ദില്ലി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ വി ഡി സവര്‍ക്കര്‍ മാര്‍ഗ് ബോര്‍ഡ് സ്ഥാപിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റ് ഐഷി ഘോഷി. സവര്‍ക്കരുടെ പേര് യൂണിവേഴ്സിറ്റിയില്‍ ഉയര്‍ത്തിയതോടെ ജെഎന്‍യുവിന്‍റെ പാരമ്പര്യത്തിന് കളങ്കമേറ്റെന്നും സവര്‍ക്കര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ സ്ഥാനമുണ്ടാകില്ലെന്നും ഐഷി ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ദിവസമാണ് സവര്‍ക്കറുടെ പേരിലുള്ള ബോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ സ്ഥാപിച്ചത്. 

ജെഎന്‍യുവില്‍ ഫീസ് വര്‍ധനക്കെതിരെ ഐഷിയുടെ നേതൃത്വത്തില്‍ ദില്ലിയില്‍ വലിയ സമരം നടന്നിരുന്നു. സമരത്തെ തുടര്‍ന്ന് അക്രമികള്‍ ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ ആക്രമിച്ചു. ആക്രമണത്തില്‍ ഐഷിക്കടക്കം പരിക്കേറ്റിരുന്നു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടി ദീപിക പദുകോണ്‍ എത്തിയത് വലിയ വാര്‍ത്തയായിരുന്നു.