Asianet News MalayalamAsianet News Malayalam

കലാലയങ്ങളെ കലാപശാലകളാക്കാന്‍ ശ്രമം; ക്യാമ്പസുകളിൽ ആക്രമണം നടത്തുന്നത് മാർക്സിസ്റ്റുകളാണെന്നും വി മുരളീധരന്‍

"ജെഎൻയുവിലെ പ്രവർത്തനം തടസപ്പെടുത്താൻ ഇടത്, കോൺഗ്രസ്, തീവ്രവാദ സംഘടനകൾ സംഘടിതമായി ശ്രമിച്ചു. ഇതിനെത്തുടര്‍ന്നാണ് അക്രമം ഉണ്ടായത്".

v muraleedharan reaction to jnu attack
Author
Thiruvananthapuram, First Published Jan 6, 2020, 10:28 AM IST

തിരുവനന്തപുരം: രാജ്യത്തെ കലാലയങ്ങളെ കലാപശാലകളാക്കിത്തീര്‍ക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നതായി കേന്ദ്രമന്ത്രി വി മുരളീധരന്‍ അഭിപ്രായപ്പെട്ടു. ജെഎൻയുവിൽ നടന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചനയുണ്ട്. ക്യാമ്പസുകളിൽ സ്ഥിരം ആക്രമണം നടത്തുന്നത് മാർക്സിസ്റ്റുകളാണെന്നും മുരളീധരന്‍ ആരോപിച്ചു.

ബിജെപിക്കും എബിവിപിക്കുമെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അത്ഭുതമില്ല. ജെഎൻയുവിലെ പ്രവർത്തനം തടസപ്പെടുത്താൻ ഇടത്, കോൺഗ്രസ്, തീവ്രവാദ സംഘടനകൾ സംഘടിതമായി ശ്രമിച്ചു. ഇതിനെത്തുടര്‍ന്നാണ് അക്രമം ഉണ്ടായത്. യഥാര്‍ത്ഥ കുറ്റവാളികള്‍ ഉടന്‍ പിടിക്കപ്പെടുമെന്നും മുരളീധരന്‍ പറഞ്ഞു. 

അതേസമയം, ജെഎന്‍യുവില്‍ ഇന്നലെ രാത്രി നടന്നത് സംഘടിത ആക്രമണമാണെന്നും പിന്നില്‍ എബിവിപിയാണെന്നും വിദ്യാര്‍ത്ഥികള്‍ ആവര്‍ത്തിച്ചു. പൊലീസ് അക്രമകാരികള്‍ക്കൊപ്പം നിലകൊണ്ടെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ജെഎന്‍യു വൈസ് ചാന്‍സിലര്‍ക്കെതിരെയും കടുത്ത വിമര്‍ശനമാണ് വിദ്യാര്‍ത്ഥികള്‍ നടത്തിയത്.

വൈസ് ചാന്‍സിലര്‍ ഭീരുവിനെപ്പോലെ പെരുമാറിയെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. ഫീസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു മാത്രമല്ല വൈസ് ചാന്‍സിലര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടും സമരം തുടരുമെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ അറിയിച്ചു. ക്യാമ്പസ്സിലെ സുരക്ഷയും സമാധാനവും ഉറപ്പാക്കാനായില്ലെങ്കില്‍ വൈസ് ചാന്‍സിലര്‍ സ്ഥാനം ഒഴിയണമെന്ന് അധ്യാപകരും ആവശ്യപ്പെട്ടിട്ടുണ്ട്. 

അക്രമങ്ങളുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ക്യാമ്പസിനു പുറത്തുനിന്നുള്ളവരാണ് കസ്റ്റഡിയിലായിരിക്കുന്നത്. 

Read Also: 'വിസി രാജിവെക്കും വരെ സമരം',ജെഎന്‍യുവില്‍ നടന്നത് സംഘടിത ആക്രമണമെന്ന് ആവര്‍ത്തിച്ച് വിദ്യാര്‍ത്ഥികള്‍

Follow Us:
Download App:
  • android
  • ios