ഇന്ത്യ- അമേരിക്ക വ്യാപാര കരാറിൽ നിർണായക പുരോ​ഗതിയുണ്ടായെന്നാണ് കൂടികാഴ്ചയ്ക്ക് പിന്നാലെ വിദേശകാര്യമന്ത്രാലയം വാർത്താ കുറിപ്പിലൂടെ അറിയിച്ചത്.

ദില്ലി: ജനാധിപത്യ രാജ്യങ്ങളിലെ ഏറ്റവും ജനകീയനായ നേതാവാണ് നരേന്ദ്ര മോദിയെന്നും മോദിയുടെ സ്വീകാര്യതയിൽ അസൂയയുണ്ടെന്ന് അദ്ദേഹത്തോട് പറഞ്ഞതായും അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് പറഞ്ഞു. ബൈഡൻ ഭരണകൂടത്തെ പോലെ മോദിയെ ഉപദേശിക്കുന്ന സമീപനം ട്രംപ് സർക്കാരിനില്ലെന്നും വ്യക്തമാക്കിയ വാൻസ് ട്രംപിന്റെ വ്യാപാര നയത്തെ പ്രകീർത്തിക്കുകയും ചെയ്തു. 

വാൻസിന്റെ ഇന്ത്യ സന്ദ‌ർശനം തുടരുകയാണ്. നാളെ താജ്മ​ഹൽ സന്ദ‌ർശിക്കും. ഇന്നലെ വൈകീട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലായിരുന്നു വാൻസിനും കുടുംബത്തിനും അത്താഴ വിരുന്ന് ഒരുക്കിയിരുന്നത്.

ഇന്ത്യ- അമേരിക്ക വ്യാപാര കരാറിൽ നിർണായക പുരോ​ഗതിയുണ്ടായെന്നാണ് കൂടികാഴ്ചയ്ക്ക് പിന്നാലെ വിദേശകാര്യമന്ത്രാലയം വാർത്താ കുറിപ്പിലൂടെ അറിയിച്ചത്. ട്രംപ് ഈ വർഷം തന്നെ ഇന്ത്യ സന്ദർശിച്ചേക്കും. ദില്ലി ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ കുടുംബസമേതം വൈകിട്ടാണ് ജെ ഡി വാൻസ് എത്തിയത്. മോദി ഊഷ്മളമായി ഇവരെ സ്വീകരിച്ചു. ഭാര്യയും ഇന്ത്യൻ വംശജയുമായ ഉഷ വാൻസും മക്കളും ഒപ്പമുണ്ടായിരുന്നു. കൂടിക്കാഴ്ചയിൽ ഇന്ത്യ - അമേരിക്ക വ്യാപാര കരാറടക്കം നിർണായക വിഷയങ്ങൾ ചർച്ചയായി.

Read More:തിരുവാതുക്കൽ ഇരട്ടക്കൊല; സംഭവം നടന്ന വീട്ടിലെ കിണറിൽ പരിശോധന, വെള്ളം പൂർണമായി വറ്റിക്കും

ഇന്ത്യ അമേരിക്ക വ്യാപാര കരാറിനുള്ള ചർച്ചകളിൽ പുരോഗതിയെന്ന് വൈറ്റ് ഹൗസും അറിയിച്ചു. ചർച്ചയിലെ പരിഗണന വിഷയങ്ങൾക്ക് മോദിയും വാൻസും അന്തിമ രൂപം നല്കി. ‘നവ, ആധുനിക കാല’ കരാറിന് ധാരണയെന്നും വൈറ്റ് ഹൗസ് അറിയിച്ചു. രണ്ടു രാജ്യങ്ങളിലെയും കർഷകരുടെ അടക്കം താല്പര്യം സംരക്ഷിക്കും. മൂന്ന് മാസത്തിനുള്ളിൽ കരാർ യാഥാർത്ഥ്യമാക്കാൻ ശ്രമിക്കുമെന്നും യുഎസ് അറിയിച്ചു. ഇന്ത്യൻ വിദ്യാർത്ഥികളെ പുറത്താക്കിയ അമേരിക്കയുടെ നടപടിയും കൂടികാഴ്ചയിൽ ചർച്ചയായോ എന്ന് വ്യക്തമാക്കിയിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം