ലഖ്നൗ: മുത്തലാഖിന് ഇരയായവർക്ക് വാർഷിക പെൻഷൻ പ്രഖ്യാപിച്ച് ഉത്തർപ്രദേശിലെ യോ​ഗി ആദിത്യനാഥ് സർക്കാർ. ഇവർക്ക് വർഷത്തിൽ 6,000രൂപ നൽകുമെന്നാണ് സർക്കാർ പ്രഖ്യാപനം. 

സർക്കാരിന്റെ തീരുമാനത്തെ സ്വാ​ഗതം ചെയ്യുന്നതായി ഷിയ വിഭാഗം നേതാവ് മൗലാന സൈഫ് അബ്ബാസ് പറഞ്ഞതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. മുത്തലാഖ് ഇരകൾക്ക് പെൻഷനായി 500 രൂപ നൽകുന്നതിനേക്കാൾ നല്ലത്, അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിലും വീടുകളിലെ പ്രശ്‌നങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സർക്കാരിന്റെ നീക്കം രാഷ്ട്രീയ താൽപര്യത്തിന് വേണ്ടിയാണെന്നാണ് സുന്നി പുരോഹിതനായ മൗലാന സുഫിയാന പറഞ്ഞത്.'ഈ വിഷയത്തിൽ രാഷ്ട്രീയം നടന്നിട്ടുണ്ട്. പ്രതിമാസം 500 രൂപ പെൻഷനായി നൽകി സർക്കാർ എന്ത് നീതി നടപ്പാക്കാനാണ് ആഗ്രഹിക്കുന്നത്'എന്ന് അദ്ദേഹം ചോദിച്ചു.

എന്നാൽ, സർക്കാരിന്റേത് നല്ല നടപടിയാണെന്നും എന്നാൽ അനുവദിച്ചിരിക്കുന്ന തുക കുറവാണെന്നുമാണ് അഖിലേന്ത്യാ മുസ്ലിം വിമൻസ് വ്യക്തി നിയമ ബോർഡ് പ്രസിഡന്‍റ് ഷാഹിസ് അംബാർ പ്രതികരിച്ചത്. പ്രതിവർഷം 6,000രൂപ ലഭിക്കുന്നതുകൊണ്ട് അവരുടെ അടിസ്ഥാന ആവശ്യങ്ങൽ നിറവേറ്റുക എന്നത് ബുദ്ധിമുട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.