ആദ്യഘട്ടവോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ യുപിയിൽ കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. വൈദ്യുതി ബില്ലുകൾ പകുതിയാക്കുമെന്നും, കർഷകരുടെ കടം പത്ത് ദിവസത്തിനകം എഴുതിത്തള്ളുമെന്നുമാണ് പ്രകടനപത്രികയിലെ പ്രധാനവാഗ്ദാനം. 

ദില്ലി/ ലഖ്നൗ: ഉത്തര്‍പ്രദേശ് നാളെ പോളിംഗ് ബൂത്തിലേക്ക് എത്തുകയാണ്. ആദ്യഘട്ടത്തില്‍ 58 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. അഭിപ്രായ സര്‍വ്വേകളുടെ പിന്‍ബലത്തില്‍ ഭരണം തുടരുമെന്ന ആത്മവിശ്വാസം ബിജെപി പങ്കുവയ്ക്കുമ്പോള്‍ കര്‍ഷക പ്രതിഷേധത്തിന്‍റെ ആനുകൂല്യത്തില്‍ ഭരണം പിടിക്കാമെന്നാണ് സമാജ്‍വാദി പാര്‍ട്ടി - ആര്‍എല്‍ഡി സഖ്യത്തിന്‍റെ പ്രതീക്ഷ. പ്രിയങ്കാഗാന്ധിയുടെ പ്രചാരണമൊഴിച്ചു നിര്‍ത്തിയാൽ കോണ്‍ഗ്രസ് ചിത്രത്തിലേയില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ പതിനൊന്ന് ജില്ലകളിലെ അന്‍പത്തിയെട്ട് മണ്ഡലങ്ങളാണ് നാളെ പോളിംഗ് ബൂത്തിലെത്തി ജനവിധിയെഴുതുക. 2.27 കോടി വോട്ടര്‍മാര്‍ ആദ്യഘട്ടത്തില്‍ വിധി നിർണയിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് തെരഞ്ഞെടുപ്പ്.

യോഗി മന്ത്രിസഭയിലെ 9 മന്ത്രിമാരുള്‍പ്പടെ മത്സരരംഗത്തുള്ളത് അറുനൂറ്റി പതിനഞ്ച് സ്ഥാനാര്‍ത്ഥികളാണ്. ജാട്ടുകള്‍ നിർണായക ശക്തിയാകുന്ന ഈ ഘട്ടത്തിൽ ഈ വിഭാഗത്തില്‍ നിന്ന് ബിജെപി പതിനേഴ് സ്ഥാനാര്‍ത്ഥികളേയും സമാജ്‍വാദി പാര്‍ട്ടി - ആര്‍എല്‍ഡി സഖ്യം 18 സ്ഥാനാര്‍ത്ഥികളെയും രംഗത്തിറക്കിയിട്ടുണ്ട്. കര്‍ഷകരെ തൃപ്തിപ്പെടുത്താനുള്ള പ്രഖ്യാപനങ്ങളില്‍ മത്സരിച്ചാണ് സമാജ്‍വാദി പാര്‍ട്ടിയും ആര്‍എല്‍ഡിയും പ്രകടന പത്രികകള്‍ പുറത്തിറക്കിയത്.

കര്‍ഷക രോഷം തിരിച്ചടിയായേക്കുമെന്ന കണക്കുകൂട്ടലില്‍ യോഗിയെ മാറ്റി നിര്‍ത്തി അമിത്ഷായാണ് ബിജെപിയുടെ പ്രചാരണത്തില്‍ നിറഞ്ഞു നിന്നത്. കര്‍ഷകരുടെ കേന്ദ്രമായ മുസഫര്‍ നഗർ അടക്കമുള്ള മണ്ഡലങ്ങളില്‍ വീടുവീടാന്തരം കയറിയിറങ്ങി അമിത്ഷാ വോട്ട് തേടിയതിന്‍റെ കാരണവും മറ്റൊന്നല്ല. വെര്‍ച്വല്‍ റാലികളിലൂടെ മാത്രമാണ് പ്രധാനമന്ത്രിയും സംസാരിച്ചത്. കര്‍ഷക രോഷത്തെ മറികടക്കാന്‍ ക്രമസമാധാനവും അക്രമസംഭവങ്ങൾ അടിച്ചമർത്തിയെന്നതും വോട്ടാക്കാൻ ശ്രമിച്ച്, ചർച്ചയാക്കുകയാണ് ബിജെപി.

അതേസമയം കര്‍ഷകരുടെ പിന്തുണ ഉറപ്പിക്കുമ്പോഴും ജാട്ട് സമുദായം പൂര്‍ണ്ണമായും സമാജ്‍വാദി പാര്‍ട്ടി ആര്‍എല്‍ഡി സഖ്യത്തെ പിന്തുണക്കുമോയെന്നതും ചോദ്യമാണ്. ചൗധരി ചരണ്‍ സിംഗിന്‍റെ ചെറുമകന്‍ ജയന്ത് ചൗധരിയോടുള്ളത്ര താല്‍പര്യം ജാട്ടുകള്‍ക്ക് അഖിലേഷ് യാദവിനോടില്ല. മാത്രമല്ല സഖ്യത്തിന്‍റെ സ്ഥാനാർത്ഥി നിര്‍ണ്ണയത്തില്‍ മുസ്ലീം വിഭാഗത്തിന് കാര്യമായ പിന്തുണ നല്‍കിയില്ലെന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്. സ്ഥാനാര്‍ത്ഥി നിർണയത്തിലെ കല്ലുകടി പ്രചാരണ രംഗത്തും സഖ്യം നേരിട്ടിരുന്നതാണ്. 

ഉത്തര്‍പ്രദേശില്‍ വലിയ പ്രതീക്ഷ വച്ച് പുലര്‍ത്തുന്നില്ലെന്നത് വ്യക്തമാക്കുന്നതായി കോണ്‍ഗ്രസിന്‍റെ പ്രചാരണം. അമേത്തിയില്‍ ഒരു ദിവസം പ്രചാരണം നടത്തിയതൊഴിച്ചാല്‍ രാഹുല്‍ ഗാന്ധിയെ ഉത്തര്‍ പ്രദേശില്‍ കണ്ടില്ല. താരപ്രചാരകരുടെ നീണ്ട പട്ടിക പുറത്തിറക്കിയെങ്കിലും പ്രിയങ്കാഗാന്ധി മാത്രമാണ് പ്രചാരണത്തിലുണ്ടായിരുന്നത്. പ്രചാരണരംഗത്ത് ഒടുവിലെത്തിയ ബിഎസ്പി ക്യാമ്പിലും ആത്മവിശ്വാസം പ്രകടമല്ല.

മണിക്കൂറുകൾക്ക് മുമ്പ് പ്രകടനപത്രിക

ആദ്യഘട്ടവോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ യുപിയിൽ കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. വൈദ്യുതി ബില്ലുകൾ പകുതിയാക്കുമെന്നും, കർഷകരുടെ കടം പത്ത് ദിവസത്തിനകം എഴുതിത്തള്ളുമെന്നുമാണ് പ്രകടനപത്രികയിലെ പ്രധാനവാഗ്ദാനം. കൊവിഡ് ബാധിതരായി മരിച്ചവരുടെ കുടുംബത്തിന് ഉടനടി 25,000 രൂപ സഹായം നൽകും, ഏത് ചികിത്സയ്ക്കും യുപിയിലെ സർക്കാരാശുപത്രികളിൽ 10 ലക്ഷം രൂപ വരെ സൗജന്യചികിത്സ, 10, 12 ക്ലാസ്സുകളിലെ വിദ്യാർത്ഥിനികൾക്ക് സ്മാർട്ട് ഫോണുകൾ, കോളേജ് വിദ്യാർത്ഥിനികൾക്ക് ഇലക്ട്രിക് സ്കൂട്ടറുകൾ എന്നിങ്ങനെയാണ് വാഗ്ദാനങ്ങൾ.

ചൊവ്വാഴ്ചയാണ് എസ്പിയും ബിജെപിയും പ്രകടനപത്രികകൾ പുറത്തിറക്കിയത്. മൻരേഗയുടെ അതേ മാതൃകയിൽ നഗര തൊഴിലുറപ്പ് പദ്ധതിയാണ് എസ്പിയുടെ പ്രധാനവാഗ്ദാനങ്ങളിലൊന്ന്. സ്ത്രീകൾക്ക് സർക്കാർ ജോലികളിൽ 33 ശതമാനം സംവരണം, 2025 ആകുമ്പോഴേക്ക് യുപിയിലെ കർഷകരെല്ലാവരും കടങ്ങളില്ലാത്തവരാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ള 'ലോൺ-ഫ്രീ 2025' എന്നിങ്ങനെ വാഗ്ദാനപ്പെരുമഴയുണ്ട് എസ്പിയുടെ പ്രകടനപത്രികയിൽ. 

ബിജെപിയാകട്ടെ, ജലസേചനത്തിനുള്ള വൈദ്യുതി കർഷകർക്ക് സൗജന്യമായി നൽകുമെന്നാണ് പ്രകടനപത്രികയിൽ പറയുന്നത്. ലൗ ജിഹാദ് കേസുകൾക്കുള്ള ശിക്ഷ ചുരുങ്ങിയത് പത്ത് വർഷത്തെ തടവും ഒരു ലക്ഷം രൂപ പിഴയും ആയിരിക്കുമെന്നതാണ് മറ്റൊരു പ്രധാനവാഗ്ദാനം.