ലക്നൗ: യുപിയിലുണ്ടായ ട്രക്ക് അപകടത്തില്‍ പരിക്കേറ്റ അതിഥി തൊഴിലാളികള്‍ യാത്ര ചെയ്തത് ഇതേ അപകടത്തില്‍പ്പെട്ടവരുടെ മൃതദേഹം കൊണ്ടുപോകുന്ന ട്രക്കില്‍. ഉത്തര്‍പ്രദേശിന്‍റെ തലസ്ഥാനമായ ലക്നൗവില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള ഓരൈയയില്‍ വച്ച് മരിച്ച രണ്ട് അതിഥി തൊഴിലാളികളുടെ മൃതദേഹവും കൊണ്ടുപോകുന്ന വാഹനത്തിലാണ് മറ്റ് അതിഥി തൊഴിലാളികളെയും കയറ്റിയത്. വെറും ടാര്‍പോളിന്‍ ഷീറ്റുകൊണ്ട് മാത്രമാണ് മൃതദേഹം മൂടിയിരുന്നത്. സംഭവത്തെ മനുഷ്യത്വവിരുദ്ധമെന്നാണ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ വിശേഷിപ്പിച്ചത്. 

അതിഥി തൊഴിലാളികളോടുള്ള മനുഷ്യത്വ വിരുദ്ധമായ ഇത്തരം പെരുമാറ്റം അവസാനിപ്പിക്കണമെന്നും ഹേമന്ത് സോറന്‍ ആവശ്യപ്പെട്ടു. ജാര്‍ഖണ്ട് അതിര്‍ത്തി വരെ അവര്‍ക്ക് വേണ്ട സഹായം ചെയ്യണമെന്ന് യുപി മുഖ്യമന്ത്രിയോടും ബിഹാര്‍ മുഖ്യമന്ത്രിയോടും ഹേമന്ത് സോറന്‍ ആവശ്യപ്പെട്ടു. ബൊക്കാറോയിലുള്ള അതിഥി തൊഴിലാളികളുടെ വീട്ടില്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ തങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. 

ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ രണ്ട് ട്രക്കുകള്‍ കൂട്ടിയിടിച്ച് ഓരൈയയില്‍ 26 അതിഥി തൊഴിലാളികളാണ് മരിച്ചത്. 30 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു, പഞ്ചാബില്‍ നിന്നും രാജസ്ഥാനില്‍നിന്നുമുള്ള വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. മരിച്ചവരില്‍ 11 പേര്‍ ജാര്‍ഖണ്ഡ് സ്വദേശികളാണ്. അപകടം കഴിഞ്ഞ് ഒരു ദിവസം പിന്നിട്ടപ്പോള്‍ മൂന്ന് ട്രക്കുകളിലായി മൃതദേഹവും പരിക്കുപറ്റിയവരെയും യുപി നാട്ടിലേക്ക് അയച്ചു. 

ഹേമന്ത് സോറന്‍റെ ട്വീറ്റ് വന്നതോടെ പ്രയാഗ്‍രാജിലെ ഹൈവേയില്‍ വച്ച് മൃതദേഹം ആംബുലന്‍സിലേക്ക് മാറ്റി. യാത്രയില്‍ മൃതദേഹം അഴുകാന്‍ തുടങ്ങിയിരുന്നുവെന്ന് ജാര്‍ഖണ്ഡിലെ ഭരണകക്ഷികൂടിയായ കോണ്‍ഗ്രസ് ആരോപിച്ചു. 

സംഭവത്തിന്‍റെ വൈറലാകുന്ന ഫോട്ടോയെക്കുറിച്ച് അന്വേഷിക്കുമെന്ന് ഓരൈയ ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. യുപിയിലെ പ്രതിപക്ഷ ഭരണപക്ഷ കക്ഷികള്‍ തമ്മില്‍ വലിയ വാക്പോരുകളാണ് ഈ അപകടത്തെ തുടര്‍ന്ന് സംസ്ഥാനതത്ത് നടക്കുന്നത്. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.