സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് വിപുലമായ പരിപാടികൾ നടത്തുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ അറിയിച്ചിരുന്നു

ലഖ്നൗ: സ്വാതന്ത്ര്യ ദിനത്തിലെ അവധി ഒഴിവാക്കി ഉത്തർപ്രദേശ് സർക്കാർ. സ്കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ, മാർക്കറ്റുകൾ, സർക്കാർ - സർക്കാരിതര സ്ഥാപനങ്ങൾ എന്നിവയെല്ലാം തുറന്നു പ്രവർത്തിക്കുമെന്ന് സർക്കാർ അറിയിച്ചു. സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് വിപുലമായ പരിപാടികൾ നടത്തുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ അറിയിച്ചിരുന്നു. ഔപചാരിക പരിപാടികൾക്കപ്പുറം ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് അവധി ഒഴിവാക്കുന്നതെന്നാണ് സൂചന.

ലുലു മാളിലെ നമസ്കാരം; കേസെടുത്ത് യുപി പൊലീസ്

അതേസമയം കഴിഞ്ഞ ദിവസം ഉദ്ഘാടനം ലഖ്നൗ ലുലുമാളിൽ നമസ്കരിച്ച അജ്ഞാത സംഘത്തിനെതിരെ യുപി പൊലീസ് കേസെടുത്തു. മാളിന്‍റെ പബ്ലിക് റിലേഷൻ മാനേജർ സിബ്‌തൈൻ ഹുസൈൻ നൽകിയ പരാതിയിൽ സുശാന്ത് ഗോൾഫ് സിറ്റി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. അനുമതിയില്ലാതെ മാളിൽ നമസ്‌കരിച്ചു എന്നാണ് പരാതി. നേരത്തെ അജ്ഞാതരായ ഒരു കൂട്ടം ആളുകൾ മാളിൽ നമസ്‌കരിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ എതിർപ്പുമായി ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തുകയും ചെയ്തു. ജൂലായ് 12നാണ് വീഡിയോ എടുത്തതെന്നാണ് സൂചന. മാളിനുള്ളിൽ നമസ്കരിച്ചതിനെതിരെ അഖില ഭാരത ഹിന്ദു മഹാസഭ എതിർപ്പുമായി രംഗത്തെത്തി. ഹൈന്ദവർക്കും മാളിനുള്ളിൽ പ്രാർത്ഥന നടത്തണമെന്നും അതിന് അവസരമൊരുക്കണമെന്നുമുള്ള ആവശ്യവുമായി സംഘടനകൾ രംഗത്തെത്തി. പിന്നാലെ ഹിന്ദുക്കൾ മാൾ ബഹിഷ്‌കരിക്കണമെന്നും സംഘടന ആഹ്വാനം ചെയ്തിരുന്നു.

ലഖ്നൗ ലുലുമാളിൽ നമസ്കരിക്കുന്ന വീഡിയോ പുറത്ത്; മാൾ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി ഹിന്ദുത്വ സംഘടനകൾ

ഐപിസി 153 എ (1) (സമുദായിക സ്പർദ്ധ വളർത്തൽ), 295എ (മതവികാരം വ്രണപ്പെടുത്തൽ), 505 (പൊതുനാശത്തിന് കാരണമാകുന്ന പ്രസ്താവന) 341 വകുപ്പുകൾ പ്രകാരമാണ് കേസ്. അജ്ഞാതർ നമസ്കരിച്ചതാണെന്നും മാൾ ജീവനക്കാരോ മാനേജ്‌മെന്റോ ഇതിൽ ഉൾപ്പെട്ടതായി അറിവില്ല എന്നും പൊലീസ് അറിയിച്ചു. പൊതുസ്ഥലങ്ങളിൽ നമസ്‌കാരത്തിന് വിലക്കുണ്ടെന്നും പൊലീസ് വ്യക്തമാക്കി.