പിലിഭിത്ത്: കൊവിഡ് ജാഗ്രതയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യു രാജ്യമെമ്പാാടും ഏറ്റെടുത്ത് നടപ്പാക്കിയിരുന്നു. എന്നാല്‍ ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ ജനതാ കര്‍ഫ്യുവിനിടെ ഞായറാഴ്ച ഘോഷയാത്ര നടത്തുകയും പരിപാടിയില്‍ എസ്പിയും ജില്ലാ മജിട്രേറ്റും ഘോഷയാത്രയില്‍ പങ്കെടുക്കുകയും ചെയ്തത് വിവാദമാകുന്നു. ഘോഷയാത്രയുടെ വീഡിയോ പുറത്തായതോടെ യുപി പൊലീസിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് നടന്ന ജനത കര്‍ഫ്യൂവിന്റെ ഭാഗമായി വീടുകളില്‍നിന്ന് കൈയടിച്ചും പാത്രങ്ങള്‍ കൊട്ടിയും മണികിലുക്കിയും ജനങ്ങള്‍ ആരോഗ്യപ്രവര്‍ത്തകരോട് നന്ദി അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് പിലിഭിത്തില്‍ ഘോഷയാത്ര നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആള്‍ക്കൂട്ടം പാടില്ലെന്നും സാമൂഹ്യ സമ്പര്‍ക്കം ഒഴിവാക്കണമെന്നുമുള്ള കര്‍ശന നിര്‍ദേശങ്ങള്‍ക്കിടെയാണ് അധികൃതര്‍ തന്നെ ഘോഷയാത്രക്ക് നേതൃത്വം കൊടുത്തതായി ആരോപണമുയര്‍ന്നരിക്കുന്നതെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.  

ഞായറാഴ്ച വൈകിട്ടോടെയായിരുന്നു ഘോഷയാത്ര. എസ്.പി.അഭിഷേക് ദീക്ഷിതും ജില്ലാ മജിസ്ട്രേറ്റ് വിഭവ് ശ്രീവാസ്തവയുമാണ് ജാഥക്ക് നേതൃത്വം നല്‍കിയതെന്നാണ് ആരോപണം. ഇവര്‍ക്ക് പിന്നിലും മുന്നിലുമായ നിരവധി ആളുകള്‍ പാത്രങ്ങള്‍കൊട്ടിയും മറ്റുമായി അണിനിരന്നു. കുട്ടികളടക്കം ഈ ജാഥയിലുണ്ടായിരുന്നു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഇതോടെ പ്രതിക്കൂട്ടിലായ പിലിഭിത്ത് പോലീസ് വിശദീകരണവുമായി രംഗത്തെത്തി. 

'ജില്ലാ മജിസ്ട്രേറ്റും എസ്പിയും കര്‍ഫ്യൂ ലംഘനം നടത്തിയിട്ടില്ല. ചില ആളുകള്‍ തെരുവകളിലെ വീടുകളില്‍ നിന്ന് ഇവര്‍ക്കൊപ്പം ചേരുകയായിരുന്നു. അവരോട് വീടുകളിലേക്ക് തിരികെ പോകാന്‍ ആവശ്യപ്പെട്ടിരുന്നു. ബലപ്രയോഗം നടത്തുന്നത് ന്യായമല്ലാത്തത്ക്കൊണ്ട് അതുണ്ടായില്ല. ഇക്കാര്യത്തില്‍ ഏകപക്ഷീയമായ പ്രചാരണമാണ് നടത്തുന്നത്' പൊലീസ് വിശദീകരണ കുറിപ്പില്‍ അറിയിച്ചു. എന്നാല്‍ എസ്പിയും ജില്ലാ മജിസ്‌ട്രേറ്റും എന്തിന് ജാഥയെ അനുഗമിച്ചെന്ന് പൊലീസ് പറയുന്നില്ല.

അതേസമയം, എസ്പിക്കും ജില്ലാ മജിസ്ട്രേറ്റിനുമെതിരെ പിലിഭിത്ത് എംപി വരുണ്‍ ഗാന്ധി രംഗത്തെത്തി. എസ്പിയുടെയും ജില്ലാ മജിസ്‌ട്രേറ്റിന്‍ഫെയും ഭാഗത്ത് നിന്നും നിരുത്തരവാദപരമായ നടപടിയാണ് ഉണ്ടായത്. താനടക്കം സ്വയം നിരീക്ഷണത്തിലാണ്. പക്വമായ പെരുമാറ്റം അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും ജനതാകര്‍ഫ്യൂവിനിടെ ഉണ്ടായ ഈ സംഭവത്തില്‍ അന്വേഷണം വേണമെന്നും വരുണ്‍ ഗാന്ധി ആവശ്യപ്പെട്ടു. എസ്പിയും ജില്ലാ മജിസ്‌ട്രേറ്റും ഘോഷയാത്രയില്‍ അണിനിരന്ന വീഡിയ ട്വിറ്ററിലടക്കം പ്രചരിക്കുന്നുണ്ട്.