വഡോദര: ഒരു പൊലീസുകാരന്‍റെ അര്‍പ്പണ മനോഭാവത്തിനും ധൈര്യത്തിലും കൈയടിക്കുകയാണ് ലോകം. വെള്ളപ്പൊക്കത്തില്‍ മുങ്ങിയ വഡോദരയിലാണ് സംഭവം. കഴുത്തൊപ്പം, ഒഴുക്കുള്ള വെള്ളത്തില്‍ പ്ലാസ്റ്റിക് പാത്രത്തില്‍ രണ്ട് വയസ്സുള്ള പെൺകുഞ്ഞിനെയും തലയിലേറ്റ് ജീവിതത്തിലേക്ക് നടന്നു കയറിയ പൊലീസുകാരനെയാണ് സൈബര്‍ ലോകം വാഴ്ത്തുന്നത്. 

സബ് ഇന്‍സ്പെക്ടര്‍ ഗോവിന്ദ് ഛവ്ഡയാണ് സാഹസികമായി കുഞ്ഞിനെ രക്ഷിച്ചത്. വിശ്വമിത്രി റെയില്‍വേ സ്റ്റേഷന് സമീപത്തെ ദേവീപുര എന്ന സ്ഥലത്താണ് സംഭവം. കനത്ത മഴയില്‍ പ്രദേശം മുങ്ങിയതിനെ തുടര്‍ന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലെത്തിക്കാന്‍ പൊലീസ് സംഘം സ്ഥലത്തെത്തി. കയര്‍ കെട്ടിയാണ് പ്രദേശവാസികളെ രക്ഷിച്ചത്. ചെറിയ കുട്ടിയും അമ്മയും വീടിനുള്ളില്‍ കുടുങ്ങിക്കിടക്കുന്ന വിവരം അറിഞ്ഞ ഉടനെ അങ്ങോട്ട് തിരിച്ചു.

കുഞ്ഞിനെ കൈയിലെടുത്ത് വരാന്‍ സാധിക്കുമായിരുന്നില്ല. അങ്ങനെ ഒരു പ്ലാസ്റ്റിക് പാത്രത്തില്‍ കുഞ്ഞിനെ കിടത്തി കയറില്‍ പിടിച്ച് ഇക്കരയെത്തിച്ചുവെന്ന് സബ് ഇന്‍സ്പെക്ടര്‍ പറഞ്ഞു. പ്ലാസ്റ്റിക് പാത്രത്തില്‍ തുണികള്‍ വെച്ചാണ് കുഞ്ഞിനെ കിടത്തിയത്. ഏകദേശം ഒന്നര കിലോമീറ്റര്‍ നടന്നാണ് കുഞ്ഞിനെയും അമ്മയെയും സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയത്. കേരളത്തിലും പ്രളയകാലത്ത് സമാനമായ സംഭവമുണ്ടായിരുന്നു. ഇടുക്കി ഡാം തുറന്ന് ചെറുതോണി പാലത്തിന് മുകളില്‍ വെള്ളം കയറുന്നതിന് നിമിഷങ്ങള്‍ മുമ്പ് കുഞ്ഞിനെ ഇക്കരെയെത്തിച്ച ഉദ്യോഗസ്ഥന്‍റെ ധൈര്യത്തെയും ലോകം പുകഴ്ത്തിയിരുന്നു.

വ്യാഴാഴ്ച പെയ്ത കനത്ത മഴയില്‍ വഡോദരയില്‍ പലയിടത്തും വെള്ളപ്പൊക്കമുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 499 മില്ലി മീറ്റര്‍ മഴയാണ് വഡോദരയില്‍ പെയ്തത്.