Asianet News MalayalamAsianet News Malayalam

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു: വോട്ടെടുപ്പ് ആഗസ്റ്റ് ആറിന്

രാജ്യസഭയിലെ 233 രാജ്യസഭാ അംഗങ്ങളും ലോക്സഭയിലെ 543 ലോക്സഭാ അംഗങ്ങളുംകൂടിയാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുക. നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിൻ്റെ കാലാവധി ആഗസ്റ്റ് പത്തിനാണ് തീരുക.

Vice president election
Author
Delhi, First Published Jun 29, 2022, 4:34 PM IST


ദില്ലി: രാഷ്ട്രപതി തെരഞ്ഞെടുപ്പിന് പിന്നാലെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച്  കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ജൂലൈ അഞ്ചിന് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കും. ജൂലൈ 19 വരെ നാമനിര്‍ദ്ദേശ പത്രികകൾ സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന 20-ന് നടക്കും. 21 വരെ നാമനിര്‍ദ്ദേശ പത്രികകൾ പിൻവലിക്കാം. ആഗസ്റ്റ് ആറിനാവും വോട്ടെടുപ്പ്. അന്നു തന്നെ വോട്ടെണ്ണൽ നടക്കും. ഭരണഘടന പ്രകാരം ഇന്ത്യാ ഗവൺമെൻ്റിൽ രാഷ്ട്രപതിക്ക് കഴിഞ്ഞാൽ ഏറ്റവും ഉയർന്ന പദവിയാണ് ഉപരാഷ്ട്രപതിയുടേത്.

ലോക്സഭയിലെയും രാജ്യസഭയിലേയും നോമിനേറ്റഡ് അംഗങ്ങൾ ഒഴികെയുള്ള 788 എംപിമാരാണ് വോട്ടർമാർ. രണ്ടു സഭകളിലായി 400 എംപിമാരുള്ള ബിജെപിക്ക് സഖ്യകക്ഷികളുടെ സഹായം ഇല്ലാതെ തന്നെ വിജയിക്കാം.  മുക്താർ അബ്ബാസ് നഖ്വി ഉൾപ്പടെയുള്ളവരുടെ പേരുകൾ ബിജെപിയിൽ ചർച്ചയിലുണ്ട്. സ്ഥാനാർത്ഥിയെ നിറുത്തേണ്ടതുണ്ടോ എന്ന് അടുത്തയാഴ്ച കൂട്ടായി ആലോചിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി. നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിൻ്റെ കാലാവധി ആഗസ്റ്റ് പത്തിനാണ് തീരുക. അതിനു മുൻപായി പുതിയ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്ന തരത്തിലാണ് പ്രക്രിയകൾ തീരുമാനിച്ചിരിക്കുന്നത്. 

ഇന്ത്യൻ പാർലമെൻ്റിൻ്റെ ഉപരിസഭയായ രാജ്യസഭയുടെ അദ്ധ്യക്ഷൻ എന്ന നിയമനിർമ്മാണാധികാരവും ഉപരാഷ്ട്രപതിയാണ് വഹിക്കുക. രാഷ്ട്രപതിയുടെ സ്ഥാനത്ത് ഏതെങ്കിലും സാഹചര്യത്തിൽ ഒഴിവുവരുന്ന പക്ഷം താല്കാലികമായി അദ്ദേഹത്തിന്റെ അധികാരങ്ങൾ വിനിയോഗിക്കാനുള്ള ഉത്തരവാദിത്തവും ഇന്ത്യയുടെ ഭരണഘടന  ഉപരാഷ്ട്രപതിക്ക് നൽകുന്നു. ഇന്ത്യൻ ഭരണഘടനയുടെ 63-ാം അനുച്ഛേദം അനുസരിച്ചാണ് ഉപരാഷ്ട്രപതി പദം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. 

മിനിമം 35 വയസ്സുള്ള ഇന്ത്യൻ പൗരനായിരിക്കണം എന്നതാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനുള്ള പ്രധാന യോഗ്യത. രാജ്യസഭാ അംഗമായിരിക്കാനുള്ള എല്ലാ യോഗ്യതകളും ഉപരാഷ്ട്രപതിക്കും ബാധകമാണ്. കേന്ദ്ര- സംസ്ഥാന സ‍ര്‍ക്കാരുകളിലോ തദ്ദേശസ്ഥാപനങ്ങളിലോ ലാഭദായകമായ പദവികൾ വഹിക്കുന്ന വ്യക്തിക്ക് ഉപരാഷ്ട്രപതിയാവാൻ പറ്റില്ല. 

Follow Us:
Download App:
  • android
  • ios