Asianet News MalayalamAsianet News Malayalam

ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സത്പാല്‍ മഹാരാജിന് കൊവിഡ് സ്ഥിരീകരിച്ചു

പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച് മന്ത്രിയുടെ സ്റ്റാഫുകളെയെല്ലാം ക്വാറന്‍റീന്‍ ചെയ്തിട്ടുണ്ട്. സത്പാലിന്‍റെ ഭാര്യക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മന്ത്രിയടക്കം 40 പേരെയാണ് ഐസ്വലേഷനില്‍ ആക്കിയിരുന്നത്.

uttarakhand tourism minister Satpal Maharaj tested covid 19 positive
Author
Dehradun, First Published May 31, 2020, 5:50 PM IST

ദില്ലി: ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സത്പാല്‍ മഹാരാജിന് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. സത്പാലിന്‍റെ ഭാര്യക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച് മന്ത്രിയുടെ സ്റ്റാഫുകളെയെല്ലാം ക്വാറന്‍റീന്‍ ചെയ്തിട്ടുണ്ട്. സത്പാലിന്‍റെ ഭാര്യക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മന്ത്രിയടക്കം 40 പേരെയാണ് ഐസ്വലേഷനില്‍ ആക്കിയിരുന്നത്.

ദില്ലിയില്‍ നിന്നുള്ള ചിലര്‍ സന്ദര്‍ശിച്ചതിന് പിന്നാലെ ഒരാഴ്ച മുമ്പ് മന്ത്രിയെ വീട്ടില്‍ ക്വാറന്‍റീനില്‍ ആക്കിയിരുന്നതായാണ് ഡെറാഡൂണ്‍ അഡ്മിനിസ്ട്രേഷന്‍ അറിയിച്ചത്. അതേസമയം, ലോക്ക്ഡൗണ്‍ നാലാംഘട്ടം ഇന്നവസാനിക്കുമ്പോള്‍ രാജ്യത്തെ പ്രതിദിന രോഗബാധ നിരക്ക് എണ്ണായിരം പിന്നിട്ടു. രാജ്യവ്യാപക ലോക്ക്ഡൗണിന് കേന്ദ്രസര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും പല സംസ്ഥാനങ്ങളും ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടാന്‍ തീരുമാനിച്ചിട്ടുണ്ട്.

പഞ്ചാബിനും മധ്യപ്രദേശിനും പിന്നാലെ തമിഴ്നാട്, ബിഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളും ലോക്ക്ഡൗൺ നീട്ടിയതായി അറിയിച്ചു. തമിഴ്നാട്ടിൽ ചെന്നൈ, ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ എന്നീ തീവ്രബാധിത ജില്ലകളിലാണ് ജൂൺ 30 വരെ ലോക്ക്ഡൗൺ തുടരുക. ഇവ ഒഴികെയുള്ള ജില്ലകളിൽ കൂടുതല്‍ ഇളവ് ഏർപ്പെടുത്തി. അറുപത് ശതമാനം യാത്രക്കാരോടെ പൊതുഗതാഗതത്തിന് അനുമതിയുണ്ട്. കണ്ടൈയ്ൻമെന്‍റ് സോണില്‍ ഒഴികെ നാളെ മുതല്‍ ഓട്ടോ ടാക്സി സര്‍വ്വീസുകള്‍ നടത്താം.

ഉത്തർപ്രദേശിൽ ആരാധനാലയങ്ങൾ, റെസ്റ്റോറന്റുകൾ, ഷോപ്പിങ് മാളുകൾ എന്നിവ ജൂൺ 8 മുതൽ തുറക്കാൻ അനുവദിക്കും. ബീഹാറും തീവ്രബാധിത മേഖലകളിലാണ് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് കൊവിഡ് രോഗികൾ ഏറ്റവും കൂടുതലുള്ളത്. ഇന്നലെ 2940 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ഇവിടെ രോഗം ബാധിച്ചവരുടെ എണ്ണം 65,168 ആയി.

ഇന്നലെ മാത്രം 99 രോഗബാധിതരാണ് മഹാരാഷ്ട്രയിൽ മരിച്ചത്. ആകെ മരിച്ചവരുടെ എണ്ണം 2197 ആയി. നാളെ മുതൽ അൺലോക്ക് ഘട്ടം ആരംഭിക്കുമെങ്കിലും മുംബൈ, പുനെ ഉൾപ്പടെയുള്ള ഇടങ്ങളിലൊന്നും ഇളവുകൾ നിലവിൽ വരില്ലെന്നാണ് സൂചന. 3169 കണ്ടെയിൻമെന്റ് സോണുകളാണ് മഹാരാഷ്ട്രയിലുള്ളത്. ഇതിൽ 684 എണ്ണവും മുംബൈയിലാണ്.

Follow Us:
Download App:
  • android
  • ios