ലഖ്‌നൗ: സംസ്ഥന അതിര്‍ത്തിയില്‍ കുടിയേറ്റ തൊഴിലാളികളെ തടഞ്ഞു നിര്‍ത്തി ഉത്തര്‍പ്രദേശ് പൊലീസ്. കാല്‍നടയായും ട്രക്കുകളിലും സൈക്കിളിലുമായി സുരക്ഷിതമല്ലാതെ എത്തുന്ന കുടിയേറ്റ തൊഴിലാളികളെ തടയാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. പൊലീസ് നടപടിയെ തുടര്‍ന്ന് ആയിരങ്ങള്‍ അതിര്‍ത്തികളില്‍ കുടുങ്ങി. ബസ് സംവിധാനം ഒരുക്കും വരെ തൊഴിലാളികള്‍ക്ക് താമസ സൗകര്യവും ഭക്ഷണവും നല്‍കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസം കുടിയേറ്റ തൊഴിലാളികള്‍ സഞ്ചരിച്ച ട്രക്ക് അപകടത്തില്‍പ്പെട്ട് 26 പേര്‍ മരിച്ച സാഹചര്യത്തിലാണ് നടപടി. 

ഝാന്‍സിയില്‍ മധ്യപ്രദേശിലെക്കുള്ള അതിര്‍ത്തി അടച്ചതോടെ തൊഴിലാളികള്‍ പ്രതിഷേധിച്ചു. സര്‍ക്കാറിനെതിരെയും പൊലീസിനെതിരെയും തൊഴിലാളികള്‍ മുദ്രാവാക്യം മുഴക്കി.  ബസുകള്‍ തയ്യാറാകുന്നതുവരെ തൊഴിലാളികളെ ഷെല്‍ട്ടര്‍ ഹോമുകളില്‍ പാര്‍പ്പിക്കാന്‍ ഉത്തരവുണ്ടെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സിംഗ് ഭാഗല്‍ പറഞ്ഞു.  

അതിര്‍ത്തികള്‍ അടച്ച സര്‍ക്കാര്‍ നടപടിയെ മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് രൂക്ഷമായി വിമര്‍ശിച്ചു. അതിര്‍ത്തികള്‍ അടച്ചാല്‍ പാവങ്ങള്‍ എങ്ങനെ വീടുകളിലെത്തുമെന്നും യുപിയിലേത് ഹവായ് ഹവായ് സര്‍ക്കാറാണെന്നും അഖിലേഷ് കുറ്റപ്പെടുത്തി. പാവങ്ങള്‍ വന്ദേ ഭാരതിന്റെ ഭാഗമാകാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.