അപ്ലൈഡ് സൈക്കോളജി ഡിപ്പാര്‍മെന്‍റിലെ പ്രഫസറാണ് വധുവിനെപ്പോലെ ഒരുങ്ങി വിദ്യാര്‍ഥിയെ വിവാഹം കഴിച്ചത്. ഇരുവരും ക്ലാസിലെ ബോർഡിന് സമീപം നില്‍ക്കുന്നതും പരസ്പരം പൂമാല പരസ്പരം കഴുത്തിലണിയുന്നതും വിദ്യാര്‍ഥി അധ്യാപികയുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തുന്നതും വീഡിയോയിൽ കാണാം.
കൊൽക്കത്ത: ക്ലാസ്മുറിയിൽ വെച്ച് കോളേജ് അധ്യാപിക ഒന്നാം വർഷ ബിരുദ വിദ്യാർഥിയെ വിവാഹം കഴിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ബംഗാളിലെ മൗലാന അബ്ദുള്‍ കലാം ആസാദ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിലാണ് വിവാദമായ സംഭവം. ക്ലാസ് മുറിയിൽ വെച്ച് മറ്റ് കുട്ടികളുടെ സാന്നിധ്യത്തിൽ പരസ്പരം മാലയിട്ട് വിവാഹിതരാകുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇതിന് പിന്നാലെ കോളേജ് അധികൃതർ അധ്യാപികയോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കി.
ഒരു പ്രൊജക്ടിന്‍റെ ഭാഗമായിട്ടാണ് വിദ്യാർഥിയുമായുള്ള വിവാഹം നടന്നതെന്നാണ് അധ്യാപികയുടെ വാദം. എന്നാൽ കോളേജ് അധികൃതർ അധ്യാപികയോട് അവധിയിൽ പോകാൻ നിർദ്ദേശിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അപ്ലൈഡ് സൈക്കോളജി ഡിപ്പാര്‍മെന്‍റിലെ പ്രഫസറാണ് വധുവിനെപ്പോലെ ഒരുങ്ങി വിദ്യാര്‍ഥിയെ വിവാഹം കഴിച്ചത്. ഇരുവരും ക്ലാസിലെ ബോർഡിന് സമീപം നില്‍ക്കുന്നതും പരസ്പരം പൂമാല കഴുത്തിലണിയുന്നതും വിദ്യാര്‍ഥി അധ്യാപികയുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തുന്നതും വീഡിയോയിൽ കാണാം. ചിലർ മൊബൈലിൽ വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ഇത് വ്യാപകമായി പ്രചരിച്ചതോടെയാണ് കോളജ് അധികൃതർ അധ്യാപികയോട് വിശദീകരണം ചോദിച്ചത്.
എന്നാൽ ക്യാംപസിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി നടത്തുന്ന ഫ്രെഷേഴ്സ് ഡേയുടെ ഭാഗമായി തമാശക്കാണ് വിവാഹം നടന്നതെന്നാണ് അധ്യാപികയുടെ വാദം. തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ അത് ആരൊക്കെയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നുവെന്നും അവർ പറയുന്നു. വ്യാജ പ്രചരണം നടത്തി വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ പൊലീസിൽ പരാതി നൽകുമെന്നും അധ്യാപിക പ്രതികരിച്ചു. കോളേജ് അധികൃതർ വിഷയം ഗൗരവമായി എടുത്തിട്ടുണ്ട്.
വീഡിയോ സംബന്ധിച്ച് പ്രത്യേക കമ്മിറ്റി രൂപികരിച്ച് അന്വേഷണം നടത്തുമെന്ന് വൈസ് ചാന്‍സലര്‍ തപസ് ചക്രബൊര്‍ത്തി വ്യക്തമാക്കി. അനുചിതമായി ഒന്നുമില്ലെന്നും വീഡിയോ സോഷ്യൽ മീഡിയയിൽ മോശമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് അധ്യാപികയോട് അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടതെന്നും വിസി പറഞ്ഞു. അതേസമയം അധ്യാപികയുടെ വീഡിയോക്കെതിരെ ബംഗാളിലെ അധ്യാപക സംഘടനകള്‍ രംഗത്തെത്തി. അധ്യാപികയുടെ പ്രവര്‍ത്തി ഒരിക്കലും ന്യായീകരിക്കാനാകുന്നതല്ലെന്നും നടപടി വേണമെന്നുമാണ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് യൂണിയൻ പ്രതികരിച്ചത്.
Read More : പാകിസ്ഥാനിൽ നിന്ന് കുടിയേറി പൗരത്വം ലഭിച്ച ഹിന്ദുക്കൾ ദില്ലി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യും
