം. വധുവാകട്ടെ മധ്യപ്രദേശിലെ ഡെറോണ ഗ്രാമത്തിലും. തനിച്ചായിരുന്നില്ല യുവാവിന്റെ യാത്രയെന്നും പിതാവിനേയും രണ്ട് സഹോദരങ്ങളേയും ഒപ്പം കൂട്ടിയായിരുന്നുവെന്നും വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. 

ഒടുവിൽ വധൂഗൃഹത്തിൽ എത്തിയ വരൻ അവിടെ വച്ച് തന്നെ യുവതിയെ വിവാഹം കഴിച്ച് ഒപ്പം കൂട്ടി. കൊറോണ വൈറസിനെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗൺ അടുത്തൊന്നും അവസാനിക്കില്ലെന്ന് മനസ്സിലായത് കൊണ്ടാണ് റിസ്ക് എടുത്ത് കല്യാണം നടത്താൻ തീരുമാനിച്ചതെന്ന് യുവാവ് പറയുന്നു.