പാര്‍ട്ടിയിലെ 9 എംപിമാരും ഒറ്റക്കെട്ടായാണ് പ്രതിപക്ഷ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തതെന്ന് തേജസ്വി യാദവ്.
ദില്ലി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കൂറുമാറി വോട്ട് ചെയ്തിട്ടില്ലെന്ന് ആർജെഡി. പാര്‍ട്ടിയിലെ 9 എംപിമാരും ഒറ്റക്കെട്ടായാണ് പ്രതിപക്ഷ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തതെന്ന് തേജസ്വി യാദവ് വ്യക്തമാക്കി. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ആർജെഡി എംപിമാരടക്കം ക്രോസ് വോട്ട് ചെയ്തെന്ന് ചില റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് തേജസ്വി യാദവിന്‍റെ പ്രതികരണം. അതേസമയം, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ടിംഗ് നടന്നതിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തി. ആംആദ്മി പാർട്ടിയിലെയും ഡിഎംകെയിലെയും എംപിമാരെ കൂടാതെ മഹാരാഷ്ട്രയിലെ ചില കോൺഗ്രസ് എംപിമാരും കൂറുമാറി വോട്ട് ചെയ്തെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ 324 വോട്ടുകളാണ് ഇന്ത്യ സഖ്യം പ്രതീക്ഷിച്ചത്. വോട്ടെണ്ണലിന് തൊട്ട് മുൻപ് വരെ 315 വോട്ടുകളെങ്കിലും കിട്ടുമെന്ന് നേതാക്കൾ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. എന്നാൽ ബി. സുദർശൻ റെഡ്ഡിക്ക് കിട്ടിയത് മുന്നൂറ് വോട്ടുകൾ മാത്രമാണ്. ഇത് കോൺഗ്രസ് ക്യാമ്പിലടക്കം വലിയ ഞെട്ടലായി. സ്ഥാനാർത്ഥി നിർണ്ണയത്തിലും പ്രചാരണത്തിലും അസാധാരണ ഐക്യം ദൃശ്യമായിട്ടും ഇത് വോട്ടാകാത്തതിനെ വളരെ ഗൗരവത്തോടെയാണ് നേതൃത്വം കാണുന്നത്. ചില ചെറിയ പാർട്ടികളെ കേന്ദ്ര സർക്കാർ സ്വാധീനിച്ചുവെന്നും, ചില എംപിമാർ ബാലറ്റ് മനപ്പൂർവം അസാധുവാക്കിയെന്നും നേതാക്കൾ സംശയിക്കുന്നു. ആംആദ്മി പാർട്ടിയിലെയും ഡിഎംകെയിലെയും ചിലർ കൂറുമാറി വോട്ട് ചെയ്തെന്ന് ഉന്നത വൃത്തങ്ങൾ സൂചന നൽകി. എഎപി എംപി സ്വാതി മലിവാർ എൻഡിഎ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുമെന്ന് നേരത്തെ പറഞ്ഞിരുന്നു. മഹാരാഷ്ട്രയിലെ മൂന്നോ നാലോ കോൺഗ്രസ് എംപിമാരും കൂറുമാറി വോട്ട് ചെയ്തതായി നേതാക്കൾ വിലയിരുത്തുന്നു.
മുതിർന്ന നേതാവ് ജയറാം രമേശിനായിരുന്നു ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ പ്രധാന ഏകോപന ചുമതല. കൂറുമാറി വോട്ട് ചെയ്തതിൽ അന്വേഷണം വേണമെന്ന് മനീഷ് തിവാരി എംപി പരസ്യമായി ആവശ്യപ്പെട്ടത് കോൺഗ്രസിനകത്തുള്ള തർക്കത്തിൻ്റെ കൂടി സൂചനയായി. അതേസമയം, വൻ വിജയത്തിൽ വലിയ ആവേശത്തിലാണ് എൻഡിഎ ക്യാമ്പ്. പ്രതിപക്ഷ ഐക്യത്തെ മറികടക്കാനായത് വലിയ നേട്ടമായാണ് ബിജെപി വിലയിരുത്തുന്നത്. പ്രതിപക്ഷത്തുണ്ടായ വോട്ട് ചോർച്ച വരും ദിവസങ്ങളിലും ശക്തമായ ആയുധമാക്കാനാണ് തീരുമാനം. വെള്ളിയാഴ്ച സി പി രാധാകൃഷ്ണൻ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന.



