ബിജെപിയില്‍ നിന്ന് രാജിവെക്കുകയാണെന്ന് പ്രസാദ് മൗര്യ ട്വിറ്ററിലൂടെ അറിയിച്ചതിന് പിന്നാലെ ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ കേശവപ്രസാദ് മൗര്യ പ്രസാദ് മൗര്യ തീരുമാനം പുഃനപരിശോധിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി. 

ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് (Uttarpradesh election) തൊട്ടുമുമ്പ് ബിജെപി വിട്ടതില്‍ വിശദീകരണവുമായി ബിജെപി (BJP) നേതാവും മന്ത്രിയുമായ പ്രസാദ് മൗര്യ (Prasad Maurya). ഏവരെയും ഞെട്ടിച്ച് ബിജെപി വിട്ട മൗര്യ സമാജ് വാദി പാര്‍ട്ടിയിലാണ് (Samajwadi Party) ചേര്‍ന്നത്. എന്‍ഡിടിവിയോടാണ് അദ്ദേഹം മനസ്സുതുറന്നത്. ''ഞാന്‍ ബിഎസ്പി വിടുന്നത് വരെ ഉത്തര്‍പ്രദേശിലെ നമ്പര്‍ വണ്‍ പാര്‍ട്ടിയായിരുന്നു അത്. ഇപ്പോള്‍ ബിഎസ്പി എവിടെയുമില്ല. ഞാന്‍ ബിജെപിയിലെത്തിയപ്പോള്‍ 14 വര്‍ഷത്തെ വനവാസത്തിന് ശേഷം ഭൂരിപക്ഷത്തോടെ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചു. പക്ഷേ അവര്‍ ഇപ്പോള്‍ ജനങ്ങള്‍ക്കെതിരെയാണ് പ്രവര്‍ത്തിക്കുന്നത്. ഉചിതമായ വേദികളില്‍ ഞാനെന്റെ വിയോജിപ്പ് അറിയിച്ചിരുന്നു. പക്ഷേ ആരും എന്റെ വാക്കുകള്‍ക്ക് ചെവികൊടുത്തില്ല. അതിന്റെ ഫലമാണ് ഞാനിപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുന്നത്''-.അദ്ദേഹം പറഞ്ഞു.

ബിജെപിയില്‍ നിന്ന് രാജിവെക്കുകയാണെന്ന് പ്രസാദ് മൗര്യ ട്വിറ്ററിലൂടെ അറിയിച്ചതിന് പിന്നാലെ ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ കേശവപ്രസാദ് മൗര്യ പ്രസാദ് മൗര്യ തീരുമാനം പുഃനപരിശോധിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി. ''അദ്ദേഹം എന്തുകൊണ്ടാണ് പാര്‍ട്ടി വിട്ടതെന്ന് അറിയില്ല. അദ്ദേഹം രാജിവെക്കരുത്. പ്രശ്‌നങ്ങള്‍ സംസാരിച്ച് പരിഹരിക്കാം. തിടുക്കത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ പിന്നീട് തിരിച്ചടിയാകും''-കേശവപ്രസാദ് മൗര്യ പറഞ്ഞു. ഉപമുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രസാദ് മൗര്യയും രംഗത്തെത്തി. ''എന്തുകൊണ്ടാണ് ഉപമുഖ്യമന്ത്രി ഇക്കാര്യം നേരത്തെ ചിന്തിക്കാതിരുന്നത്. എന്തുകൊണ്ടാണ് അദ്ദേഹം ഇപ്പോള്‍ എന്നെ ഓര്‍ക്കുന്നത്? ഇപ്പോള്‍ എല്ലാവരും സംസാരിക്കാന്‍ വരും. പക്ഷേ ആവശ്യമുള്ളപ്പോള്‍ ആര്‍ക്കും സമയമുണ്ടായിരുന്നില്ല''-അദ്ദേഹം പറഞ്ഞു.