ചൊവ്വാഴ്ച രാവിലെ സഭാ സമ്മേളനം തുടങ്ങുന്നതിന് മുമ്പായിരുന്നു സ്പീക്കറുടെ പരാമർശം. 

ലക്നൗ: ഉത്തർപ്രദേശ് നിയമസഭാ ഹാളിൽ പാൻ മസാല ചവച്ച് തുപ്പിയ എംഎൽഎയെ വിമർശിച്ച് സ്പീക്കർ. ചൊവ്വാഴ്ച രാവിലെ സഭാ സമ്മേളനം തുടങ്ങുന്നതിന് മുമ്പായിരുന്നു നാടകീയ രംഗങ്ങൾ. അംഗങ്ങളോട് സംസാരിച്ച സ്പീക്കർ സതീഷ് മഹാന, ഇത്തരമൊരു കാര്യം സംബന്ധിച്ച വിവരം ലഭിച്ചപ്പോൾ താൻ നേരിട്ട് പോയി അത് വൃത്തിയാക്കുകയായിരുന്നു എന്നും പറഞ്ഞു.

സഭാ ഹാളിൽ പാൻ മസാല ചവച്ചു തുപ്പിയ എംഎൽഎ ആരാണെന്ന് തനിക്ക് അറിയാമെന്നും വീഡിയോ ദൃശ്യങ്ങളിലൂടെ താൻ അത് കണ്ടുവെന്നും പറഞ്ഞെങ്കിലും പൊതുജന മദ്ധ്യത്തിൽ അവഹേളനം ഒഴിവാക്കാനായി താൻ പേര് പരസ്യമാക്കുന്നില്ലെന്നും സതീഷ് മഹാന പറഞ്ഞു. "നമ്മുടെ ഈ വിധാൻ സഭാ ഹാളിൽ ഒരു അംഗം പാൻ മാസാല ഉപയോഗിച്ച ശേഷം തുപ്പിയതായി ഇന്ന് രാവിലെ തനിക്ക് വിവരം ലഭിച്ചു. ഞാൻ നേരിട്ട് ഇവിടെ വന്ന് അത് വൃത്തിയാക്കുകയായിരുന്നു. എംഎൽഎ ആരാണെന്ന് വീഡിയോയിൽ ഞാൻ കണ്ടു. പക്ഷേ ആരെയും അപമാനിക്കാൻ ഉദ്ദേശിക്കുന്നില്ല. അതുകൊണ്ടു തന്നെ പേര് പറയുന്നില്ല. ഇങ്ങനെ ആരെങ്കിലും ചെയ്യുന്നത് കണ്ടാൽ അവരെ തടയണമെന്നാണ് എല്ലാ എംഎൽഎമാരോടും എനിക്ക് പറയാനുള്ളത്. ഈ നിയമസഭ വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. ഇത് ചെയ്ത എംഎൽഎ എന്റെ അടുത്ത് വന്ന് ഇത് ചെയ്തതത് ഞാനാണന്ന് സമ്മതിച്ചാൽ അത് നല്ല കാര്യമാണ്. അല്ലെങ്കിൽ ഞാൻ അവരെ വിളിക്കും" - സ്‍പീക്കർ പറ‍ഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം