ദില്ലി: അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് നാളെ ഇന്ത്യയിലെത്തും. അഹമ്മദാബാദിൽ ഉച്ചയോടെ എത്തുന്ന ട്രംപിന് വൻ സ്വീകരണം നല്കും. ദില്ലിയിൽ ചൊവ്വാഴ്ചയാകും ഔദ്യോഗിക കൂടിക്കാഴ്ചകൾ നടക്കുക. 36 മണിക്കൂർ നീണ്ടു നിലക്കുന്ന സന്ദർശനത്തിനെത്തുന്ന ട്രംപിനെ സ്വീകരിക്കാൻ അഹമ്മദാബാദും ആഗ്രയും ദില്ലിയും ഒരുങ്ങി.

കനത്ത സുരക്ഷാവലയത്തിലാണ് മൂന്ന് നഗരങ്ങളും. ഭാര്യ മെലാനിയ ട്രംപ് മകൾ ഇവാങ്ക മരുമകൻ ജാറദ് കഷ്നർ എന്നിവർക്കൊപ്പം മന്ത്രിമാരും ദേശീയ സുരക്ഷാ ഉപദേഷ്ടാവും ട്രംപിനൊപ്പം എത്തും. നൂറോളം മാധ്യമപ്രവർത്തരും ട്രംപിനൊപ്പം ഇന്ത്യയിലേക്ക് വരുന്നുണ്ട്. നാളെ വിമാനത്താവളം മുതൽ മോട്ടേര സ്റ്റേഡിയം വരെ ട്രംപും മോദിയും പങ്കെടുക്കുന്ന റോഡ് ഷോ ഉണ്ടായിരിക്കും.

സ്റ്റേഡിയത്തിലെ സ്വീകരണം രണ്ടു മണിക്കൂറിൽ അവസാനിക്കും. നരേന്ദ്രമോദിയും ഡോണൾഡ് ട്രംപും സ്വീകരണത്തിൽ സംസാരിക്കും. കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. ഉച്ചതിരിഞ്ഞ് ട്രംപും കുടുംബവും ആഗ്രയിലേക്ക് പോകും. യോഗി ആദിത്യനാഥ് ആഗ്രയിൽ ട്രംപിനെ സ്വീകരിക്കും. രണ്ടു മണിക്കൂർ ആഗ്രയിൽ തങ്ങിയ ശേഷം ദില്ലിയിലെത്തുന്ന ട്രംപ് മൗര്യ ഹോട്ടലിൽ രാത്രി തങ്ങും.

ഹൈദരാബാദ് ഹൗസിൽ ചൊവ്വാഴ്ചയാകും നിർണ്ണായക ചർച്ച നടക്കുക. ആയുധ കരാറുകൾക്കൊപ്പം പുതിയ ആണവകരാറും ആലോചനയിലുണ്ട്. അഫ്ഗാനിസ്ഥാൻ, കശ്മീർ ,പൗരത്വ വിഷയങ്ങൾ ഉയർന്നു വരും. പാക് കേന്ദ്രീകൃത ഭീകരവാദം ഇന്ത്യ ശക്തമായി ഉന്നയിക്കും. ഇന്ത്യാ അമേരിക്ക ബന്ധം കഴിഞ്ഞ ഒരു വർഷത്തിൽ ഏറെ മുന്നോട്ടു പോയി. 

സുരക്ഷാ രംഗത്ത് രഹസ്യാന്വേഷണ വിവരം പരസ്പരം കൈമാറും. സംയുക്ത സൈനിക അഭ്യാസങ്ങൾ തുടരും. അമേരിക്കയിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ ലക്ഷ്യം കൂടിയുള്ള സാഹചര്യത്തിൽ സൗഹൃദം ശക്തമാക്കുന്ന സമീപനം ട്രംപിൽ നിന്ന് പ്രതീക്ഷിക്കുന്നു.