കല്ലേറ് സംഭവം ബംഗാളിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിരിക്കുകയാണ്. വന്ദേഭാരത് ട്രെയിനിന് നേരെയുണ്ടായ കല്ലേറ് ആസൂത്രിതമാണെന്നാണ് ബിജെപിയുടെ ആരോപണം.
കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തതിന്റെ പിറ്റേദിവസം തന്നെ ബംഗാളിൽ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറെന്ന് റിപ്പോർട്ട്. രണ്ടുതവണയാണ് വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഒരുതവണ ബിഹാറിലും മറ്റൊരു സംഭവം ബംഗാളിലുമാണെന്ന് ഈസ്റ്റേൺ റെയിൽവേയുടെ അന്വേഷണത്തിൽ വ്യക്തമാകുകയും ചെയ്തു. അമ്മയുടെ നിര്യാണത്തിനിടെയായിരുന്നു പ്രധാനമന്ത്രി വന്ദേഭാരത് ട്രെയിൻ ബംഗാളിൽ ഉദ്ഘാടനം ചെയ്തത്. കല്ലേറ് സംഭവം ബംഗാളിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിരിക്കുകയാണ്. വന്ദേഭാരത് ട്രെയിനിന് നേരെയുണ്ടായ കല്ലേറ് ആസൂത്രിതമാണെന്നാണ് ബിജെപിയുടെ ആരോപണം.
പഴയ ചിത്രങ്ങളടക്കം പങ്കുവെച്ചാണ് സുകന്ദ മജുംദാർ ബംഗാൾ സർക്കാറിനെതിരെ ആരോപണമുന്നയിച്ചത്. എന്നാൽ, ബംഗാളിനെ അപകീർത്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസും ബംഗാൾ സർക്കാറും തിരിച്ചടിച്ചു. കഴിഞ്ഞ രണ്ടുമൂന്ന് ദിവസമായി ബംഗാൾ സർക്കാറിനെ അപകീർത്തിപ്പെടുത്തുകയാണ് ടിവി ചാനലുകൾ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി മമതാ ബാനർജി ആരോപിച്ചു. വ്യാജവാർത്തകൾ നൽകിയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചും ബംഗാളിനെ അപകീർത്തിപ്പെടുത്തുന്നവർക്കെതിരെ നിയമനടപടിയുണ്ടാകുമെന്ന് മമതാ ബാനർജി പറഞ്ഞു. ബംഗാളിൽ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ് നടന്നിട്ടില്ല. സംഭവിച്ചത് ബിഹാറിലാണ്. ബിഹാറിലെ ജനങ്ങൾക്ക് പരാതിയുണ്ടാകാം. അവർക്ക് പരാതിയുണ്ടെങ്കിൽ, അവർ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ, അത് നിയമവിരുദ്ധമാണെങ്കിൽ പോലും നിങ്ങൾക്ക് ബിഹാറിനെ അപമാനിക്കാൻ കഴിയില്ല. സേവനങ്ങൾ ലഭിക്കാൻ അവർക്കും അവകാശമുണ്ടെന്നും മമത പറഞ്ഞു.
ഹൗറയിൽ നിന്ന് ന്യൂ ജൽപായ്ഗുരിയിലേക്കാണ് വന്ദേഭാരത് ട്രെയിൻ അനുവദിച്ചത്. കൊൽക്കത്തയിൽ നിന്ന് വടക്കൻ ബംഗാളിലേക്കുള്ള മിക്ക ട്രെയിനുകളും ബീഹാറിലൂടെയാണ് കടന്നുപോകുന്നത്. എന്റെ റെയിൽവേ ഭരണകാലത്ത് കുറഞ്ഞത് 100 പുതിയ ട്രെയിനുകളെങ്കിലും നൽകിയിട്ടുണ്ട്. 11 വർഷമായി ഞങ്ങൾക്ക് ഒരു ട്രെയിൻ പോലും ലഭിച്ചിട്ടില്ല. കല്ലേറ് നടന്നിട്ടുണ്ടെങ്കിൽ അപലപിക്കുന്നു. എന്നാൽ വ്യാജ വാർത്തകൾക്കെതിരെ നടപടിയെടുക്കുമെന്നും മമത പറഞ്ഞു.
രാമക്ഷേത്രം 2014 ജനുവരിയിലെന്ന് അമിത് ഷാ
കല്ലേറിനെ തുടർന്ന് സംസ്ഥാന ജിആർപിയും സംസ്ഥാന പൊലീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും അന്വേഷണം നടത്തിയതായി ഈസ്റ്റേൺ റെയിൽവേ പ്രസ്താവനയിൽ പറഞ്ഞു. സിസിടിവി ക്യാമറയിൽ പകർത്തിയ വീഡിയോ ദൃശ്യങ്ങളുടെയും ഫോട്ടോകളുടെയും അടിസ്ഥാനത്തിൽ കല്ലെറിഞ്ഞവരെ റെയിൽവേ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. അക്രമികളെ കണ്ടെത്തി നിയമപരമായ നടപടികൾ സ്വീകരിക്കുന്നതിന് ഉചിതമായ നടപടി സ്വീകരിമെന്നും പ്രസ്താവനയിൽ പറയുന്നു.
