മുംബൈ: ചരിത്രത്തിലാദ്യമായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച താക്കറെ കുടുംബാംഗം ആദിത്യ താക്കറയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്നാണ് ശിവസേന  വിശേഷിപ്പിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രി പദത്തിനായി ആരുടെയും പിന്നാലെ നടക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആദിത്യ താക്കറെ. മുംബൈ നഗരത്തിലെ വോര്‍ളി മണ്ഡലത്തില്‍ നിന്നാണ് ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെയുടെ മകനും യൂത്ത് സേന അധ്യക്ഷനുമായ ആദിത്യ താക്കറെ മത്സരിക്കുന്നത്.

ബിജെപിയെകാൾ കുറവ് സീറ്റിൽ മത്സരിക്കുന്നത് പാർട്ടിക്ക് ക്ഷീണമാകില്ലെന്നാണ് ആദിത്യ താക്കറെ പറയുന്നത്. ശരദ് പവാറിനെതിരായ കേസിനെക്കുറിച്ച് അഭിപ്രായം പറയില്ല. പ്രതിപക്ഷ എംഎൽഎമാർ ശിവസേനയിലെത്തുന്നത് വികസന രാഷ്ട്രീയം കൊണ്ടാണെന്നും വര്‍ളിയില്‍ വിജയം ഉറപ്പെന്നും ആദിത്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബാല്‍താക്കറെയുടെ കൊച്ചുമകനായ ആദിത്യ, താക്കറെ കുടുംബത്തില്‍ നിന്ന് ആദ്യമായി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനിറങ്ങുന്നത് വ്യക്തമായ ലക്ഷ്യം മുന്‍നിര്‍ത്തിയാണ്. മുഖ്യമന്ത്രി പദമാണ് ലക്ഷ്യമെങ്കിലും ബിജെപി വഴങ്ങിയിട്ടില്ല. തെരഞ്ഞെടുപ്പില്‍ ശിവസേന മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്തിന് അരയും തലയും മുറുക്കി പാര്‍ട്ടി രംഗത്തെത്തുമെന്നുറപ്പാണ്.