വന്ദേമാതരം രണ്ട് ചരണം മാത്രം ആലപിക്കാനുള്ള കോൺഗ്രസ് പ്രവർത്തക സമിതി തീരുമാനത്തിനെതിരെ ബിജെപി വിമർശനം കടുപ്പിച്ചു. കോൺഗ്രസ് പുതിയ 'മുസ്ലീം ലീഗായി' മാറിയെന്നും നടപടി രാജ്യദ്രോഹപരമാണെന്നും അമിത് ഷാ ഉൾപ്പെടെയുള്ള നേതാക്കൾ ആരോപിച്ചു

ദില്ലി: വന്ദേമാതരം രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നിര്‍ദ്ദേശത്തിനെതിരെ വിമര്‍ശനം കടുപ്പിച്ച് ബി ജെ പി. വന്ദേമാതരത്തിനെതിരെ അസഹിഷ്ണുത പ്രകടിപ്പിക്കുന്ന പുതിയ മുസ്ലീം ലീഗായി കോണ്‍ഗ്രസ് മാറിയെന്നും നടപടി രാജ്യദ്രോഹപരമാണെന്നും ബി ജെ പി വിമര്‍ശിച്ചു. എ ഐ സിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപനത്തിലെ പാളിച്ചയും സംസ്ഥാനങ്ങളില്‍ ഏകോപനമില്ലാതെ പോയതും ചൂടേറിയ ചര്‍ച്ചക്കാണ് ഇന്നെല നാല് മണിക്കൂറോളം നീണ്ട കോൺഗ്രസ് പ്രവര്‍ത്തക സമിതിയില്‍ വഴി വച്ചത്. ഇനി പാളരുതെന്ന ജാഗ്രതയിലാണ് രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന തീരുമാനം പ്രവര്‍ത്തക സമിതിയിലുണ്ടായത്. ആ നിര്‍ദ്ദേശവും ബി ജെ പി ആയുധമാക്കുകയാണ്. 1937 ല്‍ വന്ദേമാതരത്തിന്‍റെ കാര്യത്തില്‍ മുസ്ലീംലീഗ് കാട്ടിയ അതേ പിടിവാശിയാണ് കോണ്‍ഗ്രസ് ഇന്ന് കാട്ടുന്നതെന്ന് ബി ജെ പി കുറ്റപ്പെടുത്തി. പുതിയ മുസ്ലീംലീഗ് എന്ന സംശയം ഇതോടെ അവസാനിച്ചെന്നും ബി ജെ പി വക്താവ് സുധാംശു ത്രിവേദി എം പി വിമര്‍ശിച്ചു. ഒരു പടി കൂടി കടന്ന് പാര്‍ലമെന്‍റ് പാസാക്കിയ നിയമത്തെ തള്ളുന്നത് രാജ്യദ്രോഹപരമാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തി.

തിരിച്ചടിച്ച് കോൺഗ്രസ്

ബി ജെ പിയുടെ സര്‍ട്ടിഫിക്കേറ്റ് ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. സ്വാതന്ത്ര്യ സമരകാലത്ത് വന്ദേമാതരത്തെ അവഗണിച്ച രാജ്യദ്രോഹികളാണ് ഇപ്പോള്‍ പഠിപ്പിക്കാന്‍ വരുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പ്രതികരിച്ചു. അതേസമയം ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ താന്‍ പ്രസംഗിച്ച വേദി ശുദ്ധീകരിച്ച സംഭവത്തില്‍ പാര്‍ട്ടിയില്‍ നിന്ന് വേണ്ടത്ര പിന്തുണ കിട്ടിയില്ലെന്ന മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ പരിഭവവും ചർച്ചയാകികയാണ്. മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നവരും, പാര്‍ട്ടി ലൈന് വിരുദ്ധമായി നിരന്തരം ലേഖനങ്ങള്‍ എഴുതുന്നവരും ഒരു വാക്ക് പോലും മിണ്ടിയില്ലെന്നാണ് ഖര്‍ഗെയുടെ പരാതി. രാജ്യസഭയില്‍ ഖര്‍ഗെ വിഷയം ഉന്നയിച്ചതിന് പിന്നാലെ പ്രധാനമന്ത്രിയുടെ മാപ്പ് ആവശ്യപ്പെട്ട് ഒരു ദിവസം പ്രതിഷേധം നടത്തിയതിനപ്പുറം, ആ വിഷയം പാര്‍ട്ടി ആത്മാര്‍ത്ഥമായി ഏറ്റെടുക്കാത്തതിലെ അതൃപ്തിയാണ് യോഗത്തില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പരസ്യമാക്കിയത്.