മിക്സി, സ്പീക്കർ, സ്റ്റൗ, മോണിറ്റർ തുടങ്ങിയ ​ഗൃഹോപകരണങ്ങളും ഒപ്പം മധുരപലഹാരങ്ങളുമാണ് ഇൻസ്റ്റാമാർട്ട് വീരമണിക്ക് സൗജന്യമായി അയച്ചുനൽകിയത്. ഇൻസ്റ്റാമാർട്ടിന്റെ ക്വിക്ക് ഇന്ത്യ മൂവ്മെന്റ് സെയിലിന്റെ ഭാ​ഗമായാണ് വീരമണിക്ക് സമ്മാനങ്ങൾ നൽകിയിരിക്കുന്നത്. ഇത് കാഷ് ഓൺ ഡെലിവറി അല്ലെന്ന് ഇൻസ്റ്റാമാർട്ട് ഔദ്യോ​ഗിക അക്കൗണ്ടിൽനിന്ന് കമന്റും ചെയ്തിട്ടുണ്ട്.

ചെന്നൈ: നൻപർകളേ... ഓർമയില്ലേ വീരമണിയെ? ദീപാവലി മധുരം ചോദിച്ച് ഇൻസ്റ്റ​ഗ്രാമിൽ സ്വന്തം വിലാസം വെളിപ്പെടുത്തി പുലിവാൽ പിടിച്ച മധുര സ്വദേശി. ഒടുവിലിതാ വീരമണിക്ക് കാഷ് ഓൺ ഡെലിവറി അല്ലാതെ ഒരുപിടി സമ്മാനങ്ങളും മധുരവും കിട്ടിയിരിക്കുകയാണ്. ഓൺലൈൻ വഴി പലവ്യഞ്ജനങ്ങളും ഭക്ഷ്യവസ്തുക്കളും വീട്ടുപകരണങ്ങളും വിതരണംചെയ്യുന്ന സ്വി​​​​​ഗി ഇൻസ്റ്റാമാർട്ട് ആണ് വീരമണിക്ക് സമ്മാനങ്ങൾ അയച്ചുനൽകിയിരിക്കുന്നത്. വീരമണി തന്നെയാണ് ഇതിന്റെ വീഡിയോയും ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ചത്.

മിക്സി, സ്പീക്കർ, സ്റ്റൗ, മോണിറ്റർ തുടങ്ങിയ ​ഗൃഹോപകരണങ്ങളും ഒപ്പം മധുരപലഹാരങ്ങളുമാണ് ഇൻസ്റ്റാമാർട്ട് വീരമണിക്ക് സൗജന്യമായി അയച്ചുനൽകിയത്. ഇൻസ്റ്റാമാർട്ടിന്റെ ക്വിക്ക് ഇന്ത്യ മൂവ്മെന്റ് സെയിലിന്റെ ഭാ​ഗമായാണ് വീരമണിക്ക് സമ്മാനങ്ങൾ നൽകിയിരിക്കുന്നത്. വീരമണി പങ്കുവെച്ച വീഡിയോയ്ക്ക് താഴെ ഇത് കാഷ് ഓൺ ഡെലിവറി അല്ലെന്ന് ഇൻസ്റ്റാമാർട്ട് ഔദ്യോ​ഗിക അക്കൗണ്ടിൽനിന്ന് കമന്റും ചെയ്തിട്ടുണ്ട്. ഒടുവിൽ ദീപാവലി മധുരം ചോദിച്ച വീരമണിക്ക് മധുരം ലഭിച്ചെന്നായിരുന്നു വീഡിയോയ്ക്ക് താഴെയുള്ള കമന്റുകൾ. ഈ വീഡിയോയ്ക്ക് മണിക്കൂറുകൾക്കുള്ളിൽതന്നെ ഒരുമില്യൺ ലൈക്കുകളും ലഭിച്ചു.

ദീപാവലിക്ക് മധുരം അയച്ചുനൽകാമോ എന്ന് ചോദിച്ച് വീരമണി പങ്കുവെച്ച ഒരു വീഡിയോയാണ് അദ്ദേഹത്തിന് തന്നെ പുലിവാലായത്. വീഡിയോയിൽ വിലാസവും ഫോൺനമ്പറും അടക്കം വെളിപ്പെടുത്തിയതോടെ വീഡിയോ കണ്ട ചില വിരുതന്മാർ വീരമണിയുടെ പേരിലും വിലാസത്തിലും പല സാധനങ്ങളും ഓൺലൈൻ വഴി ഓർഡർ ചെയ്തു. എസി, ടിവി, ഫ്രിഡ്ജ് എന്നിങ്ങനെ ലക്ഷക്കണക്കിന് രൂപയുടെ വിവിധ സാധനങ്ങളാണ് ഇത്തരത്തിൽ പലരും ഓൺലൈൻ സൈറ്റുകളിലൂടെ ഓർഡർ ചെയ്തത്. ഇതെല്ലാം കാഷ് ഓൺ ഡെലിവറിയായിരുന്നു. ഇതോടെ പുലിവാൽ പിടിച്ച വീരമണി തന്റെ രോഷം പങ്കുവെച്ച് വീണ്ടും വീഡിയോ പോസ്റ്റ് ചെയ്തു. ഇതോടെ വീരമണിയുടെ വീഡിയോ വൈറലാവുകയും കൂടുതൽ ഓർഡറുകൾ വരികയുമായിരുന്നു. ഓൺലൈൻ ഓർഡറുകളുടെ ശല്യം കാരണം താൻ നാടുവിട്ട് പോവുകയാണെന്നും വീരമണി വീഡിയോയിലൂടെ പറഞ്ഞിരുന്നു. വീരമണിക്കുണ്ടായ അനുഭവം ദേശീയ, അന്തർദേശീയ മാധ്യമങ്ങളിലടക്കം വാർത്തയാവുകയുംചെയ്തു.

View post on Instagram