ദില്ലി: ഹാഥ്റാസിൽ കൊല്സപ്പെട്ട പെൺകുട്ടിയുടെ മൃതദേഹവുമായി ആഗ്ര-അലിഗഡ് റോഡ് ഉപരോധിക്കാനായിരുന്നു കുടുംബത്തിന്റെ പദ്ധതിയെന്ന ആരോപണവുമായി യുപി പൊലീസ്. ഇത് വലിയ പ്രതിഷേധത്തിലേക്ക് നയിച്ചേക്കുമെന്ന് കണ്ടാണ് രാത്രി സംസ്കാരം നടത്തിയതെന്നും സസ്പെൻഷനിലായ ചാന്ദ്പ എസ് ഐ ദിനേഷ് കുമാർ വെർമ്മ പ്രതികരിച്ചു. 

അതേ സമയം ഹാഥ്റാസ് പെണ്‍കുട്ടിയുടെ മരണം ദുരഭിമാനക്കൊലയെന്ന ആക്ഷേപത്തില്‍ അന്വേഷണം ആരംഭിച്ചു. പ്രതികളുടെ കത്തിന്‍റെ പശ്ചാത്തലത്തിലാണ് പ്രത്യേക സംഘത്തിന്റെ അന്വേഷണം. എന്നാൽ സഹോദരന്‍റെ മര്‍ദ്ദനമേറ്റാണ്  പെണ്‍കുട്ടി മരിച്ചതെന്ന പ്രതികളുടെ ആരോപണം കുടുംബം നിഷേധിച്ചു.

അന്വേഷണം വഴിതിരിക്കാന്‍ ശ്രമം നടക്കുന്നുവെന്ന കുടുംബത്തിന്‍റെ ആശങ്കക്കിടെയാണ് പ്രതികള്‍ എഴുതിയ കത്തിന് പിന്നാലെ പോലീസ് നീങ്ങുന്നത്.വൈരാഗ്യം നിലനിന്നിരുന്ന അയല്‍വീട്ടിലെ യുവാവുമായുള്ള പ്രണയം പെണ്‍കുട്ടിയുടെ കുടംബത്തെ ചൊടിപ്പിച്ചെന്നാണ് പ്രതികള്‍ കത്തില്‍ ആരോപിച്ചത്. പ്രതിയായ സന്ദീപുമായി  വയലില്‍ സംസാരിച്ച് നില്‍ക്കുന്നത് കണ്ട് പ്രകോപിതനായ സഹോദരന്‍ പെണ്‍കുട്ടിയെ മര്‍ദ്ദിച്ചവശയാക്കിയെന്നും ഇത് മരണകാരണമായെന്നും കത്തില്‍ ആരോപിച്ചിരുന്നു. ഈ ദിശയില്‍ അന്വേഷണം തുടങ്ങിയ പൊലീസ് പെണ്‍കുട്ടിയുടെ സഹോദരനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. പെണ്‍കുട്ടിയെ  വീട്ടുകാര്‍ കൊന്നുവെന്ന പ്രതികളുടെ ആരോപണത്തിന് പിന്നില്‍ ഉന്നത ഇടപെടലുണ്ടെന്ന്  കുടുംബം ആരോപിച്ചു.