Asianet News MalayalamAsianet News Malayalam

Vaccine : 'അടുത്ത് വന്നാല്‍ ഭസ്മമാകും'; കര്‍ണാടകയില്‍ വാക്സിൻ നല്‍കാന്‍ വന്നവരെ ഓടിച്ച് ഗ്രാമീണര്‍

47 ശതമാനം പേര്‍ ഇനിയും കര്‍ണാടകയില്‍ വാക്സീനെടുക്കാന്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. വീടുകളിലെത്തി വാക്സിനേഷന് ശ്രമിച്ചെങ്കിലും പലരും കുത്തിവയ്പ്പ് എടുക്കാതെ ഓടിഒളിക്കുകയാണ്.

Vaccination slows in Karnataka locals are not ready to take vaccine
Author
Bengaluru, First Published Nov 29, 2021, 3:26 PM IST

ബെംഗളൂരു: മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് രണ്ട് ഡോസ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് (vaccination certificate) നിര്‍ബന്ധമാക്കിയെങ്കിലും കര്‍ണാടകയില്‍ (Karnataka) ഗ്രാമീണ മേഖലകളില്‍ ഒരു ഡോസ് വാക്സിനേഷന്‍ പോലും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. 47 ശതമാനം പേര്‍ ഇനിയും കര്‍ണാടകയില്‍ വാക്സീനെടുക്കാന്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. വീടുകളിലെത്തി വാക്സിനേഷന് ശ്രമിച്ചെങ്കിലും പലരും കുത്തിവയ്പ്പ് എടുക്കാതെ ഓടിഒളിക്കുകയാണ്.

ആരോഗ്യപ്രവര്‍ത്തകര്‍ എത്തിയതറിഞ്ഞ് ചിലര്‍ വീടിന്‍റെ മട്ടുപ്പാവിലും മറ്റുചിലര്‍ മരത്തിലും കയറി രക്ഷപ്പെട്ടു. അടുത്ത് വന്നാല്‍ ഭസ്മമാകുമെന്ന് ശപിച്ചാണ് കൊപ്പലില്‍ ആരോഗ്യപ്രവര്‍ത്തകരെ ഓടിച്ചത്. വീടുകളിലെത്തി വാക്സീന്‍ നല്‍കാനുള്ള പദ്ധതി കര്‍ണാടകയില്‍ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ഗ്രാമീണരില്‍ പകുതി പേര്‍ പോലും വാക്സിനേഷന്‍ പൂര്‍ത്തീകരിച്ചിട്ടില്ല. ഒരു ഡോസ് വാക്സിന്‍ പോലും എടുക്കാത്തവര്‍ 47 ശതമാനത്തോളം വരുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. സന്നദ്ധസംഘടനകളുടെ സഹായത്തോടെ കൂടുതല്‍ ബോധവത്കരണത്തിനാണ് ശ്രമം. ഒമിക്രോണ്‍ വകഭേദം കണക്കിലെടുത്ത് ഓരോ ഗ്രാമങ്ങളിലേക്കും കര്‍മ്മ സമിതിയിയെ വിന്യസിച്ചിട്ടുണ്ട്. എന്നാല്‍ സൗജന്യ വാക്സിനുമായി എത്തിയിട്ടും ജനം സഹകരിക്കാത്തതാണ് വെല്ലുവിളി.

അതേസമയം കര്‍ണാടക കൊവിഡ് നിയന്ത്രണം കടുപ്പിച്ചതോടെ തലപ്പാടി അതിര്‍ത്തിയില്‍ വാഹന പരിശോധനയ്ക്കായി കൂടുതല്‍ പൊലീസിനേയും ആരോഗ്യ പ്രവര്‍ത്തകരേയും നിയോഗിച്ചു. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിബന്ധന ഉണ്ടെങ്കിലും ഇന്ന് കര്‍ശന നിയന്ത്രണങ്ങളില്ല. കര്‍ണാടകയിലേക്ക് കടക്കാന്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെങ്കിലും നിബന്ധന കടുപ്പിച്ചിട്ടില്ല. തലപ്പാടി അതിര്‍ത്തിയില്‍ വാഹനങ്ങള്‍ മുന്നറിയിപ്പ് നല്‍കി കടത്തി വിടുന്നുണ്ട്. ഇന്ന് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരേയും കടത്തി വിടുന്നുണ്ടെങ്കിലും വരും ദിവസങ്ങളില്‍ ഇങ്ങനെ ആയിരിക്കില്ല എന്ന മുന്നയിപ്പാണ് പൊലീസ് നല്‍കുന്നത്. 

വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നാണ് കര്‍ണാടകയുടെ നിര്‍ദേശം. അതിര്‍ത്തിയില്‍ പരിശോധനാ സൗകര്യം ഒരുക്കിയിട്ടുണ്ട്. നേരത്തെ കര്‍ണാടക നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോള്‍ കേരളത്തില്‍ നിന്നുള്ള ബസ് സര്‍വീസ് അനുവദിച്ചിരുന്നില്ല. എന്നാല്‍ നിലവില്‍ കേരളത്തില്‍ നിന്നുള്ള ബസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. കർണാടകയുമായി അതിർത്തി പങ്കിടുന്ന വയനാട്ടിലെ ബാവ്‍ലി, മുത്തങ്ങ, തോല്‍പ്പെട്ടി ചെക്ക്പോസ്റ്റുകളിലും കർശന പരിശോധന തുടരുകയാണ്. ഇവിടെ നിന്നും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമാണ് അതിർത്തി കടത്തിവിടുന്നത്. 
 

Follow Us:
Download App:
  • android
  • ios