ദില്ലി: കൊവിഡ് 19 വൈറസ് ബാധയെ നേരിടാനുള്ള പോരാട്ടത്തില്‍ ഇന്ത്യക്ക് കൂടുതല്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് യുഎസ്. അധികമായി മൂന്ന് മില്യണ്‍ ഡോളര്‍ കൊവിഡിനെ നേരിടാന്‍ ഇന്ത്യക്ക് നല്‍കുമെന്നാണ് യുഎസ് വെള്ളിയാഴ്ച അറിയിച്ചത്. നേരത്തെ, 2.9 മില്യണ്‍ ഡോളര്‍ ഇന്ത്യക്ക് യുഎസ് അനുവദിച്ചിരുന്നു. ഇതുകൂടാതെയാണ് ഇപ്പോള്‍ മൂന്ന് മില്യണ്‍ ഡോളറിന്‍റെ സഹായം കൂടെ ലഭിക്കുന്നത്.

ഇന്ത്യയിലുള്ള യുഎസ് സ്ഥാനപതി കെന്നത്ത് ജസ്റ്റര്‍ ആണ് ഇക്കാര്യം അറിയിച്ചത് അധികമായ സാമ്പത്തിക സഹായം നല്‍കുന്നത് കൊവിഡിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടം തുടരാനാണ്. കൂടാതെ ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തവും നിലനില്‍ക്കുന്നതുമായ സഖ്യത്തിന്‍റെ ഉദാഹരണം കൂടിയാണ് ഈ സഹായമെന്ന് യുഎസ് എംബസി പറഞ്ഞു.

ഇതോടെ ആകെ 5.9 മില്യണ്‍ ഡോളിറിന്‍റെ സഹായമാണ് യുഎസ് ഇന്ത്യക്ക് നല്‍കിയിരിക്കുന്നത്. അതേസമയം, രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1074 ആയി. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 33,000 കവിഞ്ഞു. മഹാരാഷ്ട്രയിൽ മാത്രം രോഗികളുടെ എണ്ണം പതിനായിരത്തിലേക്ക് അടുത്തു. ഗുജറാത്തിൽ രോഗികൾ നാലായിരം കവിഞ്ഞു. ഏറ്റവും കൂടുതൽ ആളുകൾ മരിച്ചതും ഈ സംസ്ഥാനങ്ങളിലാണ്. 8325 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തി നേടിയത്.