പ്രതിയെ പിടികൂടിയത് 31 വർഷങ്ങൾ കഴിഞ്ഞ്, വിചാരണയിൽ 58കാരനെ തിരിച്ചറിയാൻ സാധിച്ചില്ല, കുറ്റവിമുക്തനാക്കി കോടതി
31 വർഷത്തിന് ശേഷം ആക്രമത്തിനിരയായ വ്യക്തി പ്രതിയെ തിരിച്ചറിയാനും ആക്രമണത്തിന് ഉപയോഗിച്ച് തോക്കും തിരിച്ചറിയാതെ വന്നതോടെയാണ് മുംബൈ സെഷൻസ് കോടതി 58കാരനെ കുറ്റവിമുക്തനാക്കിയത്

മുംബൈ: കൊലപാതക ശ്രമക്കേസിൽ പ്രതിയെ തിരിച്ചറിയാനായില്ല. 58കാരനെ 31 വർഷത്തിന് ശേഷം കുറ്റവിമുക്തനാക്കി കോടതി. 1991ലാണ് കൊലപാതക ശ്രമക്കേസിൽ രാജു ചിക്ന്യ എന്നയാൾ പിടിയിലാവുന്നത്. മുൻ വൈരാഗ്യം മനസിൽ വച്ച് എതിരാളിയെ വെടിവച്ചുവെന്നായിരുന്നു 1991 ഓഗസ്റ്റ് 12ന് രജിസ്റ്റർ ചെയ്ത പരാതി. അന്ന് ഒരു ഗുണ്ടാ ഗ്യാംഗിന്റെ ഭാഗമായിരുന്നു രാജു ചിക്ന്യ എന്ന പേരിൽ അറിയപ്പെടുന്ന വിലാസ് ബാലറാം പവാർ.
31 വർഷത്തിന് ശേഷം ആക്രമത്തിനിരയായ വ്യക്തി പ്രതിയെ തിരിച്ചറിയാനും ആക്രമണത്തിന് ഉപയോഗിച്ച് തോക്കും തിരിച്ചറിയാതെ വന്നതോടെയാണ് മുംബൈ സെഷൻസ് കോടതി 58കാരനെ കുറ്റവിമുക്തനാക്കിയത്. പ്രോസിക്യൂഷൻ വാദം ഒരു പക്ഷേ ശരിയാകാം. എന്നാൽ ഒരു പക്ഷേ ശരിയിൽ നിന്ന് ഇതാണ് ശരിയെന്നതിലേക്ക് എത്താനായാണ് 58കാരനെ വെറുതെ വിടുന്നതെന്ന് വ്യക്തമാക്കിയാണ് കോടതി നടപടി. പ്രോസിക്യൂഷൻ പ്രതിയെ തിരിച്ചറിയുന്നതിൽ പരാജയപ്പെട്ടതായും സെഷൻസ് കോടതി ജഡ്ജ് വിശദമാക്കി.
1992 ഒക്ടോബർ 22നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് വർഷത്തിന് ശേഷമാണ് ഇയാൾക്ക് ജാമ്യം ലഭിച്ചത്. ഇതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയി. 31 വർഷത്തിന് ശേഷം ജനുവരി 3നാണ് അറസ്റ്റിലായത്. മറിയംബി ഷെയ്ഖ് ആണ് ഇയാൾക്കെതിരെ പരാതി നൽകിയത്. ഇവരുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ പ്രതി ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഭർത്താവിനെ വെടിവച്ച് വീഴ്ത്തിയെന്നായിരുന്നു പരാതി. പ്രതീ വീണ്ടും അറസ്റ്റിലായതിന് പിന്നാലെ വിചാരണ ആരംഭിച്ചെങ്കിലും വെടിയേറ്റ ഷൌക്കത്തലിക്ക് പ്രായാധിക്യം മൂലം പ്രതിയെ തിരിച്ചറിയാൻ സാധിക്കാതെ വരികയായിരുന്നു. പ്രതിയുടെ വസ്ത്രം മാത്രമാണ് വെടിയേറ്റയാൾക്ക് തിരിച്ചറിയാൻ സാധിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
