തലോജ ജയിലിൽ കഴിയുന്ന അദ്ദേഹത്തിന് അടിയന്തര വൈദ്യ സഹായം വേണമെന്നുള്ള കുടുംബത്തിന്‍റെ ആവശ്യം മഹാരാഷ്ട്ര സർക്കാരും കോടതിയിൽ അനുകൂലിച്ചു

മുംബൈ: ഭീമാകൊറേഗാവ് കേസിൽ അറസ്റ്റിലായ സാമൂഹ്യ പ്രവര്‍ത്തകനും കവിയും അദ്ധ്യാപകനുമായ വരവര റാവുവിനെ ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റാൻ മുംബൈ ഹൈക്കോടതി ഉത്തരവിട്ടു. മുംബൈയ് നാനാവതി ആശുപത്രിയിലേക്ക് മാറ്റാനാണ് ഉത്തരവ്. കോടതിയുടെ അനുമതിയില്ലാതെ ആശുപത്രിയിൽ നിന്ന് ഡിസ്ചാര്‍ജ് ചെയ്യരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. ആശുപത്രിയിൽ കുടുംബാംഗങ്ങൾക്ക് വരവര റാവുവിനെ കാണാനും അനുമതി നൽകി.

81കാരനായ വരവര റാവുവിന്‍റെ ആരോഗ്യ സ്ഥിതി ഗുരുതരമാണെന്നും അദ്ദേഹം മരണക്കിടക്കയിലാണെന്നും വരവര റാവുവിന് വേണ്ടി അഭിഭാഷക ഇന്ദിര ജയ്സിംഗ് വാദിച്ചു. ആശുപത്രിയിലേക്ക് മാറ്റുന്നതിനെ മഹാരാഷ്ട്ര സര്‍ക്കാര്‍ എതിര്‍ത്തില്ല. നാനാവതി ആശുപത്രിയിലേക്ക് മാറ്റരുതെന്ന എൻഐഎയുടെ ആവശ്യം കോടതി തള്ളി. കേസ് ഡിസംബര്‍ 3ലേക്ക് മാറ്റിവെച്ചു.