ഉത്തർപ്രദേശ്: ധാബയിൽ നിന്ന് ആഹാരം കഴിച്ചതിന് ശേഷം പണം നൽകാതെ പോയ പൊലീസുകാരെ ചോദ്യം ചെയ്ത ഉടമയെ കള്ളക്കേസിൽ ജയിലിലടച്ചതായി പരാതി. ഉത്തർപ്രദേശിലാണ് സംഭവം. ധാബയിൽ നിന്ന് ആഹാരം കഴിച്ചതിന് ശേഷം പോകാൻ തുടങ്ങിയ യുപി പൊലീസിനോട് കടയുടമ പ്രവീൺ കെ യാദവ് കഴിച്ച ആഹാരത്തിന്റെ  പണം ആവശ്യപ്പെട്ടു. 

കടയിൽ നിന്നിറങ്ങിയതിന് ശേഷം മറ്റ് പൊലീസ് ഉദ്യോ​ഗസ്ഥരെക്കൂടി കൂട്ടി വന്ന പൊലീസുകാർ പ്രവീണിനെയും ജീവനക്കാരെയും പിടിച്ചുകൊണ്ടുപോകുകയും കളളക്കേസിൽ കുടുക്കി ജയിലിൽ അടയ്ക്കുകയുമായിരുന്നു. 

സംഭവം വിവാദമായതോടെ ഈറ്റ അഡീഷണൽ എസ് പി രാഹുൽ കുമാർ അന്വേഷണത്തിന് ഉത്തരവിട്ടു. ഇതോടെ സംഭവത്തിൽ ഒരു ഇൻസ്പെക്ടർമാർക്കും രണ്ട് ഹെഡ് കോൺസ്റ്റബിൾമാർക്കുമെതിരെ കേസ് രജിസ്റ്റ‍ർ ചെയ്തു. പ്രവീണിനും സഹോ​ദരനും ജീവനക്കാർക്കുമെതിരെ 12 ഓളം കേസുകളാണ് രജിസ്റ്റർ ചെയ്തത്. 30 വയസ്സിന് താഴെ പ്രായമുള്ളവരാണ് പ്രതികളാക്കപ്പെട്ടവർ.