നിയമം നടപ്പാക്കുന്നതിന്‍റെ ഭാഗമായി പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവടങ്ങില്‍ നിന്നുള്ള ഹിന്ദു, സിഖ്, ജൈന, പാഴ്സി, ക്രിസ്ത്യന്‍ ബുദ്ധ വിഭാഗങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളുടെ പട്ടിക തയാറാക്കാന്‍ യുപി സര്‍ക്കാര്‍ ഉത്തരവിട്ടതായി റിപ്പോര്‍ട്ട്.

ലക്നൗ: രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം ആഞ്ഞടിക്കുമ്പോള്‍ നിയമം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകാന്‍ ഒരുങ്ങി ഉത്തര്‍പ്രദേശ്. നിയമം നടപ്പാക്കുന്നതിന്‍റെ ഭാഗമായി പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവടങ്ങില്‍ നിന്നുള്ള ഹിന്ദു, സിഖ്, ജൈന, പാഴ്സി, ക്രിസ്ത്യന്‍ ബുദ്ധ വിഭാഗങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളുടെ പട്ടിക തയാറാക്കാന്‍ യുപി സര്‍ക്കാര്‍ ഉത്തരവിട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ഈ പട്ടിക തയാറാക്കുമ്പോള്‍ അനധികൃത അഭയാര്‍ത്ഥികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സഹായകരമാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവടങ്ങളില്‍ നിന്ന് ദശകങ്ങളായി പൗരത്വം ഇല്ലാതെ യുപിയില്‍ താമസിക്കുന്ന അഭയാര്‍ത്ഥികളെ കണ്ടെത്താന്‍ ജില്ലാ മജിസ്ട്രേറ്റുകള്‍ നിര്‍ദേശിച്ചതായി അഡീഷണല്‍ ചീഫ് സെക്രട്ടറി അവിനാഷ് അശ്വതി പറഞ്ഞു.

അഫ്ഗാനിസ്ഥാനില്‍ നിന്ന് യുപിയിലെത്തിയവരുടെ എണ്ണം വളരെ കുറവായിരിക്കും. പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും എത്തിയവരാകും കൂടുതല്‍. പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള ആദ്യ ചവിട്ടുപടിയാണ് വിവര ശേഖരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യഥാര്‍ത്ഥ അഭയാര്‍ത്ഥികളെ കണ്ടെത്താനും അവര്‍ക്ക് പൗരത്വം നല്‍കാനുമുള്ള സര്‍ക്കാര്‍ ഇടപെടലാണ് ഈ നടപടി. പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ കൂടുതലായും ലക്നൗ, ഹാപുര്‍, രാംപുര്‍, നൊയ്ഡ, ഗാസിയബാദ് തുടങ്ങിയ സ്ഥലങ്ങളിലാണുള്ളത്. പൗരത്വ നിയമം അനുസരിച്ച് അവര്‍ക്ക് പൗരത്വം നല്‍കുമെന്നും അവിനാശ് കൂട്ടിച്ചേര്‍ത്തു.