സ്പെഷൽ ഡ്യൂട്ടിയിലുള്ള ഉദ്യോ​ഗസ്ഥൻ കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇദ്ദേഹവും കുടുംബവും സുരക്ഷാ ഉദ്യോ​ഗസ്ഥരുൾപ്പെടെയുള്ളവരും കൊവിഡ് പരിശോധനയ്ക്ക് വിധേയരായത്.    


ഡെറാഡൂൺ: കൊവിഡ് പരിശോധനാ ഫലം നെ​ഗറ്റീവാണെങ്കിലും മുൻകരുതൽ സ്വീകരിച്ച് മൂന്നു ദിവസം ഐസൊലേഷനിൽ തുടരാൻ തീരുമാനിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിം​ഗ് റാവത്ത്. താനും കുടുംബവും സുരക്ഷാ ഉദ്യോ​ഗസ്ഥരും ജീവനക്കാരും കൊവിഡ് പരിശോധന നടത്തിയതായി ത്രിവേന്ദ്ര സിം​ഗ് ട്വീറ്റ് ചെയ്തു. 

'ദൈവത്തിന്റെ അനു​ഗ്രഹത്താൽ പരിശോധനാ ഫലം നെ​ഗറ്റീവാണ്. എന്നിരുന്നാലും ഒരു മുൻകരുതൽ എന്ന നിലയിൽ അടുത്ത മൂന്നു ദിവസങ്ങളിൽ ഐസൊലേഷനിൽ കഴിയാനാണ് തീരുമാനം. ടെലഫോൺ വഴിയും വിർച്വൽ സംവിധാനം വഴിയും വീട്ടിലിരുന്ന് മുഖ്യമന്ത്രിയെന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങൾ നിറവേറ്റുകയും ചെയ്യും ത്രിവേന്ദ്ര സിം​ഗ് ട്വീറ്റ് ചെയ്തു. സ്പെഷൽ ഡ്യൂട്ടിയിലുള്ള ഉദ്യോ​ഗസ്ഥൻ കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇദ്ദേഹവും കുടുംബവും സുരക്ഷാ ഉദ്യോ​ഗസ്ഥരുമുൾപ്പെടെയുള്ളവര്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയരായത്.

ഉത്തരാഖണ്ഡിൽ ഇന്നലെ 24 മണിക്കൂറിനുള്ളിൽ 412 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 15529 പേരാണ് സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരായിട്ടുളളത്. ഔദ്യോഗിക വിവരമനുസരിച്ച് 10,912 പേരുടെ രോഗം ഭേദമായി. 207 പേര്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചു.