Asianet News MalayalamAsianet News Malayalam

ഉത്തരാഖണ്ഡ് ദുരന്തം; കാണാതായവർക്കായുള്ള തെരച്ചിൽ എങ്ങുമെത്തിയില്ല

ഇതുവരെ മണ്ണും ചെളിയും നീക്കിക്കൊണ്ടിരുന്ന തുരങ്കത്തിലായിരിക്കില്ല തൊഴിലാളികള്‍ എന്ന മനസ്സിലായതിന്‍റെ അടിസ്ഥാനത്തിലാണ് മറ്റൊരു ടണലിലേക്ക് തെരച്ചില്‍ വ്യാപിപ്പിച്ചത്.

Uttarakhand tragedy search operations unable to locate more people
Author
Delhi, First Published Feb 11, 2021, 1:18 PM IST

ദില്ലി: ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായവർക്കായുള്ള തെരച്ചില്‍ എങ്ങുമെത്തിയില്ല. 170 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. തപോവനില്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്ന തുരങ്കം ഏതെന്ന് സംബന്ധിച്ച് ഇപ്പോഴും ആശയക്കുഴപ്പമുണ്ട്. കണ്ടെടുത്ത 34 മൃതദേഹങ്ങളില്‍ പത്ത് പേരെ മാത്രമേ തിരിച്ചറിയാനായുള്ളു.

ഇതുവരെ മണ്ണും ചെളിയും നീക്കിക്കൊണ്ടിരുന്ന തുരങ്കത്തിലായിരിക്കില്ല തൊഴിലാളികള്‍ എന്ന മനസ്സിലായതിന്‍റെ അടിസ്ഥാനത്തിലാണ് മറ്റൊരു ടണലിലേക്ക് തെരച്ചില്‍ വ്യാപിപ്പിച്ചത്. തെറ്റായി ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വിലപ്പെട്ട മണിക്കൂറുകള്‍ പാഴാക്കിയത് അവശേഷിക്കുന്ന ജീവന്‍ കണ്ടെത്തുന്നതില്‍ തിരിച്ചടിയാകാമെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. 

നിലവിലെ തുരങ്കത്തില്‍ നിന്ന് 12 മീറ്റര്‍ താഴെയാണ് രണ്ടാമത്തെ തുരങ്കം. ഇതിലേക്ക് എത്തിപ്പെടാനായി ഡ്രില്ലിങ് മെഷീനുകള്‍ ഉപയോഗിച്ച് തുളക്കുകയാണ്  രക്ഷാപ്രവര്‍ത്തകര്‍. ഇപ്പോള്‍ കണ്ടെത്തിയ മൃതദേഹങ്ങളില്‍ പലരേയും തിരിച്ചറിയാനായിട്ടില്ല. മൃതദേഹം തിരിച്ചറിയാനായി മൃതദേഹങ്ങളുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കും. അണക്കെട്ടില്‍ ആരോക്കെ ജോലി ചെയ്തിരുന്നുവെന്ന വിവരങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലവും ദുരന്തത്തില്‍ ഒലിച്ചു പോയിരുന്നു. എങ്കിലും യുപി ബിഹാര്‍ സംസ്ഥാനങ്ങളിലെ ജോലിക്കാരാണ് ഇവിടെ ഉണ്ടായിരുന്നതില്‍ ഏറെയും എന്നാണ് അധികൃതർ അറിയിക്കുന്നത്. 

മിന്നല്‍ പ്രളയം ഉണ്ടായതെങ്ങനെയെന്നത് സംബന്ധിച്ച് ഇപ്പോഴും വിദഗ്ധര്‍ക്ക് നിഗമനത്തില്‍ എത്താനായിട്ടില്ല. കരുതിയത് പോലെ ഗ്ലോഫ് ആയിരിക്കില്ല കാരണമെന്ന് വാദിയ ഇന്‍സ്റ്റ്യൂട്ട് സൂചന നല്‍കുന്നു. എന്നിരുന്നാലും ഹിമാലയൻ മേഖലയിലെ മഞ്ഞുരുകല്‍ കാലാവസ്ഥ വ്യതിയാനം അടക്കമുള്ള കാരണങ്ങളിലേക്കാണ് എല്ലാ വിദഗ്ധരും വിരല്‍ ചൂണ്ടുന്നത്.

Follow Us:
Download App:
  • android
  • ios