ദില്ലിയിൽ യുഎസ് എംബസി സംഘടിപ്പിച്ച പരിപാടിക്കിടെ അപ്രതീക്ഷിത കോളുമായി യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. പ്രധാനമന്ത്രിയെ ഇഷ്ടമാണെന്നും മോദി മികച്ചയാളാണെന്നും പറഞ്ഞ ട്രംപ്, താൻ മോദിയുടെ വലിയ ആരാധകനാണെന്നും പറഞ്ഞു. 

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയ ആരാധകനാണ് താനെന്ന് യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. മോദി മികച്ച നേതാവും അടുത്ത സുഹൃത്തുമാണെന്ന് പറഞ്ഞ ട്രംപ്, ഇന്ത്യയെ ഏറെ സ്നേഹിക്കുന്നുവെന്നും ചേർന്നു പ്രവർത്തിക്കുമെന്നും പറഞ്ഞു. ദില്ലിയിൽ യുഎസ് എംബസി സംഘടിപ്പിച്ച അമേരിക്കയുടെ 250-ാം സ്വാതന്ത്യ ദിന ആഘോഷ പരിപാടിക്കിടെ ട്രംപ് അപ്രതീക്ഷിതമായി ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോറിൻ്റെ ഫോണിലേക്ക് വിളിക്കുകയായിരുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെയും എസ് ജയശങ്കറിൻ്റെയും സാന്നിധ്യത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

Add Asianetnews as a Preferred SourcegooglePreferred

"എല്ലാവർക്കും ഹലോ പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് പ്രധാനമന്ത്രിയെ ഇഷ്ടമാണ്. മോദി മികച്ചയാളാണ്. അദ്ദേഹം എന്റെ സുഹൃത്താണ്"- ട്രംപ് പറഞ്ഞു.

Scroll to load tweet…

ഇന്ത്യയുടെ ഏതാവശ്യത്തിനും അമേരിക്കയെ ആദ്യം വിളിക്കാമെന്നും ട്രംപ് പറഞ്ഞു. "ഞങ്ങൾ ഇന്ത്യയുമായി എന്നത്തേക്കാളും കൂടുതൽ അടുപ്പത്തിലാണ്, ഇന്ത്യയ്ക്ക് എന്നെയും ഞങ്ങളുടെ രാജ്യത്തെയും നൂറു ശതമാനം വിശ്വസിക്കാം. എപ്പോഴെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ, ആരെയാണ് വിളിക്കേണ്ടതെന്ന് അവർക്കറിയാം (ഇന്ത്യയ്ക്ക്). അവർ ഇവിടെയാണ് വിളിക്കുക. ഞങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് പോകുന്നു. ഞങ്ങൾ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. ഞങ്ങൾക്ക് റെക്കോർഡ് സമ്പദ്‌വ്യവസ്ഥയും റെക്കോർഡ് സ്റ്റോക്ക് മാർക്കറ്റും ഉണ്ട്, കൂടാതെ ഇന്ത്യയ്ക്ക് എന്ത് വേണമെങ്കിലും നൽകാൻ ഞങ്ങൾ തയ്യാറാണ്. ഞാൻ പ്രധാനമന്ത്രി മോദിയുടെ ഒരു വലിയ ആരാധകനാണ്"- ട്രംപ് പറഞ്ഞു.

ചടങ്ങിൽ സംസാരിച്ച സെർജിയോ ഗോർ, ട്രംപും മോദിയും തമ്മിലുള്ള അടുത്ത വ്യക്തിബന്ധത്തെ പ്രശംസിച്ചു. ട്രംപുമായി സംസാരിക്കുന്ന ഓരോ തവണയും മോദിയെക്കുറിച്ച് അന്വേഷിക്കുമെന്ന് സെർജിയോ ഗോർ പറഞ്ഞു. കഴിഞ്ഞ ദിവസം ട്രംപിന് വേണ്ടി സെർജിയോ ഗോർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചിരുന്നു. നാല് ദിവസത്തെ ഇന്ത്യ സന്ദ‍ർശനത്തിനെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.