മുംബൈ - ബെംഗളൂരു വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ദസറയ്ക്ക് ശേഷം ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് റിപ്പോർട്ട്. ട്രെയിനിൻ്റെ ട്രെയൽ റൺ ഉൾപ്പെടെ പൂർത്തിയാക്കിയിരുന്നു. പ്രാദേശിക ഭക്ഷണവിഭവങ്ങൾ അടക്കം ഉൾപ്പെടുത്തി ട്രെയിൻ മെനു അന്തിമമാക്കി വരികയാണ്.
മുംബൈ: രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ മുംബൈ - ബെംഗളൂരു റൂട്ടിൽ സർവീസിന് ഒരുങ്ങുന്നു. ദസറയ്ക്ക് ശേഷം ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് റിപ്പോർട്ട്. പ്രാദേശിക ഭക്ഷണവിഭവങ്ങൾ അടക്കം ഉൾപ്പെടുത്തി ട്രെയിൻ മെനു അന്തിമമാക്കി വരികയാണ്. മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ ട്രെയൽ റൺ പൂർത്തിയാക്കിയിരുന്നു. വന്ദേ ഭാരത് സ്ലീപ്പർ സർവീസ് ആരംഭിക്കുന്നതോടെ മുംബൈ - ബെംഗളൂരു യാത്രാസമയം നിലവിലുള്ളതിനേക്കാൾ ആറ് മണിക്കൂറും 20 മിനിറ്റും കുറയും.
രാജ്യത്തെ പ്രധാന നഗരങ്ങളായ മുംബൈയെയും ബെംഗളൂരുവിനെയും ബന്ധിപ്പിച്ച് ഏകദേശം 1000 കിലോമീറ്ററോളം ദൂരമാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സഞ്ചരിക്കുക. ഇരുനഗരങ്ങൾ തമ്മിലുള്ള യാത്രാസമയം 15 മണിക്കൂറും 45 മിനിറ്റുമായി കുറയും എന്നതാണ് പ്രധാന സവിശേഷത. റിപ്പോർട്ടുകൾ പ്രകാരം, മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ നിന്ന് വൈകുന്നേരം 8:10ന് പുറപ്പെടുന്ന ട്രെയിൻ, പിറ്റേദിവസം രാവിലെ 11:55ന് ബെംഗളൂരുവിലെ സർ എം വിശ്വേശ്വരയ്യ ടെർമിനലിൽ എത്തിച്ചേരും. ബെംഗളൂരുവിൽ നിന്ന് വൈകുന്നേരം 7:50നാണ് മടക്കയാത്ര. തുടർന്ന് പിറ്റേദിവസം രാവിലെ 11:55ന് ട്രെയിൻ മുംബൈയിൽ എത്തിച്ചേരും. അതേസമയം സമയക്രമം റെയിൽവേ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
ജോലി, വ്യവസായം, ടൂറിസം തുടങ്ങിയ ആവശ്യങ്ങൾക്കായി ഇരുനഗരങ്ങളിലേക്കും യാത്ര ചെയ്യുന്നവർക്ക് പുതിയ ട്രെയിൻ സർവീസ് ഏറെ ഉപകാരപ്പെടും. ആഴ്ചയിൽ ആറുദിവസം സർവീസ് ഉണ്ടാകുമെന്നാണ് കരുതുന്നത്. കല്യാൺ, പൂനെ, സോലാപൂർ, കൽബുർഗി, റായ്ച്ചൂർ, ഗുണ്ടക്കൽ, അനന്തപൂർ എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിൽ ബെംഗളൂരുവിനും മുംബൈയ്ക്കും ഇടയിൽ സർവീസ് നടത്തുന്ന ഉദ്യാൻ എക്സ്പ്രസ് രാവിലെ 7:55നാണ് മുംബൈയിൽ നിന്ന് പുറപ്പെടുന്നത്. 22 മണിക്കൂർ നീളുന്ന യാത്രയ്ക്ക് ശേഷം, പിറ്റേദിവസം രാവിലെ ആറുമണിക്ക് ട്രെയിൻ ബെംഗളൂരുവിൽ എത്തിച്ചേരും. എന്നാൽ, വന്ദേ ഭാരത് സ്ലീപ്പർ സർവീസ് ആരംഭിക്കുന്നതോടെ യാത്രാസമയം കുറയ്ക്കുന്നതിനൊപ്പം പകൽസമയത്തെ നീണ്ട യാത്രയും യാത്രക്കാർക്ക് ഒഴിവാക്കാനാകും. ഈ വർഷം ജനുവരി 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആണ് രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഹൗറ - കാമാക്യ റൂട്ടിൽ ഫ്ലാഗ് ഓഫ് ചെയ്തത്.


