തദ്ദേശ തെരഞ്ഞെടുപ്പിൽ വിവിധ രാഷ്ട്രീയ കക്ഷികളുടെ സ്ഥാനാർത്ഥി പ്രഖ്യാപനം, രാഷ്ട്രീയ, സിനിമ, കായിക ലോകം തുടങ്ങി വിവിധ മേഖലകളിലെ സംഭവ വികാസങ്ങൾ തുടങ്ങി അടുത്ത ആഴ്ചയിലെ പ്രധാന വാർത്തകൾ അറിയാം.
നവംബർ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ രാജ്യം തെരഞ്ഞെടുപ്പ് ചൂടിലാണ്. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പും, കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പും വരും ദിവസങ്ങളിൽ ചൂടേറിയ വാർത്തകളാകും. ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ ആഴ്ച രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുമ്പോൾ കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപനമാണ് പ്രതീക്ഷിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ വിവിധ രാഷ്ട്രീയ കക്ഷികളുടെ സ്ഥാനാർത്ഥി പ്രഖ്യാപനം, രാഷ്ട്രീയ, സിനിമ, കായിക ലോകം തുടങ്ങി വിവിധ മേഖലകളിലെ സംഭവ വികാസങ്ങൾ തുടങ്ങി അടുത്ത ആഴ്ചയിലെ പ്രധാന വാർത്തകൾ അറിയാം.
ബിഹാർ തെരഞ്ഞെടുപ്പ്
ബിഹാറിൽ അവസാന ഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്നവസാനിക്കും. ചൊവ്വാഴ്ചയാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. 122 മണ്ഡലങ്ങളാണ് രണ്ടാംഘട്ടത്തിൽ വിധിയെഴുതുന്നത്. 14ന് ഫലമറിയാം.
കേരളം തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപനം ഈ ആഴ്ചയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബർ 5-നും 15-നും ഇടയിൽ രണ്ട് ഘട്ടമായി വോട്ടെടുപ്പ് നടന്നേക്കും. അതേസമയം മുന്നണികൾ സ്ഥാനാത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങി കഴിഞ്ഞു.
സുഡാനിലെ കൂട്ടക്കുരുതി
സുഡാനിൽ നടന്ന കൂട്ടക്കൊലകളുടെ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വരികയാണ്. എൽ ഫാഷർ നഗരത്തിൽ മാത്രം റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിന്റെ വംശീയ കൂട്ടക്കൊലകളിൽ മൂവായിരം പേരെങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. സുഡാനില്‍ തുടരുന്ന കൂട്ടക്കുരുതിയിൽ അടിയന്തര യോഗം ചേരാൻ യുഎൻ മനുഷ്യാവകാശ കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്.
ദേവസ്വം ബോർഡിന് പുതിയ അധ്യക്ഷൻ
മുൻ ചീഫ് സെക്രട്ടറിയും മലയാളം സര്‍വകലാശാല മുന്‍ വൈസ് ചാൻസിലറുമായ കെ .ജയകുമാർ തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് പ്രസിഡന്‍റ് ആകും. പ്രഖ്യാപനം ഈ ആഴ്ച ഉണ്ടാകും. സർക്കാർ നിയോഗിച്ചാൽ എത്രയും വേഗം ചുമതല ഏറ്റെടുക്കുമെന്ന് കെ.ജയകുമാർ പറഞ്ഞു.
വിനോദ ലോകത്തെ പ്രധാന വാർത്തകൾ
ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെ
ബിഗ് ബോസ് സീസണ്‍ ഏഴ് കൊടിയിറങ്ങുന്നു. ഞായറാഴ്ചയാണ് ഗ്രാൻഡ് ഫിനാലെ നടക്കുന്നത്. അനുമോൾ, അനീഷ്, നെവിൻ, അക്ബര്‍ ഷാനവാസ് എന്നിവരാണ് അവസാന അഞ്ചിൽ എത്തിയത്.
ഐഎഫ്എഫ്കെ
30മത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഡിസംബര്‍ 12 മുതല്‍ 19 വരെയാണ് തിരുവനന്തപുരത്ത് ഐഎഫ്എഫ്കെ നടക്കുന്നത്.
കാന്ത
ദുൽഖർ നായകനായെത്തുന്ന 'കാന്ത' നവംബര്‍ 14ന് തീയറ്ററിലെത്തും. സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. ദുൽഖർ, ജോം വർഗീസ്, റാണ ദഗ്ഗുബാട്ടി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് ട്രെയ്‌ലറുകൾ ആണ് പുറത്തു വന്നത്. തെലുങ്ക് സൂപ്പർതാരം പ്രഭാസ് തെലുങ്ക് ട്രെയ്‌ലർ പുറത്തു വിട്ടപ്പോൾ, തമിഴ് ട്രെയ്‌ലർ റിലീസ് ചെയ്‍തത് സിലമ്പരശൻ ആണ്.
മറ്റ് റിലീസുകൾ
ലുക്മാനും ദൃശ്യ രഘുനാഥും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അതി ഭീകര കാമുകൻ നവംബര്‍ 14ന് റിലീസ് ചെയ്യും. യുവതാരങ്ങൾ അണിനിരക്കുന്ന നിധിയും ഭൂതവും എന്ന ചിത്രവും നവംബര്‍ 14ന് പ്രദര്‍ശനത്തിനെത്തും.
കായിക ലോകത്തെ പ്രധാന സംഭവങ്ങൾ
ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്(നവംബര്‍ 14 മുതല്‍)*
ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം 14ന് കൊല്‍ക്കത്തയില്‍ തുടങ്ങും. 2 ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.
കേരളം-സൗരാഷ്ട്ര രഞ്ജി ട്രോഫി (നവംബര്‍ 8-11)
രഞ്ജി ട്രോഫിയില്‍ കേരളം, സൗരാഷ്ട്രയെ നേരിട്ടുകൊണ്ടിരിക്കുന്നു. തിരുവനന്തപുരത്താണ് മത്സരം. ആദ്യ ദിനം അവസാനിക്കുമ്പോള്‍ കേരളം ശക്തമായ നിലയിലാണ്.
പാകിസ്ഥാന്‍ ശ്രീലങ്ക ഏകദിന പരമ്പര(നവംബര്‍ 11-15)
പാകിസ്ഥാന്‍-ശ്രീലങ്ക ഏകദിന പരമ്പരക്ക് നവംബര്‍ 11ന് റാവല്‍പിണ്ടിയില്‍ തുടക്കമാകും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. രണ്ടാം ഏകദിനം നവംബര്‍ 13നും മൂന്നാം ഏകദിനം നവംബര്‍ 15നും നടക്കും.
ന്യൂസിലന്‍ഡ്-വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പര
ന്യൂസിലന്‍ഡ്-വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങള്‍ നവംബര്‍ 10നും 13നും നടക്കും.
വനിതാ ബിഗ് ബാഷ്(നവംബര്‍ 9-ഡിസംബര്‍ 13)
ഓസ്ട്രേലിയയിലെ വനിതാ ബിഗ് ബാഷ് ലീഗ് മത്സരങ്ങള്‍ നവംബര്‍ 9ന് തുടക്കമാകും. ഇന്ത്യയുടെ ലോകകപ്പ് ഹീറോ ബ്രിസ്ബേന്‍ ഹീറ്റ്സില്‍ കളിക്കും.
ജന്മദിനം
* നവംബര്‍-9 പൃഥ്വി ഷാ
* നവംബര്‍-11 സഞ്ജു സാംസണ്‍
* നവംബര്‍-14 ശിശുദിനം
ടെക്നോളജി
വണ്‍പ്ലസ് 15 ലോഞ്ച്
വണ്‍പ്ലസ് 15 ഫ്ലാഗ്‌ഷിപ്പ് സ്‌മാര്‍ട്ട്ഫോണ്‍ നവംബര്‍ 13ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. ഐഫോണ്‍ 17, ഐഫോണ്‍ എയര്‍, സാംസങ് ഗാലക്‌സി എസ്25 സീരീസ്, ഗൂഗിള്‍ പിക്‌സല്‍ 10 സീരീസ് എന്നിവയ്‌ക്കെല്ലാം കടുത്ത മത്സരം സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കുന്ന ചൈനീസ് ഫോണ്‍ മോഡലാണിത്.


