Asianet News MalayalamAsianet News Malayalam

തുടര്‍ച്ചയായ രണ്ടാം ദിവസവും വിജയിയെ ചോദ്യം ചെയ്യുന്നു; ബിഗിലിന്‍റെ ഡിസ്ട്രിബ്യൂട്ടർമാരുടെ ഓഫീസിലും റെയ്‍ഡ്

മധുരയിലും ചെന്നൈയിലുമായാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്. എജിഎസ് ഗ്രൂപ്പിന്‍റെ സ്ഥാപനങ്ങളിലും പരിശോധന നടക്കുകയാണ്. 

vijay is being questioned for the second day
Author
Chennai, First Published Feb 6, 2020, 10:09 AM IST

ചെന്നൈ: ആദായനികുതി വകുപ്പ് ഇന്നലെ കസ്റ്റഡിയില്‍ എടുത്ത തമിഴ്‍ നടന്‍ വിജയിയെ ചോദ്യം ചെയ്യുന്നതിനായി കൂടുതല്‍ ഉദ്യോഗസ്ഥരെത്തി. ആദായ നികുതി വകുപ്പിലെ നാല് ഉദ്യോഗസ്ഥർ കൂടി വിജയിയുടെ വസതിയിലെത്തി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വിജയിയെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നത്. ബിഗിൽ സിനിമയുടെ ഡിസ്ട്രിബ്യൂട്ടർമാരുടെ ഓഫീസിലും വസതികളിലും റെയ്ഡ് നടക്കുന്നുണ്ട്. മധുരയിലും ചെന്നൈയിലുമായാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്.

ബിഗിൽ നിർമ്മാതക്കളായ എജിഎസ് ഫിലിംസ് ഗ്രൂപ്പിന്‍റെ സ്ഥാപനങ്ങളിലും പരിശോധന നടക്കുകയാണ്. എജിഎസ് ഫിലിംസിന് സാമ്പത്തിക സഹായം നൽകിയ ഓഫീസിൽ നിന്ന് 65 കോടി പിടിച്ചെടുത്തു. വ്യവസായി അൻബു ചെഴിയന്‍റെ ഓഫീസിൽ നിന്നാണ് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയത്. ചെന്നൈയിലെ  ഓഫീസിൽ നിന്ന് 50 കോടിയും മധുരയിൽ നിന്ന് 15 കോടിയും പിടിച്ചെടുത്തു

സിനിമ ബിഗിലിന്‍റെ നിര്‍മ്മാതാക്കളുടെ കണക്കും വിജയിയുടെ പക്കലുള്ള രേഖകളും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് ആദാനയനികുതി വകുപ്പ് പറഞ്ഞു. സിനിമ ബിഗിലിന് വിജയ് പ്രതിഫലം വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തു. കേന്ദ്ര സര്‍ക്കാരിനും അണ്ണാ ഡിഎകെയ്ക്കുമെതിരായ വിമര്‍ശനങ്ങളുടെ പേരിലെ വിവാദം കെട്ടടങ്ങും മുമ്പാണ് ഇളയദളപതിക്കെതിരെ ആദായ നികുതി വകുപ്പ് നടപടി. 

കടലൂരിലെ മാസ്റ്റേസ് സിനിമയുടെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ എത്തിയാണ് സമന്‍സ് ഉദ്യോഗസ്ഥര്‍ വിജയിയ്ക്ക് കൈമാറിയത്. ചോദ്യം ചെയ്യലിന് സഹകരിക്കാമെന്ന് അറിയിച്ച വിജയിയെ, ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കാറില്‍കയറ്റി കൊണ്ടുപോയി. ബിഗില്‍ സിനിമയുടെ നിര്‍മ്മാതാക്കളായ എജിഎസ് ഫിലിംസിന്‍റെ പണമിടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍.ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചതില്‍ ക്രമക്കേടുണ്ടോയെന്നും പരിശോധിക്കുന്നു. എജിഎസ് ഫിലിംസിന്‍റെ ചെന്നൈയില്‍ ഉള്‍പ്പടെയുള്ള ഓഫീസുകളില്‍ കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.

ഇതിന്‍റെ തുടര്‍ച്ചയായി നടപടിയെന്നാണ് വിശദീകരണം. വിജയിയെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മാസ്റ്റേഴ്സിന്‍റെ ഷൂട്ടിങ്ങ് തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു. ചെന്നൈ സാലിഗ്രാമത്തിലെ വിജയിയുടെ വസതിയിലും ആദായനികുതി വകുപ്പ് പരിശോധന നടത്തി. ജിഎസ്ടി, നോട്ട് റദ്ദാക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ നരേന്ദ്രമോദി സര്‍ക്കാരിനെ പരിഹസിച്ചുള്ള വിജയ് ചിത്രത്തിലെ രംഗങ്ങള്‍ തമിഴകത്ത് സമാനതകളില്ലാത്ത വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ജോസഫ് വിജയിയെന്നഴുതിയ കോലം കത്തിച്ചും ഫ്ലക്സുകള്‍ കീറിയുമാണ് അന്ന് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ബിജെപി അനുകൂല പ്രസ്താവനകള്‍ക്ക് പിന്നാലെ രജനീകാന്തിനെതിരായ നികുതി കേസുകള്‍ ആദായ നികുതി അവസാനിപ്പിച്ചത് ദിവസങ്ങള്‍ക്ക് മുമ്പ്. ഇതിന് പിന്നാലെയാണ് വിജയിക്ക് എതിരായ നടപടി. 
 


 

Follow Us:
Download App:
  • android
  • ios