ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെ കൈകാര്യം ചെയ്യും. ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യക്ക് പൊതു മരാമത്ത് വകുപ്പ് ലഭിച്ചേക്കും. ഉപമുഖ്യമന്ത്രിയായ ബ്രജേഷ് പാഠക്കിന് നഗര വികസനം ലഭിക്കാനാണ് സാധ്യത.

ലഖ്നൗ: ഉത്തർപ്രദേശ് മന്ത്രിസഭ (UP Cabinet) രൂപീകരണത്തിൽ ഇന്ന് കൂടുതൽ തീരുമാനമുണ്ടായേക്കും. മന്ത്രിമാരുടെ വകുപ്പുകളിൽ ഇന്ന് തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന. 

ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് (Yogi Adityanath) തന്നെ കൈകാര്യം ചെയ്യും. ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യക്ക് (Keshava Prasad Maurya) പൊതു മരാമത്ത് വകുപ്പ് ലഭിച്ചേക്കും. ഉപമുഖ്യമന്ത്രിയായ ബ്രജേഷ് പാഠക്കിന് നഗര വികസനം ലഭിക്കാനാണ് സാധ്യത. സ്വതന്ത്ര ദേവിന് ജല വകുപ്പ്, മോദിയുടെ അടുപ്പക്കാരനായ എകെ ശർമയ്ക്ക് ആരോഗ്യം, ബേബി റാണി മൗര്യക്ക് വിദ്യാഭ്യാസം ,സുരേഷ് ഖന്നയ്ക്ക് ധനവകുപ്പ് എന്നിങ്ങനെ നൽകാനും സാധ്യതയുണ്ട്. സൂര്യ പ്രതാപ് ഷാഹിക്ക് കൃഷിവകുപ്പ് ലഭിക്കുമെന്നും സൂചനയുണ്ട്. 

52 അംഗ മന്ത്രിസഭയാണ് യോഗി ആദിത്യനാഥിനൊപ്പം വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്തതത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടുള്ള പ്രൗഢഗംഭീരമായ സദസ്സിനെ സാക്ഷിയാക്കിയായിരുന്നു യോഗിയുടെ സത്യപ്രതിജ്ഞ. ഉത്തര്‍പ്രദേശിലെ ചരിത്ര വിജയത്തോട് കിടപിടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങാണ് ലക്നൗവിലെ ഏക്ന സ്റ്റേഡിയത്തില്‍ നടന്നത് . മുഖ്യാതിഥിയായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ ബിജെപിയുടെ വൻ നേതൃനിര തന്നെ സത്യപ്രതിജ്ഞ ചടങ്ങിനെത്തിയിരുന്നു. ആരൊക്കെ ഉപമുഖ്യമന്ത്രിയാകുമെന്ന സസ്പെന്‍സിന് ചടങ്ങിന് തൊട്ടു മുന്‍പ് ഉത്തരമായി. കേശവ് പ്രസാദ് മൗര്യയും ബ്രജേഷ് പാഠക്കുമാണ് ഉപമുഖ്യമന്ത്രിമാര്‍.

സിരാത്തുവില്‍ തോറ്റെങ്കിലും പിന്നാക്ക വിഭാഗം നേതാവായ കേശവ്പ്രസൗദ് മൗര്യയെ ഉപമുഖ്യമന്ത്രിയായി നിലനിര്‍ത്താനായിരുന്നു ബിജെപി തീരുമാനം. എന്നാല്‍ ദിനേശ് ശർമ്മക്ക് പകരം ബ്രാഹ്മണവിഭാഗത്തില്‍ നിന്ന് തന്നെയുള്ള ബ്രജേഷ് പാഠക്കിനാണ് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിച്ചത്. ബിഎസ്പിയുടെ ബ്രാഹ്മണ മുഖമായിരുന്ന ബ്രജേഷ് പാഠക്ക് 2016 ലാണ് ബിജെപിയില്‍ എത്തിയത്. ഉപമുഖ്യമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കിലും ബിജെപി സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്രദേവിന് വലിയ വകുപ്പ് തന്നെ ലഭിക്കുമെന്ന് ഉറപ്പാണ്.

മോദിയുടെ അടുപ്പക്കാരനായ എകെ ശര്‍മക്കും മന്ത്രിസ്ഥാനം ലഭിച്ചു. ജാഠവ വിഭാഗത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവും മുന്‍ ഉത്തരാഖണ്ഡ് ഗവര്‍ണറുമായ ബേബി റാണി മൗര്യയും ക്യാബിനെറ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. 52 അംഗ മന്ത്രി സഭയില്‍ 16 ക്യാബിനെറ്റ് മന്ത്രിമാരും 14 സ്വതന്ത്രചുമതലയുള്ള സഹമന്ത്രിമാരും 20 സഹമന്ത്രിമാരുമാണ് ഉള്ളത്. അഞ്ച് വനിതകള്‍ക്കും മന്ത്രിസ്ഥാനം ലഭിച്ചു.